കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൽ പഴി ചാരേണ്ടത് പാർട്ടി അണികളെയും ജനങ്ങളെയുമല്ലെന്നും ഉത്തരവാദിത്വം നേതൃത്വത്തിനാണെന്നും സി.പി.എം വിപുലീകൃത സംസ്ഥാന സമിതിയിൽ ജില്ലാക്കമ്മിറ്റികളുടെ രൂക്ഷ വിമർശനം.
പിണറായി വിജയനും എം.വി.ഗോവിന്ദനും നേരെയായിരുന്നു പ്രതിനിധികളുടെ വിമർശനമുന. തോൽവിയുടെ ഉത്തരവാദിത്വം കാരണഭൂതർ ഏറ്റെടുക്കണമെന്നും ആവശ്യം ഉയർന്നു. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലാക്കമ്മിറ്റികളാണ് രൂക്ഷ വിമർശനം ഉയർത്തിയത്. തോൽവി അപ്രതീക്ഷിതമല്ലെന്ന് കാസർകോട് ജില്ലയിൽ നിന്നുള്ള വി.പി.പി. മുസ്തഫ പറഞ്ഞു. കേന്ദ്ര നേതൃത്വം അംഗീകരിച്ച റിപ്പോർട്ടിനെ ദുർബലപ്പെടുത്താൻ സംസ്ഥാന നേതൃത്വത്തിന് എന്തവകാശമെന്നായിരുന്നു കൊല്ലം ജില്ലാക്കമ്മിറ്റി അംഗങ്ങളുടെ ചോദ്യം. പരാജയ കാരണം താഴെത്തട്ടിൽ കെട്ടിവയ്ക്കാനാകില്ല. സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ പിടിപ്പുകേടാണ് പ്രധാന കാരണം. വർഗ ബഹുജന സംഘടനകൾ
ദുർബലമായപ്പോൾ സംസ്ഥാന നേതൃത്വം കാഴ്ചക്കാരായി.
ജനങ്ങൾ അകന്നത്
പാർട്ടി അറിഞ്ഞില്ല
അമ്പലപ്പുഴയിൽ ജി.സുധാകരൻ ഉയർത്തിയ വിഷയങ്ങൾ ജനങ്ങളെ സ്വാധീനിക്കാതിരിക്കാൻ സംസ്ഥാന നേതൃത്വം നടപടിയെടുത്തില്ലെന്ന് ആലപ്പുഴ ജില്ലാക്കമ്മിറ്റി ആരോപിച്ചു. ന്യൂനപക്ഷ വോട്ടുകൾ അകന്നുവെന്നും പിന്നാക്ക വോട്ട് ലഭിച്ചില്ലെന്നും തൃശൂർ കമ്മിറ്റി ചൂണ്ടിക്കാട്ടി. നേതൃത്വം പൂർണമായി പരാജയപ്പെട്ടെന്നായിരുന്നു എറണാകുളം, പാലക്കാട് ജില്ലാക്കമ്മിറ്റികളുടെ വിമർശനം. ജനങ്ങൾ അകന്നത് പാർട്ടി അറിഞ്ഞില്ല. പയ്യന്നൂരിലെ തോൽവിയിൽ സ്ഥാനാർത്ഥി നിർണ്ണയത്തിലെ പോരായ്മയെക്കുറിച്ച് പരാമർശമില്ല. രക്തസാക്ഷി ഫണ്ട് ആക്ഷേപം പാർട്ടി അണികളിലാകെ രോഷമുണ്ടാക്കി. വി.കുഞ്ഞികൃഷ്ണൻ്റെ നേതൃത്വത്തിൽ തുടങ്ങിയ വിഭാഗീയ പ്രവർത്തനത്തിന് തടയിടാത്തത് വീഴ്ചയായി. വിഭാഗിയതയ്ക്ക് തെളിവ് കിട്ടിയപ്പോൾ തന്നെ കുഞ്ഞികൃഷ്ണനെ പുറത്താക്കണമായിരുന്നു. വോട്ട് ചോർച്ച കൃത്യമായി മനസിലാക്കാൻ ഏരിയാ നേതൃത്വത്തിനായില്ല. പാർട്ടി ക്ലാസുകൾ ശക്തിപ്പെടുത്തണമെന്ന നിർദ്ദേശമാണ് തിരുവനന്തപുരം ജില്ലാക്കമ്മിറ്റി മുന്നോട്ടു വച്ചത്.
തോൽവിയുടെ ഉത്തരവാദിത്വം അണികളിലേക്കും ജില്ലാ നേതൃത്വത്തിലേക്കും ഒതുക്കാനാണ് നേതൃത്വം ശ്രമിച്ചതെന്നും, സംസ്ഥാന സെക്രട്ടേറിയറ്റിന് പാർട്ടി നേരിടുന്ന പ്രശ്നങ്ങൾ കണ്ടറിഞ്ഞ് പ്രതിരോധിക്കാൻ കഴിയുന്നില്ലെന്നും വിമർശനമുയർന്നു.തുടർ ഭരണത്തിന് കാരണഭൂതരായവർ തുടർ തോൽവികളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കണം. 2021 നു ശേഷം എല്ലാ തിരഞ്ഞെടുപ്പുകളിലും തോറ്റപ്പോൾ പൾസ് മനസിലാക്കണമായിരുന്നു. അടവ് രൂപപ്പെടുത്തുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു. യോഗത്തിൽ അവതരിപ്പിച്ച രേഖ പാർട്ടിയുടെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ പര്യാപ്തമല്ലെന്നും വിമർശനമുയർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |