SignIn
Kerala Kaumudi Online
Friday, 05 June 2026 12.45 AM IST

രാഷ്‌ട്രീയ ഗുരുവിന്റെ വീട്ടിലെത്തി കണ്ണുനിറഞ്ഞ് വിതുമ്പിക്കരഞ്ഞു, ജി കാർത്തികേയന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച് വി ഡി സതീശൻ

READ ENGLISH VERSION
vd-satheesan

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കും മുൻപ് തന്റെ രാഷ്‌ട്രീയ ഗുരുനാഥന്റെ വീട് സന്ദർശിച്ച് വി ഡി സതീശൻ. കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന അന്തരിച്ച ജി കാർത്തികേയന്റെ ശാസ്‌തമംഗലത്തെ വീട്ടിലെത്തിയ സതീശൻ അദ്ദേഹത്തിന്റെ ഓർമ്മയിൽ വിതുമ്പികരഞ്ഞു. ജി.കാർത്തികേയന്റെ ഭാര്യ ഡോ.എം.ടി സുലേഖയും മകൻ കെ എസ് ശബരീനാഥനും നിയുക്ത മുഖ്യമന്ത്രിയെ സ്വീകരിച്ചു. 'ചീഫ് മിനിസ്റ്റർ അങ്ങനെ കരയരുത്. ചീഫ് മിനിസ്‌റ്റർക്ക് അങ്ങനെ കരച്ചിലൊന്നും വരരുത്.' എന്ന് സുലേഖ അദ്ദേഹത്തെ ആശ്വസിപ്പിച്ചു.

ജി കാർത്തികേയൻ എന്ന വലിയ മനുഷ്യന്റെ വിരൽതുമ്പിൽ തൂങ്ങിയാണ് താൻ മുഖ്യധാര രാഷ്‌ട്രീയത്തിലെത്തിയതെന്നും അദ്ദേഹത്തിന്റെ കുടുംബം തന്റെ സ്വന്തം കുടുംബമാണെന്നും വി ഡി സതീശൻ പറഞ്ഞു. 'സാറല്ലേ എന്നെ എല്ലാം ആക്കിയത്, ഏറെ കടപ്പാടുള്ളത് സാറിനോടാണ്.' അദ്ദേഹം വ്യക്തമാക്കി.

സതീശനിൽ അസാമാന്യ നേതൃപാടവം ജി കെ അന്നേ കണ്ടിരുന്നെന്നും അദ്ദേഹം കണ്ടെത്തിയ ആ വ്യക്തി ഇന്ന് വലിയ ഉയരത്തിലെത്തിയതിൽ സന്തോഷമുണ്ടെന്നും ഡോ.സുലേഖ അറിയിച്ചു.

'1996ലും 2001ലും ഞാൻ നിയമസഭയിലേക്ക് മത്സരിക്കണമെന്ന് എകെ ആന്റണിയോടും കെ കരുണാകരനോടും പറഞ്ഞത് കാർത്തികേയൻ സാറായിരുന്നു. എംഎൽഎയായാൽ പാർട്ടിക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു. സുലേഖ ടീച്ചർ എന്നും എന്നോട് വാത്സല്യം കാട്ടി.' വി ഡി സതീശൻ പറഞ്ഞു. ജി കാർത്തികേയന്റെ മക്കൾ തന്റെ സഹോദരങ്ങളാണെന്നും ഈ വീട് സ്വന്തം ഇടമാണെന്നും സതീശൻ വ്യക്തമാക്കി. കേരളം എന്നും ഓർക്കുന്ന നല്ല മുഖ്യമന്ത്രിയാകാൻ സതീശന് സാധിക്കട്ടെയെന്ന് ഡോ സുലേഖ ആശംസിച്ചു. ജി കാർത്തികേയന്റെ കൊച്ചുമക്കളടക്കം മറ്റ് കുടുംബാംഗങ്ങളെ അദ്ദേഹത്തിന് അവർ പരിചയപ്പെടുത്തി. നടൻ ജഗദീഷും നിർമ്മാതാവ് രഞ്ജിത്തും ആ സമയം വീട്ടിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VD SATHEESAN, G KARTHIKEYAN, HOME VISIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA