റാന്നി: റാന്നിയിൽ മിനിസൂപ്പർമാർക്കറ്റിനുള്ളിൽ കാട്ടുപന്നിയുടെ ആക്രമണം. മന്ദിരംപടിയിൽ ഇന്നു രാവിലെ എട്ടരയോടെയാണ് സംഭവം. സൂപ്പർമാർക്കറ്റ് ഉടമ ബീനയ്ക്കാണ് ഗുരുതര പരിക്കേറ്റത്. ആക്രമിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു.
പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യമുണ്ടെങ്കിലും കടയ്ക്കുള്ളിൽ കയറി ആക്രമണം നടത്തുന്നത് ആദ്യമാണ്. രാവിലെ സൂപ്പർമാർക്കറ്റ് തുറന്ന് അല്പം കഴിഞ്ഞതോടെ മുൻവാതിലൂടെ ഒറ്റയാനായ കാട്ടുപന്നി ഉള്ളിലേക്ക് കയറുകയായിരുന്നു. സാധനങ്ങൾ അടുക്കിക്കൊണ്ടുനിന്ന ബീനയുടെ നേരെ പാഞ്ഞടുത്ത പന്നി അവരെ തേറ്റകൊണ്ട് ആക്രമിക്കുകയായിരുന്നു. കുത്ത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് കൈയ്ക്ക് ഗുരുതര പരിക്കേറ്റത്. രക്ഷപ്പെടാൻ പുറത്തോക്കോടിയ ബീനയുടെ പിന്നാലെ പന്നിയും പാഞ്ഞെത്തി. നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ പന്നി രക്ഷപ്പെടുകയും ചെയ്തു. ആക്രമണം നടക്കുമ്പോൾ ബീനയുടെ മകനും സൂപ്പർമാർക്കറ്റിലുണ്ടായിരുന്നു. എന്നാൽ കുട്ടിക്ക് പരിക്കേറ്റില്ല. ബീനയുടെ കൈയിൽ തുന്നലിടേണ്ടിവന്നു. ആക്രമണം നടത്തിയ പന്നിയെ പിന്നീട് നാട്ടുകാർ നടത്തിയ തെരച്ചിലിൽ കണ്ടെത്തുകയും വെടിവയ്ക്കുകയുമായിരുന്നു.
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ റോഡിനോട് ചേർന്നാണ് ആക്രമണം ഉണ്ടായ മിനി സൂപ്പർമാർക്കറ്റ്. കടയ്ക്കുള്ളിൽ കയറിവരെ പന്നി ആക്രമണം നടത്തിയതോടെ കടുത്ത ആശങ്കയിലാണ് പ്രദേശവാസികൾ. തങ്ങൾക്ക് ജീവിക്കാൻ അനുകൂലമായ അവസരമൊരുക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.
സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലും കാട്ടുപന്നികളുടെ ശല്യം അതിരൂക്ഷമാണ്. പന്നികളെ വെടിവയ്ക്കാൻ പഞ്ചായത്ത് അധികൃതർ ഷൂട്ടർമാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഫലപ്രദമാകുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |