SignIn
Kerala Kaumudi Online
Monday, 05 October 2026 10.42 PM IST

ഒപ്പിടാതെ ഗവർണർ: 11 ഓർഡിനൻസും അസാധുവായി

arif-mohammad-khan

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി അടക്കമുള്ള 11 ഓർഡിനൻസുകളിൽ ഒപ്പിടില്ലെന്ന നിലപാടിൽ ഇന്നലേയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉറച്ചു നിന്നതോടെ, സംസ്ഥാന സർക്കാർ പ്രതിരോധത്തിലായി. ഒപ്പിടേണ്ട അവസാന സമയം ഇന്നലെ രാത്രി 12ന് അവസാനിച്ച സാഹചര്യത്തിൽ 11 ഓ‌‌ർഡിനസുകളും അസാധുവായി. നിയമങ്ങൾ ഭേദഗതിക്കു മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കപ്പെടുന്ന അസാധാരണമായ സ്ഥിതിയും ഉണ്ടായി. അതിലേറ്റവും പ്രധാനപ്പെട്ടത് വിവാദമായ ലോകായുക്ത ഭേദഗതി ഓർഡിനൻസാണ്. ലോകായുക്തയ്ക്ക് പഴയ അധികാരം തിരികെ ലഭിക്കും.

സർവകലാശാലാ വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലറായ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഓർഡിനൻസ് സർക്കാർ കൊണ്ടുവരുന്നതാണ് ഗവർണറെ പ്രകോപിപ്പിച്ചത്. എന്നാൽ, അക്കാര്യം ഗവർണറോ രാജ്ഭവനോ പറയുന്നില്ല. പകരം, നിയമസഭയിൽ ബില്ല് കൊണ്ടുവരാതെ ഓർഡിനൻസുകൾ നിരന്തരം പുതുക്കി ഇറക്കുന്നതിനോടുള്ള വിയോജിപ്പാണ് പറഞ്ഞിട്ടുള്ളത്. സർവകലാശാല ഓർഡിനൻസിന്റെ കാര്യം സർക്കാരും ഔദ്യോഗികമായി പറഞ്ഞിട്ടില്ല. ഗവർണറെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രിയോ മന്ത്രിമാരോ ഇടപെട്ടേക്കും. ഇപ്പോൾ ‌ഡൽഹിയിലുള്ള ഗവർണർ 11ന് തിരികെയെത്തും,

ഓർഡിനൻസ് റദ്ദായാൽ ബില്ലായി നിയമസഭയിൽ അവതരിപ്പിക്കുകയോ പുതിയ ഓർഡിനൻസായി മന്ത്രിസഭ അംഗീകരിച്ച് വീണ്ടും ഗവർണറുടെ അംഗീകാരത്തിനായി അയയ്ക്കുകയോ ചെയ്യാം. പുതിയ ഓർഡിനൻസായി അയയ്ക്കണമെങ്കിൽ നിലവിലെ ഓർഡിനൻസ് പുതുക്കാതെ ഗവർണർ തിരിച്ച് അയയ്ക്കണം. ഓർഡിനൻസുകൾ ഇത്ര ദിവസത്തിനകം ഒപ്പിടണമെന്ന് വ്യവസ്ഥയില്ലാത്തതിനാൽ എത്രനാൾ വേണമെങ്കിലും ഒപ്പിടാതെ നീട്ടി കൊണ്ടുപോകാം..

ഓർഡിനൻസ് റദ്ദായാൽ, നിയമസഭയിൽ കൊണ്ടുവന്ന് ബില്ല് പാസാക്കുമ്പോൾ ഓർഡിനൻസ് റദ്ദായ കാലത്തേക്കു കൂടി നിയമപ്രാബല്യം നൽകുന്ന വിധത്തിൽ വ്യവസ്ഥ ഉൾപ്പെടുത്തണം. സഭ ചേരാൻ ഇനിയും മാസങ്ങളുള്ളതിനാൽ അടിയന്തരമായി സഭ വിളിച്ചു ചേർക്കണമെന്ന് മന്ത്രിസഭയ്ക്ക് ഗവർണറോട് ആവശ്യപ്പെടാം. എന്നാൽ, പരമാവധി അനുനയ നീക്കത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. ഗവർണർ ഓർഡിനൻസ് ഒപ്പിടാതെ തിരിച്ചയച്ചാൽ സർക്കാരിനു വീണ്ടും അംഗീകാരത്തിനായി അയയ്ക്കാം. അംഗീകാരം നൽകാൻ ഗവർണർ നിർബന്ധിതനാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARIF MOHAMMAD KHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA