
കൊല്ലം: ഗ്രൂപ്പ് അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ തീരുമാനിച്ച സംസ്ഥാന സെക്രട്ടേറിയറ്റാണ് സി.പി.ഐയുടെ കനത്ത തോൽവിക്ക് ഇടയാക്കിയതെന്ന് തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന സി.പി.ഐ ജില്ലാ കൗൺസിൽ യോഗത്തിൽ വിമർശനം. സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്നും ആവശ്യമുയർന്നു.
വിജയ സാദ്ധ്യതയ്ക്കപ്പുറം ഗ്രൂപ്പ് നേതാക്കളെ സ്ഥാനാർത്ഥികളാക്കാനാണ് സംസ്ഥാന സെക്രട്ടേറിയറ്റ് ശ്രമിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾക്കെല്ലാം പാർലമെന്ററി വ്യാമോഹമാണ്. 13 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിലെ ഒൻപത് പേരും മത്സരിച്ചതോടെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് നേതൃത്വം നൽകാൻ ആളില്ലാത്ത അവസ്ഥയായി. മന്ത്രിയായിട്ടും ചിഞ്ചുറാണിക്ക് മണ്ഡലത്തിൽ വേരുറപ്പിക്കാനായില്ല. ഇടതുമുന്നണി നേതാക്കളുമായി പോലും ബന്ധമുണ്ടായിരുന്നില്ലെന്നും വിമർശനം ഉയർന്നു.
ആത്മഹത്യാ ഭീഷണി
കഴിഞ്ഞ ദിവസം ചേർന്ന ജില്ല എക്സിക്യുട്ടീവ് യോഗത്തിൽ വനിതാഅംഗം ആത്മഹത്യാ ഭീഷണി മുഴക്കി. രൂക്ഷമായ വിമർശനം ഉയർന്നതോടെയാണ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയത്. തിങ്കളാഴ്ച രാവിലെ ആരംഭിച്ച ജില്ല എക്സിക്യുട്ടീവ് യോഗം പുലർച്ചെ ഒരു മണി വരെ നീണ്ടിരുന്നു.
സി.പി.എമ്മിന് വിധേയപ്പെടുന്ന സമീപനം സംസ്ഥാന നേതൃത്വം തിരുത്തണമെന്ന ആവശ്യവുമുയർന്നു. ഇ.ഡി കേസിൽ പിണറായി വിജയനെ ബിനോയ് വിശ്വം പിന്തുണച്ചത് തെറ്റായ വഴിയിലൂടെയുള്ള സഞ്ചാരമാണെന്നും വിമർശനം ഉയർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |