കൊച്ചി: കൊച്ചിയിലേക്ക് ഒഴുകുന്ന കിലോക്കണക്കിന് മാരക രാസലഹരിയുടെ ഉറവിടങ്ങൾ പഞ്ചാബിലെയും രാജസ്ഥാനിലെയും പാകിസ്ഥാൻ അതിർത്തി ഗ്രാമങ്ങളിൽ നിന്നാണെന്ന് തേടിയുള്ള എക്‌സൈസ് അന്വേഷണത്തിൽ കണ്ടെത്തൽ. കൊച്ചിയിൽ അടുത്തിടെ പിടിയിലായ ലഹരി സംഘങ്ങളിലെ പ്രധാനികളുടെ ഫോൺ വിവരങ്ങളും മൊബൈൽ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് റാക്കറ്റിന്റെ കേന്ദ്രങ്ങളെക്കുറിച്ച് വിവരം ലഭിച്ചത്. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘങ്ങളുമായി നേരിട്ട് ബന്ധമുള്ള പ്രദേശവാസികളുമായി അടുപ്പം സ്ഥാപിച്ചാണ് മലയാളി സംഘങ്ങൾ കൊച്ചിയിലേക്ക് എം.ഡി.എം.എ ഉൾപ്പെടെ രാസലഹരികൾ എത്തിക്കുന്നത്.
ഇന്ത്യ-പാകിസ്ഥാൻ അതിർത്തി പ്രദേശങ്ങളിൽ നിന്ന് വളരെ കുറഞ്ഞ വിലയ്ക്ക് നേരിട്ട് രാസലഹരി ലഭിക്കുമെന്നതാണ് ലഹരി മാഫിയയെ ഇത്തരം മേഖലകളിലേക്ക് അടുപ്പിക്കുന്നത്. ഡ്രോണുകൾ വഴിയും രഹസ്യ ടണൽ വഴിയും മറ്റും അതിർത്തി കടന്നെത്തുന്ന മാരക ലഹരിവസ്തുക്കൾ രാജസ്ഥാനിലെയും പഞ്ചാബിലെയും ഏജന്റുമാർ പ്രാദേശികമായി സംഭരിച്ചുവയ്‌ക്കുകയാണ് ചെയ്യുന്നത്. ഇടനിലക്കാരെ ഒഴിവാക്കി കേന്ദ്രങ്ങളിൽ നേരിട്ടെത്തി കുറഞ്ഞ നിരക്കിൽ ലഹരി വാങ്ങുമ്പോൾ വൻ ലാഭമാണ് ലഭിക്കുന്നത്.
ലാഭം പത്തിരിട്ടി
ഉത്തരേന്ത്യൻ അതിർത്തികളിൽ നിന്ന് ഗ്രാമിന് 500 രൂപ നിരക്കിൽ വാങ്ങുന്ന ലഹരിമരുന്നുകൾ കൊച്ചിയിലെത്തിക്കുമ്പോൾ പത്തിരട്ടിയിലധികം വിലയ്ക്കാണ് വിൽക്കുന്നത്. ആഡംബര വാഹനങ്ങളിലും അന്തർസംസ്ഥാന ബസുകളിലും രഹസ്യ അറകൾ നിർമ്മിച്ച് ലഹരിമരുന്നുകൾ കൊച്ചിയിലെത്തിക്കുകയാണ് രീതി. പരിശോധനകൾ ഒഴിവാക്കാൻ യാത്രകളിൽ സ്ത്രീകളെയും യുവാക്കളെയും കാരിയർമാരായി ഉപയോഗിക്കുന്നുണ്ട്.
അന്വേഷണം കടുപ്പിച്ചു
അന്തർസംസ്ഥാന ലഹരി ശൃംഖലയുടെ വേരുകൾ തേടി എക്‌സൈസിന്റെ പ്രത്യേകസംഘം അന്വേഷണം ഊർജ്ജിതമാക്കി. കൊച്ചിയിലെ പ്രാദേശിക വിതരണക്കാരെ മാത്രം കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണം കൊണ്ട് ലഹരിയുടെ യഥാർത്ഥ ഉറവിടങ്ങൾ പൂർണമായി തകർക്കാൻ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങളിലെ പൊലീസിന്റെയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെയും സഹായത്തോടെയുള്ള സംയുക്ത നീക്കത്തിനാണ് തീരുമാനമെന്നാണ് വിവരം.
കുറഞ്ഞ നിരക്കിൽ രാസലഹരി കട്ടുന്നതാണ് ലഹരിമാഫിയയെ ഇപ്പോൾ പാകിസ്ഥാൻ അതിർത്തിയിലേക്ക് എത്തിച്ചിരിക്കുന്നത്. പിന്നിലുള്ളവരെയെല്ലാം പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരും.
പി.കെ. സതീഷ്
ഡെപ്യൂട്ടി കമ്മിഷണർ
എക്സൈസ്,
എറണാകുളം
Excise investigations in Kochi have revealed drug sources are Pakistan border villages in Punjab and Rajasthan. Recent arrests showed Malayali gangs procure MDMA directly from these areas at low prices, reselling for ten times more in Kochi. Drugs enter via drones and tunnels, stored by local agents. A joint operation with Punjab, Rajasthan police and NCB is planned to dismantle this inter-state network.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |