
കോഴിക്കോട്: 'തിരഞ്ഞെടുപ്പിലേറ്റത് തോൽവിയാണ്. പുന്നപ്രയിൽ നിന്ന് എഴുന്നേറ്റ് വന്ന പാർട്ടിയാണിത്. ജനങ്ങളെയും അണികളെയും കാര്യങ്ങൾ പറഞ്ഞ് മനസിലാക്കണം. നിരന്തരം ഇടപെടണം. വിനയാന്വിതരായി പെരുമാറണം. തർക്കിക്കാൻ പോകരുത് " - കോഴിക്കോട്ട് ഇന്നലെ ആരംഭിച്ച മൂന്നു ദിവസത്തെ വിപുലീകൃത സംസ്ഥാന സമിതി യോഗത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി വ്യക്തമാക്കി.
ജീവിതരീതിയിലും സമീപനങ്ങളിലും മാറ്റം വേണം. കാര്യങ്ങൾ അവർക്ക് മനസിലാവുന്ന ഭാഷയിൽ പറഞ്ഞ് ചേർത്തുനിറുത്തണം അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റി ഓഫീസിലെ എ.കെ.ജി ഭവനിൽ മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി പതാകയുയർത്തി. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരായ ആസൂത്രിതമായ വ്യാജ പ്രതീതി നിർമ്മാണം തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തുന്നതിൽ ജാഗ്രത പാലിക്കാനായില്ല. പിന്നോട്ടടികളിൽ വീഴ്ചകളോ പോരായ്മകളോ പങ്ക് വഹിച്ചിട്ടുണ്ടെങ്കിൽ തിരിച്ചറിഞ്ഞ് തിരുത്തി ജനവിശ്വാസം വീണ്ടെടുക്കണം. തിരഞ്ഞെടുപ്പിലെ പരാജയം സ്വയം വിമർശനമായെടുക്കണം. നാല് സഖാക്കൾ ആരംഭിച്ച പാർട്ടി പടർന്നു പന്തലിക്കുന്നതിനിടയ്ക്ക് കുറവും, വീഴ്ചയും തിരിച്ചറിഞ്ഞ് തിരുത്താൻ കഴിഞ്ഞിട്ടുണ്ട്. ഒരുപാട് ശരികൾ ചെയ്യുന്നതിനിടയ്ക്ക് ചെറിയ ചില തെറ്റുകൾ സംഭവിക്കുന്നത് തുറന്നുപറഞ്ഞ് തിരുത്തണം. തെറ്റ് ചെയ്‌തെന്ന് സമ്മതിച്ചല്ലോയെന്ന് പരിഹസിക്കുന്നവർ തെറ്റ് മാത്രം ചെയ്യുന്നവരാണ്. ചില ജനവിഭാഗങ്ങൾക്കിടയിലുണ്ടായ അവിശ്വാസങ്ങളും സംശയങ്ങളും ദൂരീകരിക്കരിക്കണം.
വിശാല സമരവേദി വേണം
നവ ഫാസിസ്റ്റ് പ്രവണതകളുമായി കേന്ദ്രഭരണം പോകുമ്പോൾ അതിനെതിരായ പോരാട്ടത്തിന് വിശാലമായ സമര വേദി വേണം. അതിന് കാഴ്ചപ്പാടിൽ തെളിമയുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയും, സുശക്തമായ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനവും വേണം. അതിൽ വലിയ സംഭാവന അർപ്പിക്കാൻ കഴിയുന്നത് കേരളത്തിനാണ്. മുഴുവൻ ജനങ്ങളുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ന്യൂനപക്ഷങ്ങളുടെയും പ്രസ്ഥാനമായി വളരാൻ കഴിയുന്നത് സി.പി.എമ്മിന്റെ വളർച്ചയുടെ പ്രധാന ഘടകമാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വ്യത്യസ്തമായ കാഴ്ചപ്പാടും, പോരാട്ടങ്ങളുമില്ലെങ്കിൽ എന്താണ് കേരളത്തിന്റെയും, ഇന്ത്യയുടെയും ഭാവിയെന്ന ചോദ്യമാണ് പ്രസക്തം- ബേബി ചൂണ്ടിക്കാട്ടി. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം.മെഹ്ബൂബ് സ്വാഗതം പറഞ്ഞു. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയൻ, എ.വിജയരാഘവൻ, എം.വി.ഗോവിന്ദൻ, അശോക് ധാവ്‌ളെ, യു.വാസുകി, വിജു കൃഷ്ണൻ, ബി.വി.രാഘവലു തുടങ്ങിയവർ പങ്കെടുത്തു. പി.ബി അംഗം കെ.ബാലകൃഷ്ണൻ ഇന്നെത്തും.
'നിലപാടുകളുടെ രാജകുമാരന്റെ 'നില' പാടാകും'
വി.ഡി.സതീശനെ കളിയാക്കി ബേബി
കോഴിക്കോട്: ഇങ്ങനെയാണ് പോക്കെങ്കിൽ മുഖ്യമന്ത്രി വി.ഡി.സതീശന്റെ ' നില' പാടാവുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി. നിലപാടുകളുടെ രാജകുമാരനെന്ന് മാദ്ധ്യമങ്ങൾ പറയുന്ന മുഖ്യമന്ത്രി എന്താണ് ചെയ്യുന്നതെന്ന് ആലോചിക്കുമ്പോൾ ഇതാണ് പറയാൻ തോന്നുന്നത്. കഴിഞ്ഞ ദിവസം ഒരു സുഹൃത്തുമായി സംസാരിച്ചപ്പോൾ പറഞ്ഞത്, 'നിങ്ങൾ വിപുലീകൃത സംസ്ഥാന സമിതിയൊന്നും നടത്തേണ്ട. ഈ സർക്കാർ ചെയ്യുന്നത് നോക്കിയിരുന്നാൽ മതി, അവർ ഇടതുമുന്നണിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കും' എന്നാണ്. കഴിഞ്ഞ പത്തു വർഷം കേരളത്തിൽ പവർകട്ടില്ലായിരുന്നു. സി.പി.എമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും വലതുപക്ഷ ശക്തികൾ നടത്തുന്ന ജനവിരുദ്ധ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ വളരാനല്ല, സ്വയം തിരുത്തി മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നത്.
ഇ.ഡി പരാമർശം ഒഴിവാക്കി
സി.എം.ആർ.എൽ -എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണവും തുടർന്നുള്ള ഇടപെടലും വിവാദമായിരിക്കെ, ഇ.ഡിയെ പേരെടുത്ത് പരാമർശിക്കാതെ ബേബി. ഒന്നേകാൽ മണിക്കൂറിലേറെ നീണ്ട പ്രസംഗത്തിൽ, പശ്ചിമേഷ്യൻ സംഘർഷവും ക്യൂബയിലെ യു.എസ് ഇടപെടലുമെല്ലാം വിശദമാക്കി. 'ഇന്ത്യൻ
ഭരണകൂടത്തിന്റെ മർമ്മപ്രധാനമായ സ്ഥാനങ്ങളിലെല്ലാം ആർ.എസ്.എസ് അതിന്റെ സ്വാധീനം ഉറപ്പിക്കുന്നു. കോടതികളിൽ വരെ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. സൈന്യത്തിലും അന്വേഷണ ഏജൻസികളിലും ആർ.എസ്.എസ് നുഴഞ്ഞുകയറുന്നു. ഇതിന്റെ പ്രത്യാഘാതമാണ് കേരളത്തിലുമെന്നും പറഞ്ഞു.
ബേബി ഇ.ഡിക്കെതിരെ പറഞ്ഞെന്ന് ഗോവിന്ദൻ
കോഴിക്കോട്: സി.പി.എം വിപുലീകൃത സംസ്ഥാന സമിതിയുടെ ഉദ്ഘാടനത്തിൽ ജനറൽ സെക്രട്ടറി എം.എ.ബേബി ഇ.ഡിക്കെതിരെ പരാമർശം നടത്തിയെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പിണറായിക്കെതിരായി ഇ.ഡിയും മാദ്ധ്യമങ്ങളും നടത്തുന്ന കടന്നാക്രമണം പാർട്ടിക്കെതിരായ കടന്നാക്രമണമായി എം.എ.ബേബി ചൂണ്ടിക്കാട്ടിയെന്നായിരുന്നു ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എം.എ.ബേബി ഇ.ഡിയുടെ പേര് പറഞ്ഞിട്ടില്ലല്ലോയെന്ന് മാദ്ധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, ഇ.ഡിയുടെ കാര്യമാണ് ബേബി പറഞ്ഞതെന്നും പാർട്ടിക്കെതിരായ ആക്രമണത്തിന്റെ കുന്തമുന പാർട്ടി നേതൃത്വത്തിനെതിരാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇ.ഡിയെന്ന വാക്കില്ലല്ലോയെന്ന് വീണ്ടും ചൂണ്ടിക്കാട്ടിയപ്പോൾ, ഇ.ഡി എന്ന് പറയേണ്ടതില്ലല്ലോ, എല്ലാവർക്കും അറിയാവുന്നതാണല്ലോ എന്നായിരുന്നു പ്രതികരണം. കൂടുതൽ ചോദ്യങ്ങൾ ഉയർന്നതോടെ, കമ്മ്യൂണിസ്റ്റ് വിരുദ്ധത കാരണമാണ് ഇ.ഡിയുടെ നീക്കമെന്നാണ് താൻ പറഞ്ഞതിന്റെ അടിസ്ഥാനമെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു മാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |