SignIn
Kerala Kaumudi Online
Thursday, 25 June 2026 8.40 AM IST

ഡോ. വന്ദന കൊലക്കേസ്: സന്ദീപിന്റെ കുറ്റം ശരിവച്ച് കോടതി

father

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിലെ ഡോ. വന്ദനാദാസ് (23) കൊലക്കേസിൽ പ്രതി കുടവട്ടൂർ മാരൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ സന്ദീപിന്റെ (44) ക്രൂരത ശരിവച്ച് കൊല്ലം അഡിഷണൽ സെഷൻസ് കോടതി. കൃത്യം ചെയ്യുമ്പോൾ അദ്ധ്യാപകനായിരുന്ന പ്രതി മാനസിക വിഭ്രാന്തിലായിരുന്നെന്നും കൊലക്കുറ്റം നിലനിൽക്കില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം സെഷൻസ് ജഡ്ജ് പി.എൻ. വിനോദ് തള്ളി. നാളെ (19ന്) ശിക്ഷ സംബന്ധിച്ച വാദത്തിന് ശേഷം അന്നുതന്നെ ശിക്ഷ വിധിച്ചേക്കും.

കേസിൽ നിന്ന് രക്ഷപ്പെടാൻ മാനസികരോഗമുള്ളതുപോലെ പെരുമാറി സ്‌കിസോഫ്രീനിയ ഉണ്ടെന്ന മെഡിക്കൽ റിപ്പോർട്ട് പ്രതി സംഘടിപ്പിച്ചിരുന്നു. എന്നാൽ പിടിയിലായതിന് പിന്നാലെ നടത്തിയ രണ്ട് മെഡിക്കൽ പരിശോധനകളിലും മാനസിക പ്രശ്നങ്ങളില്ലെന്നായിരുന്നു റിപ്പോർട്ട്. ഒപ്പം പ്രതി സാധാരണ നിലയിലാണ് പെരുമാറിയിരുന്നതെന്ന സഹപ്രവർത്തകരുടെ മൊഴിയും ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗത്തിന്റെ വാദം പ്രോസിക്യൂഷൻ പൊളിച്ചത്.

ഡോ. വന്ദനാദാസിനെയും ആശുപത്രി ജീവനക്കാരെയും ഭീഷണിപ്പെടുത്തിയതിന് കുറ്റപത്രത്തിൽ ചുമത്തിയിരുന്ന ഐ.പി.സി 567(2) വകുപ്പ് മാത്രമാണ് കോടതി നിരാകരിച്ചത്.

കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന എം.എം. ജോസാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ 70 സാക്ഷികൾക്കൊപ്പം 207 രേഖകളും 23 തൊണ്ടിവസ്തുക്കളും ഹാജരാക്കി. പ്രതിഭാഗം മൂന്ന് സാക്ഷികളെ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ശ്രീദേവി പ്രതാപ്, അഡ്വ.ശില്പ ശിവൻ, അഡ്വ. ഹരീഷ് കാട്ടൂർ, അഡ്വ.മഹേശ്വർ പടിക്കൽ, നീരജ ഷാജി എന്നിവർ ഹാജരായി.

 ആശുപത്രിയിൽ കൊല്ലപ്പെട്ട ആദ്യ ഡോക്ടർ

കേരളത്തിലെ ആശുപത്രിയിൽ കൊല്ലപ്പെട്ട ആദ്യ ഡോക്ടറാണ് ഹൗസ് സർജനായിരുന്ന ഡോ. വന്ദനാദാസ്. 2023 മേയ് 10ന് പുലർച്ചെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. കാലിനേറ്റ പരിക്കിൽ മരുന്നുവയ്‌ക്കാനാണ് സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആശുപത്രിയിലെത്തിച്ചത്. ഇതിനിടെ അക്രമാസക്തനായ ഇയാൾ ഒബസർവേഷൻ റൂമിൽ നിന്ന് കൈക്കലാക്കിയ കത്രികയ്‌ക്ക് ഡോ. വന്ദനാദാസിന്റെ കഴുത്തിലും മുഖത്തും തലയിലും കുത്തുകയായിരുന്നു. നിലത്തുവീണപ്പോൾ ദേഹത്ത് കയറിയിരുന്ന് പിൻകഴുത്തിലും കുത്തി. വന്ദനയെ ആദ്യം കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും 8.15ന് മരിച്ചു.

കോട്ടയം കടുത്തുരുത്തി കുറ്റിച്ചിറ നമ്പിച്ചിറകാലയിൽ വീട്ടിൽ കെ.ജി. മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളായിരുന്നു. മിയണ്ണൂർ അസീസിയ മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് പഠനത്തിന്റെ ഭാഗമായാണ് വന്ദനാദാസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VANDANA DAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA