SignIn
Kerala Kaumudi Online
Saturday, 01 August 2026 4.57 PM IST

കോവളം - ബേക്കൽ ജലപാതയിൽ ടൂറിസം പദ്ധതികൾ നടപ്പാക്കും

READ ENGLISH VERSION

kavali

കൊച്ചി: കോവളം - ബേക്കൽ ( കാസർകോട് ) ജലപാതയിൽ ടൂറിസം, വാണിജ്യ പദ്ധതികൾക്ക് സാദ്ധ്യതാപഠനം പുരോഗമിക്കുന്നു. മലബാർ മേഖലയ്‌ക്ക് പ്രത്യേക പരിഗണന നൽകി വിശദമായ പദ്ധതി റിപ്പോർട്ടും തയ്യാറാക്കും. പൊതു സ്വകാര്യ പങ്കാളിത്തത്തിൽ (പി.പി.പി) നടപ്പാക്കും.

കൊല്ലം - കോട്ടപ്പുറം ദേശീയ ജലപാത ഉൾപ്പെടെ വെസ്റ്റ്കോസ്റ്റ് കനാലുമായി ബന്ധിപ്പിച്ചാണ് പദ്ധതികൾ. ജലപാത 13 ഭാഗങ്ങളായി തിരിച്ചാണ് സാദ്ധ്യതാപഠനം. രണ്ടിടത്തെ പഠനം പൂർത്തിയായി. നാലിടത്ത് അവസാനഘട്ടത്തിലാണ്.

കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പും കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയും (സിയാൽ) ചേർന്ന് രൂപീകരിച്ച കേരള വാട്ടർവേയ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് (ക്വിൽ) കമ്പനിയാണ് കോവളം- ബേക്കൽ ജലപാത വികസിപ്പിക്കുന്നത്. ക്വിൽ നിയോഗിച്ച ഏജൻസികളാണ് ഡി.പി.ആർ തയ്യാറാക്കുന്നത്.

ജലകേളികൾ ഉൾപ്പെടെ ടൂറിസം പദ്ധതികൾ, മത്സ്യസംസ്‌കരണ കേന്ദ്രങ്ങൾ, ഭക്ഷ്യസംരംഭങ്ങൾ തുടങ്ങിയവ ആവിഷ്‌കരിക്കുമെന്ന് ക്വിൽ വൃത്തങ്ങൾ 'കേരളകൗമുദി"യോട് പറഞ്ഞു.

സ്ഥലം സർക്കാർ ഏറ്റെടുത്ത് സംരംഭകർക്ക് പാട്ടത്തിന് നൽകും. പ്രദേശവാസികൾക്ക് സാമ്പത്തിക നേട്ടമുള്ള പദ്ധതികൾക്കാണ് മുൻഗണന. ടൂറിസത്തിനാണ് പ്രാധാന്യം. സോളാർ, വൈദ്യുത, ഹൈഡ്രജൻ ബോട്ടുകൾ ഉപയോഗിച്ചുള്ള ടൂറിസം പദ്ധതികൾക്ക് സംരംഭകർ താത്പര്യം അറിയിച്ചിട്ടുണ്ട്.

കോവളം, തിരുവനന്തപുരത്തെ പാർവതി പുത്തനാർ, അഷ്‌ടമുടിക്കായൽ, നീലേശ്വരം, കഠിനംകുളം കായൽ, വളപട്ടണം പുഴ, കോട്ടപ്പുറം, പറശിനിക്കടവ്, കോഴിക്കോട് കനോലി കനാൽ എന്നിവിടങ്ങളിൽ ടൂറിസം സാദ്ധ്യതകൾ കണ്ടെത്തിയിട്ടുണ്ട്. കനാലുകൾ സജ്ജമായാൽ ഹൗസ് ബോട്ടുകൾ മലബാർ മേഖലകളിലും ഓടിക്കാം. ചെറുകിട തുറമുഖങ്ങളെ കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങളുമായി ബന്ധിപ്പിച്ച് ചരക്ക് കടത്താം. ചെറിയകപ്പലുകളും ബാർജുകളും ഉപയോഗിച്ച് രാസവസ്തുക്കൾ, പെട്രോളിയം ഉത്പന്നങ്ങൾ, കണ്ടെയ്‌നറുകൾ തുടങ്ങിയവ കൊണ്ടുപോകാമെന്നും ക്വിൽ അധികൃതർ പറഞ്ഞു.

കോവളം - ബേക്കൽ ജലപാത

620 കിലോമീറ്റർ

വികസനം ക്വിൽ

ചെലവ് 6,000 കോടി

ഫണ്ട് കിഫ്ബി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOVALAM BAKEL WATERWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA