
തിരുവനന്തപുരം: ബോർഡ്, കോർപ്പറേഷൻ അധികാര സ്ഥാനങ്ങൾ വീതംവയ്ക്കുന്നത് സംബന്ധിച്ച ചർച്ചകൾ ഈ ആഴ്ച അവസാനത്തോടെ തുടങ്ങിയേക്കും. നടപടികൾ നീണ്ടുപോകുന്നതിൽ മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികൾ അതൃപ്തി പ്രകടിപ്പിച്ചുതുടങ്ങിയ സാഹചര്യത്തിലാണ് ചർച്ചയിലേക്ക് കടക്കുന്നത്.
മുഖ്യമന്ത്രിയുടെയും കെ.പി.സി.സി പ്രസിഡന്റിന്റെയുമൊക്കെ തിരക്കുകൾ കാരണമാണ് ചർച്ച നീണ്ടുപോയതെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം. എൽ.ഡി.എഫ് അധികാരത്തിലെത്തി ആറുമാസം കഴിഞ്ഞാണ് ബോർഡുകൾക്കും കോർപ്പറേഷനുകൾക്കും ഭരണമാറ്റമുണ്ടായതെന്ന ന്യായവും പറയുന്നുണ്ട്.
ബുധനാഴ്ച മന്ത്രിസഭായോഗം കഴിഞ്ഞാൽ കോൺഗ്രസിനുള്ളിൽ ആശയവിനിമയം തുടങ്ങും. സ്വകാര്യ ആവശ്യത്തിന് അമേരിക്കയിൽ പോയിട്ടുള്ള മന്ത്രി രമേശ് ചെന്നിത്തല 17 ന് തിരികെ എത്തും. അന്നു രാവിലെ ഗുരുവായൂർ ക്ഷേത്ര ദർശനശേഷം വൈകിട്ട് തലസ്ഥാനത്ത് വരും. മുഖ്യമന്ത്രി വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡന്റ് മന്ത്രി സണ്ണിജോസഫ്, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ.മുരളീധരൻ, യു.ഡി.എഫ് കൺവീനർ അടൂർപ്രകാശ് എന്നിവരായിരിക്കും ഘടകകക്ഷികളുമായുള്ള ആശയവിനിമയത്തിന്റെ രൂപരേഖ തയ്യാറാക്കുക. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ അഭിപ്രായവും ആരായും. മുൻ യു.ഡി.എഫ് ഭരണകാലത്തെ അപേക്ഷിച്ച് കൂടുതൽ ബോർഡുകളും കോർപ്പറേഷനുകളും കോൺഗ്രസ് തന്നെ കൈവശം വയ്ക്കുമെന്ന് കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
അതൃപ്തി പ്രകടിപ്പിച്ച് ലീഗ്
ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ ഘടകകക്ഷികൾക്ക് നൽകുന്നതിനെതിരെ കോൺഗ്രസിൽ ഭിന്നാഭിപ്രായമുണ്ട്.ഭരണപരിഷ്കാര കമ്മിഷനിൽ ഉന്നംവച്ചിട്ടുള്ള ലീഗിന് ഇക്കാര്യത്തിൽ അതൃപ്തിയുണ്ട്. മലപ്പുറത്തും കോഴിക്കോട്ടുമുള്ള പല സ്ഥാപനങ്ങളും ഇപ്പോഴും എൽ.ഡി.എഫ് ഭരിക്കുന്നതിലും ലീഗ് അണികൾക്ക് അമർഷമുണ്ട്.
മന്ത്രിസഭയിലും നിയമസഭയിലും പ്രാതിനിധ്യമില്ലാത്ത ഘടകകക്ഷികൾക്കാണ് കടുത്ത നിരാശ.
''മുഖ്യമന്ത്രിയും താനുമെല്ലാം പലവിധ പരിപാടികളുടെ തിരക്കിലായിപ്പോയി. ചർച്ചയ്ക്കുള്ള സമയം ഒത്തുവന്നില്ല. വൈകാതെ നടപടികളിലേക്ക് കടക്കും.
സണ്ണിജോസഫ്, കെ.പി.സി.സി പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |