SignIn
Kerala Kaumudi Online
Sunday, 13 September 2026 10.11 PM IST

വയനാട് പുനരധിവാസം; കർണാടക, തെലങ്കാന സർക്കാരുകൾ സ്വന്തം നിലയ്ക്ക് ഭൂമി വാങ്ങി വീട് വച്ചുനൽകാൻ തയ്യാർ

wayanad-landslide

കൽപ്പറ്റ: വയനാട് പുനരധിവാസത്തിനായി സ്വന്തം നിലയ്ക്ക് ഭൂമി വാങ്ങി വീടുവയ്ക്കാനുള്ള സന്നദ്ധത കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ അറിയിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. കേരള സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കിലായിരിക്കും അയൽ സംസ്ഥാനങ്ങൾ ഇത്തരത്തിൽ വീട് വച്ചുനൽകുന്നതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. കൊല്ലത്ത് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച വീടുകള്‍ക്ക് സ്ഥലം ഏറ്റെടുത്ത് കൊടുക്കാന്‍ പോലും കേരള സര്‍ക്കാരിനായിട്ടില്ല. ഇരുസര്‍ക്കാരുകളും നിരന്തരം ഇക്കാര്യം ആവശ്യപ്പെട്ടിട്ടും കേരളസര്‍ക്കാര്‍ ആശയവിനിമയം പോലും നടത്തിയില്ല. വയനാട് പുനരധിവാസത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രാഷ്ട്രീയം കളിക്കരുത്. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കേരള എംപിമാര്‍ അമിത്ഷായെ കണ്ട് കേന്ദ്ര സഹായം അടിയന്തരമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. നിരുത്തരവാദപരമായ നിലപാടാണ് സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ സ്വീകരിക്കുന്നത്.

പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്‌സ് അസസ്‌മെന്റ് (പിഡിഎന്‍എ) റിപ്പോര്‍ട്ട് വൈകിയെന്നതിന്റെ പേരില്‍ കേന്ദ്രം സഹായം നിഷേധിക്കുന്നതിനോട് യോജിക്കാനാവില്ല. മഴക്കെടുതി ദുരിതമനുഭവിക്കുന്ന തമിഴ്‌നാടിന് കേന്ദ്ര സര്‍ക്കാര്‍ 944 കോടി നല്‍കിയത് നല്ലകാര്യം തന്നെയാണ്. എന്നാല്‍ വയനാട് ദുരന്തം സംഭവിച്ച് നാലുമാസം പിന്നിട്ടിട്ടും സഹായമില്ല. കേരളത്തിനും അര്‍ഹമായ കേന്ദ്രസഹായം നല്‍കണം. പ്രധാനമന്ത്രിയും കേന്ദ്രസംഘവും ദുരന്തസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതി മനസിലാക്കിയിട്ടും അടിയന്തര സഹായമായി തുക അനുവദിക്കാത്തത് ശരിയല്ല. ഇത് വയനാടിനെയും അവിടത്തെ ജനങ്ങളെയും ശിക്ഷിക്കുന്നതിന് തുല്യമാണ്.

വിശദമായ റിപ്പോര്‍ട്ട് സംസ്ഥാനം സമര്‍പ്പിക്കുന്ന മുറയ്ക്ക് കൂടുതല്‍ പണം അനുവദിച്ചാല്‍ മതിയെങ്കിലും അടിയന്തര പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക കേന്ദ്രസര്‍ക്കാര്‍ മുന്‍കൂര്‍ നല്‍കണം. കേന്ദ്രസഹായം വൈകുന്നതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറിനില്‍ക്കരുത്. സംസ്ഥാന സര്‍ക്കാര്‍ അവരുടെ ഉത്തരവാദിത്തം നിര്‍വഹിക്കണം. കേന്ദ്രം ഇതുവരെ അനുവദിച്ച എന്‍ഡിആര്‍എഫ് ഫണ്ടിലുള്ള പണം ഉപയോഗിച്ച് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എന്തിനാണ് കാലതാമസം? സംസ്ഥാന സര്‍ക്കാര്‍ കടമ നിറവേറ്റുന്നതില്‍ വീഴ്ചവരുത്തിയതിനാലാണ് ഹൈക്കോടതിക്ക് രൂക്ഷമായി വിമര്‍ശിക്കേണ്ടി വന്നത്. ഹൈക്കോടതിയുടെ വിമര്‍ശനം കേരള ജനതയുടെ വിമര്‍ശനമാണ്'- കെ സി വേണുഗോപാല്‍ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAYANAD LANDSLIDE, KC VENUGOPAL, KARNATAKA, TELANGANA, REHABITATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA