SignIn
Kerala Kaumudi Online
Thursday, 25 June 2026 12.44 PM IST

എ.ഡി.ബിക്കായി വെള്ളക്കരം കൂട്ടിയെന്ന് പ്രതിപക്ഷം

water-bill

ജലഅതോറിട്ടിയുടെ നഷ്ടം നികത്താനെന്ന് മന്ത്രി റോഷി

നിയമസഭയിൽ പ്രതിപക്ഷ വാക്കൗട്ട്

തിരുവനന്തപുരം: വെള്ളക്കരം കൂട്ടിയത് എ.ഡി.ബിക്ക് (ഏഷ്യൻ വികസന ബാങ്ക്) വേണ്ടിയാണെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു. സൗജന്യ ജലവിതരണം 35ശതമാനത്തിൽ നിന്ന് ഇരുപതാക്കി കുറയ്ക്കാനും എ.ഡി.ബിയുടെ കരാറിനായി വരുമാനം ഉയർത്തി കാട്ടാനുമാണ് വെള്ളക്കരം വർദ്ധിപ്പിച്ചതെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച കോൺഗ്രസിലെ എം.വിൻസെന്റ് ആരോപിച്ചു. വെള്ളക്കരം വർദ്ധിപ്പിച്ചത് ജലഅതോറിട്ടിയുടെ നഷ്ടം നികത്താനാണെന്നും എ.ഡി.ബിയുമായി ബന്ധമില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. വെള്ളക്കരം വർദ്ധനയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ജലഅതോറിട്ടിയുടെ സഞ്ചിത നഷ്ടം 4911.42 കോടിയാണെന്ന് മന്ത്രി പറഞ്ഞു. 2,567കോടിയുടെ ബാദ്ധ്യതയുണ്ട്. കെ.എസ്.ഇ.ബിക്ക് 1263കോടി നൽകാനുണ്ട്. നിരക്കുവർദ്ധനയിലൂടെ 400കോടി അധികം കിട്ടും. ഒരു കിലോ ലിറ്റർ വെള്ളം വിതരണം ചെയ്യാൻ 22.85 രൂപ ചെലവുണ്ട്. ലഭിക്കുന്നത് 10.92 രൂപമാത്രമാണ്. 11.93 രൂപ നഷ്ടമാണ്. നഷ്ടം സഹിച്ച് ഇനിയും മുന്നോട്ടു പോകാനാവില്ല. ജല ഉപയോഗം കുറയ്ക്കാൻ സമൂഹത്തെ പഠിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

വർഷംതോറും വെള്ളക്കരം അഞ്ചു ശതമാനം ഉയർത്തണമെന്നും അഞ്ചു വർഷം കഴിയുമ്പോൾ 500 കോടിയുടെ ലാഭമുണ്ടാകുമെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ വായ്പാ വ്യവസ്ഥ അനുസരിച്ചാണ് വെള്ളക്കരം കൂട്ടിയതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ വാക്കൗട്ട് പ്രസംഗത്തിൽ പറഞ്ഞു. കണക്ഷനുകളുടെ എണ്ണം കൂടുന്നതിനാൽ അഞ്ചു വർഷം കൊണ്ട് ലാഭം 1000കോടിയായി ഉയരും. കുടിശിക പിരിക്കുന്നതിലെ വീഴ്ച സാധാരണക്കാരുടെ തലയിൽ കെട്ടിവയ്ക്കുകയാണ്. വെള്ളം കിട്ടാത്തിടത്തും ബിൽ നൽകുന്നുണ്ട്. ജനങ്ങളോട് ശത്രുക്കളോടെന്ന പോലെയാണ് സർക്കാരിന്റെ പെരുമാറ്റം- സതീശൻ പറഞ്ഞു.

ആരാച്ചാർക്കുള്ള ദയപോലും

സർക്കാരിനില്ല: വിൻസെന്റ്

മരണക്കിടക്കയിലുള്ളവർ ഒരിറ്റു വെള്ളം ചോദിച്ചാൽ അതിനും എം.എൽ.എമാർ കത്തു നൽകണമെന്ന് മന്ത്രി പറയുമോയെന്ന് എം.വിൻസെന്റ് ചോദിച്ചു. ആരാച്ചാർക്കുള്ള ദയപോലും സർക്കാരിനില്ല. ആരാച്ചാരോട് ചോദിച്ചാൽ പോലും കുടിക്കാൻ വെള്ളം നൽകും. ശ്വസിക്കുന്ന വായുവിനുപോലും സർക്കാർ നികുതി ഈടാക്കാനിടയുണ്ട്. ജലജീവൻ മിഷൻ വന്നതോടെ 14 ലക്ഷം പേർ പുതുതായി കണക്ഷനെടുത്തു. സ്വന്തമായി കണക്‌ഷൻ എടുക്കാൻ വഴിയില്ലാത്ത, ഇത്തരക്കാരെ നിരക്കു വർദ്ധന ബാധിക്കുമെന്നും വിൻസെന്റ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WATER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA