SignIn
Kerala Kaumudi Online
Monday, 05 October 2026 2.59 AM IST

കണ്ണൂരിൽ വീണ്ടും സുധാകരനെ ഇറക്കാൻ കോൺഗ്രസ് നീക്കം

ks

ന്യൂഡൽഹി: കണ്ണൂർ ലോക് സഭാ മണ്ഡലത്തിൽ നിലവിലെ എം.പിയായ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെത്തന്നെ സ്ഥാനാർത്ഥിയാക്കാൻ

കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ നീക്കം. സി.പി.എം കണ്ണൂരിലെ സ്ഥാനാർത്ഥിയായി ജില്ലാ സെക്രട്ടറി എം.വി. ജയരാജനെ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കരുത്തനായ എതിരാളി വേണമെന്ന നിലപാടിൽ കോൺഗ്രസ് എത്തിയത്. സുധാകരൻ അഭിപ്രായം അറിയിച്ചിട്ടില്ലെന്നാണ് വിവരം. സ്ഥാനാർത്ഥിത്വം സംബന്ധിച്ച മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് കെ.സുധാകരൻ പ്രതികരിച്ചില്ല.

കെ.പി.സി.സി അദ്ധ്യക്ഷ പദവും ലോക്‌സഭാ എം.പി സ്ഥാനവുംആരോഗ്യ കാരണങ്ങളാൽ ഒന്നിച്ചു കൊണ്ടുപോകാൻ കഴിയില്ലെന്നും ഒഴിവാക്കണമെന്നും സുധാകരൻ നേതൃത്വത്തോട് അഭ്യർത്ഥിച്ചിരുന്നു. അടുത്ത കാലത്താണ് യു.എസിൽ ചികിത്സ നടത്തി മടങ്ങിയെത്തിയത്.

സുധാകരന് പകരം സ്ഥാനാർത്ഥിയായി മുൻ ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസഫലി, പാർട്ടി ദേശീയ വക്താവ് ഷമാം മുഹമ്മദ്, യൂത്ത് കോൺഗ്രസ് നേതാവ് വി.പി. അബ്‌ദുൾ റഷീദ് തുടങ്ങിയവരെ പരിഗണിച്ചിരുന്നു.

ആലപ്പുഴയിൽ 2009, 2014 തിരഞ്ഞെടുപ്പുകളിൽ ജയിച്ച കെ.സി. വേണുഗോപാലിനെ സ്ഥാനാർത്ഥിയാക്കണമെന്ന് കോൺഗ്രസിലെ ഒരു വിഭാഗംആഗ്രഹിക്കുന്നുണ്ട്. 2019ൽ അദ്ദേഹം മത്സരിച്ചിരുന്നില്ല. നിലവിൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമാണ്. സംഘടനാ ഉത്തരവാദിത്വങ്ങൾ കാരണം മത്സരിക്കില്ലെന്നാണ് വേണുഗോപാലും അറിയിച്ചിരുന്നത്. എം.ലിജു, അഡ്വ. അനിൽ ബോസ്, 2019ൽ മത്സരിച്ച ഷാനി ഉസ്‌മാൻ എന്നീ പേരുകളാണ് ആലപ്പുഴയിൽ ഉയരുന്നത്.

കെ.സുധാകരൻ അടക്കം 16 മണ്ഡലങ്ങളിലും സിറ്റിംഗ് എം.പിമാരെ സ്ഥാനാർത്ഥികളാക്കിയാൽ മുസ്ലിം പ്രാതിനിധ്യം ഉറപ്പാക്കാൻ ആലപ്പുഴയിൽ ഷാനി മോൾ ഉസ്‌മാന് വീണ്ടും അവസരം നൽകേണ്ടി വരുമെന്ന് സൂചനയുണ്ട്. രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കാൻ സാദ്ധ്യത കൂടുതലായതിനാൽ വയനാട്ടിൽ മറ്റൊരാളെ പരിഗണിക്കാൻ കഴിയില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA