
തിരുവനന്തപുരം: തോൽവിക്ക് കാരണം ന്യൂനപക്ഷങ്ങൾ പാർട്ടിയിൽ നിന്നും അകന്നതാണെന്ന വിലയിരുത്തലിനിടെ, മലപ്പുറം മതമൗലികവാദികളുടെ കൂടാണെന്ന മുതിർന്നനേതാവിന്റെ പ്രസ്താവനയോടെ സി.പി.എം പ്രതിരോധത്തിൽ. ന്യൂനപക്ഷങ്ങളും പാർട്ടിയുമായുള്ള അകൽച്ച മാറ്റാൻ നടപടി ഊർജ്ജിതമാക്കുന്നതിനിടെയാണ് മുൻ എം.എൽ.എ കൂടിയായ പി.നന്ദകുമാറിന്റെ പരാമർശം.
പിണറായി വിജയന്റെ മലപ്പുറം വിരുദ്ധ പ്രസ്താവനയുടെ തുടർച്ചയാണ് ഈ അധിക്ഷേപമെന്ന പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ ഉൾപ്പെടെ രംഗത്തെത്തിയതോടെ വിവാദം കൊഴുത്തു. പരാമർശം വളച്ചൊടിച്ചെന്ന് വിശദീകരിച്ചെങ്കിലും പ്രസ്താവനയിൽ തിരുത്തലോ ഖേദ പ്രകടനമോ നന്ദകുമാർ നടത്തിയിട്ടുമില്ല.
നന്ദകുമാറിനെതിരെ പൊന്നാനി പൊലീസ് സ്റ്റേഷനിൽ യൂത്ത് ലീഗ് പരാതി നൽകുകയും ചെയ്തു. ന്യൂനപക്ഷങ്ങൾ പാർട്ടിയുമായി അകന്നത് തോൽവിക്ക് ആക്കം കൂട്ടിയെന്ന് സി.പി.എം വിലയിരുത്തിയിരുന്നു. ഇവരുടെ ആശങ്ക പരിഹരിച്ച് പാർട്ടിയുടെ ഒപ്പം കൂട്ടണമെന്നായിരുന്നു തീരുമാനം. ബി.ജെ.പി - സി.പി.എം ഡീലെന്ന ആരോപണങ്ങളിൽ കുടുങ്ങിയിരുന്ന പാർട്ടി പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പരാമർശമുണ്ടാകുന്നത്. തിരിച്ചടി ഭയന്ന് പരാമർശത്തെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തള്ളിയപ്പോൾ, മാദ്ധ്യമങ്ങൾ വക്രീകരിച്ചതാണെന്നായിരുന്നു പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ പ്രതികരണം.
ഇത് പാർട്ടി നിലപാടല്ലെന്നും മുസ്ളിം മതന്യൂനപക്ഷങ്ങളെ ചേർത്തുപിടിക്കുന്നതാണ് നിലപാടെന്നും എം.വി.ഗോവിന്ദൻ വിശദീകരിച്ചു.
നന്ദകുമാർ പറഞ്ഞത് പാർട്ടി നിലപാടല്ലെന്നും മലപ്പുറത്തെ കുറിച്ച് അങ്ങനെ ഒരു അഭിപ്രായമില്ലെന്നും സി.പി.എം സംസ്ഥാന സെട്ട്രേറിയറ്റ് അംഗം വി.ശിവൻകുട്ടി പറഞ്ഞു. മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് മുൻമന്ത്രി കെ.ടി.ജലീലും പ്രതികരിച്ചു. അതേസമയം പ്രസ്താവന പ്രതിഷേധാർഹമാണെന്നും അവജ്ഞയോടെ തള്ളിക്കളയണമെന്നും മുസ്ലിം ജമാഅത്ത് സെൻട്രൽ ക്യാബിനറ്റ് പ്രതികരിച്ചു.
പരാമർശം തെറ്റ്. ഒരു കമ്മ്യൂണിസ്റ്റ് നേതാവ് ഇങ്ങനെ ചെയ്യാൻ പാടില്ല.
ബിനോയ് വിശ്വം, സംസ്ഥാന സെക്രട്ടറി, സി.പി.ഐ
നന്ദകുമാറിന്റെ പ്രസ്താവനയിൽ കമ്യൂണിസ്റ്റ് പാർട്ടി നയം വ്യക്തമാക്കണം. മലപ്പുറത്തെ ജനങ്ങളുടെ ഹൃദയത്തിലാണ് സി.പി.എം മുറിവേൽപ്പിച്ചത്.
കെ.പി.നൗഷാദ് അലി, എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |