SignIn
Kerala Kaumudi Online
Wednesday, 10 June 2026 5.33 AM IST

സോറി, തെറ്റുപറ്റി: സി.പി.എമ്മിന്റെ ഏറ്റുപറച്ചിൽ

READ ENGLISH VERSION
cartoon

തിരുവനന്തപുരം: 'ഇങ്ങനെയൊരു തോൽവി മുൻകൂട്ടി മനസിലാക്കാനായില്ല. പാർട്ടിക്ക് തെറ്റുപറ്റി. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിലും വീഴ്ചയുണ്ടായി"-നിയമസഭ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയ കാരണങ്ങൾ പരസ്യമായി ഏറ്റുപറഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

പാർട്ടി പ്രവർത്തകരിൽ നിന്നും അണികളിൽ നിന്നും ഉയർന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷമുള്ള ഗോവിന്ദന്റെ ഏറ്റുപറച്ചിൽ. ആദ്യമായാണ് സി.പി.എം നേതൃത്വം വാർത്താസമ്മേളനം വിളിച്ച് തെറ്റുകൾ സമ്മതിക്കുന്നത്.

സംസ്ഥാന കമ്മിറ്റി അംഗീകരിച്ച അവലോന റിപ്പോർട്ടിൽ ഈ തെറ്റുകൾ സ്വയം വിമർശനമായി ഉൾപ്പെടുത്തി. ഇടതുപക്ഷത്തിനെതിരായ വലതുപക്ഷ പ്രവർത്തനങ്ങളെ വേണ്ട രീതിയിൽ പ്രതിരോധിക്കാനായില്ല. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച തെറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി ഏറ്റുപറഞ്ഞെന്നും ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലെ 40,​000 ത്തിലധികം ബ്രാഞ്ചുകൾ ഉൾപ്പെടെയുള്ള പാർട്ടി ഘടകങ്ങളിൽ ചർച്ച ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്.. വ്യക്തിപരമായ വീഴ്ചയില്ല. പയ്യന്നൂരിലേത് ആഴത്തിൽ പരിശോധിക്കേണ്ട വിഷയമാണ്. ടി.കെ. ഗോവിന്ദനെയും ജി. സുധാകരനെയും നയിച്ചത് പാർലമെന്ററി വ്യാമോഹമാണ്. 30 മണ്ഡലങ്ങളിൽ യു.ഡി.എഫ് - ബി.ജെ.പി ഡീലുണ്ടായി. അവലോകന റിപ്പോർട്ട് എല്ലാ ഘടകങ്ങളിലും ചർച്ചചെയ്യും. എല്ലാ ചർച്ചകൾക്കും മറുപടി പറയാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 സാധാരണക്കാരുടെ പ്രശ്നം പരിഹരിച്ചില്ല

1. സാധാരണക്കാരുടെ പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കാൻ സർക്കാരിനായില്ല. ഇത് തിരഞ്ഞെടുപ്പിൽ ബാധിച്ചു

2.സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിൽ വീഴ്ചപറ്റി. വ്യാജപ്രചാരണം പ്രതിരോധിക്കാൻ സംഘടനപരമായ ദൗർബല്യങ്ങൾ തടസമായി

3. അയ്യപ്പസംഗമത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചതിൽ തെറ്റുപറ്റി. അത് സംഘടിപ്പിച്ചത് സർക്കാരല്ലെന്നും ദേവസ്വം ബോർഡാണെന്നും വ്യക്തമാക്കാനായില്ല.

4. സ്വർണക്കൊള്ളക്കേസിൽ ആരോപണം ഉണ്ടായപ്പോൾ തന്നെ എ. പത്മകുമാറിനെതിരെ കടുത്ത നടപടി സ്വീകരിച്ചില്ലെന്ന പ്രചാരണം തിരഞ്ഞെടുപ്പിൽ ബാധിച്ചു.

5. ന്യൂനപക്ഷങ്ങൾക്കെതിരായി നടത്തിയ പരാമർശങ്ങളെ പ്രതിരോധിക്കുന്നതിൽ പോരായ്മ സംഭവിച്ചു. വ്യാജപ്രചാരണങ്ങളെ പ്രതിരോധിക്കാൻ സംഘടനപരമായ ദൗർബല്യങ്ങൾ തടസമായി.

6. എല്ലാ വിഭാഗങ്ങളിൽ നിന്നും സി.പി.എമ്മിന് വോട്ടുകൾ കുറഞ്ഞു. എസ്.ഐ.ആർ കൊണ്ടുവന്നത് പിണറായി സർക്കാരാണെന്ന പ്രചാരണം ന്യൂനപക്ഷങ്ങളെ ബാധിച്ചു.

 ആർക്കും അഭിപ്രായങ്ങൾ പറയാം

പാർട്ടിയുടെ മുന്നോട്ടുള്ള പദ്ധതികൾ എന്താകണമെന്ന് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടുകയാണെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. എല്ലാ മലയാളികൾക്കും അഭിപ്രായവും നിർദ്ദേശങ്ങളും പറയാം. തുറന്ന മനസ്സോടെ അത് സ്വീകരിക്കും. 7994777168 എന്ന വാട്സ്ആപ്പ് നമ്പറിലൂടെ അറിയിക്കാം. puthuvazhikal@gmail.com എന്ന മെയിൽ വഴിയും അഭിപ്രായം അറിയിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CPM, DEFEAT, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA