
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചെന്ന് സി.പി.എം വിപുലീകൃത സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച കരട് റിപ്പോർട്ടിൽ പരാമർശം. പയ്യന്നൂർ, തളിപറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചയിൽ സ്വയം വിമർശനമില്ല.
സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ജില്ലാ കമ്മിറ്റികളുടെ പ്രവർത്തനത്തിന് നേതൃത്വം നൽകണം. ജില്ലാകമ്മിറ്റി അംഗങ്ങളും സമാനരീതിയിൽ ഏരിയ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം. ചിലയിടങ്ങളിൽ പാർട്ടി പ്രവർത്തകർ വ്യക്തിപരമായ താത്പര്യങ്ങളുടെ പേരിൽ വോട്ടുചെയ്തു. ഇത് അവസാനിപ്പിക്കാൻ ശരിയായ പാർട്ടി കാഴ്ചപ്പാട് നടപ്പാക്കപ്പെടുന്നുണ്ടെന്ന് മേൽ കമ്മിറ്റികൾ ഉറപ്പാക്കണം. സി.പി.എം-ബി.ജെ.പി ഡീൽ എന്ന ആരോപണത്തെ ഗൗരവത്തോടെ കാണാൻ നേതൃത്വത്തിന് കഴിഞ്ഞില്ല. ഇതു യു.ഡി.എഫിന് രാഷ്ട്രീയമായി നേട്ടമുണ്ടാക്കി. ആഗോള അയ്യപ്പ സംഗമം ഈ ആരോപണത്തെ സാധൂകരിക്കുന്നതായി. ഇതിൽ യു.പി മുഖ്യമന്ത്രിയുടെ സന്ദേശം പാർട്ടി സെക്രട്ടേറിയേറ്റ് അംഗം തന്നെ വായിച്ചത് തെറ്റായ സന്ദേശം നൽകി.
എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തനം കൂടുതൽ മികവുറ്റതാക്കണം. വർഗ ബഹുജന സംഘടനകൾ നിരവധിയുണ്ടെങ്കിലും ഗൗരവമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നില്ല. ഇവയിലുള്ള അംഗങ്ങളുടെ എണ്ണം വളരെകൂടുതലാണ്. എന്നാൽ ഒരു രാഷ്ട്രീയ പിന്തുണയും പാർട്ടി ഘടകങ്ങൾക്ക് ലഭിക്കുന്നില്ല.
വിമർശനം പരിമിതപ്പെടുത്താൻ ഇടപെടൽ
ഗ്രൂപ്പ് ചർച്ചകളിൽ നേതൃത്വത്തിനെതിരായ വിമർശനം പരിമിതപ്പെടുത്താൻ നേതൃത്വത്തിന്റെ ഇടപെടലുണ്ടായി. വർഗ, ബഹുജന സംഘടനകൾക്ക് 5 മുതൽ 10 മിനിട്ട് വരെ സമയം അനുവദിച്ചു. വർഗ ബഹുജന സംഘടനകൾ അവരുടെ സംഘടനയിലെ കാര്യം പറഞ്ഞാൽ മതിയെന്നും മറ്റു കാര്യങ്ങൾ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ പറയുമെന്നും നിലപാടെടുത്തു.
കണ്ടെത്തിയ വീഴ്ചകൾ
ജില്ലാ കമ്മിറ്റികളുടെ പ്രവർത്തനത്തെ സഹായിക്കുന്നതിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കായില്ല. പാർട്ടി കമ്മിറ്റികളിൽ പങ്കെടുത്ത് പോവുക മാത്രമാണ് ചെയ്യുന്നത്. ജില്ലാ കമ്മിറ്റികളുടെ രാഷ്ട്രീയ, സംഘടനാ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനായില്ല.
പാർട്ടി അംഗങ്ങൾ മെമ്പർഷിപ്പ് ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടായി. ഇതു ഗൗരവത്തോടെ കാണാനോ യഥാർത്ഥ പ്രശ്നം അന്വേഷിക്കാനോ പ്രാദേശികമായി കഴിഞ്ഞില്ല.
അടിയൊഴുക്കുകളെ മനസിലാക്കുന്നതിൽ എല്ലാ തലങ്ങളിലെയും ഘടകങ്ങളും പരാജയപ്പെട്ടു.
ശക്തികേന്ദ്രങ്ങളിൽ പോലും പാർട്ടി വോട്ടുചോർന്നു. ജനങ്ങളുമായി സംവദിച്ച് രാഷ്ട്രീയ കാഴ്ചപ്പാട് അവതരിപ്പിക്കാൻ കഴിയുന്ന പ്രവർത്തകരുടെ എണ്ണം കുറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |