SignIn
Kerala Kaumudi Online
Monday, 14 September 2026 8.04 PM IST

മരംമുറിക്കൽ അനുമതി റദ്ദാക്കിയത് കേന്ദ്ര നിയമത്തിന്റെ പേരിൽ

mullaperiyar

തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിന് അരികെയുള്ള പാട്ടഭൂമിയിലെ 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയത് കേന്ദ്രനിയമങ്ങൾ നിഷ്കർഷിച്ചിട്ടുള്ള ക്ലിയറൻസ് ലഭ്യമാക്കാതെയെന്ന് വിലയിരുത്തിയാണ് ഉത്തരവ് റദ്ദാക്കാൻ വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹയ്ക്ക് മന്ത്രിസഭാ യാേഗം നിർദ്ദേശം നൽകിയത്.

തമിഴ്നാട് ജലവിഭവ വകുപ്പിലെ കമ്പം എക്സിക്യൂട്ടീവ് എൻജിനിയർ സമർപ്പിച്ച അപേക്ഷയിലായിരുന്നു അനുമതി.

കേരളം സുപ്രീംകോടതി മുമ്പാകെ നൽകിയ റിട്ട് ഹർജിയിൽ ജനുവരി 22ന് ഫയൽ ചെയ്ത മറുപടി സത്യവാങ്മൂലത്തിൽ മരംമുറിക്കൽ അനുവദിക്കാൻ കേന്ദ്ര പരിസ്ഥിതി,വനം,കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെയും ദേശീയ വന്യജീവി ബോർഡ് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെയും അനുമതി ആവശ്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന ബന്ധങ്ങളെ ബാധിക്കുന്ന വിഷയത്തിൽ തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ടതാണെന്ന് കേരള സർക്കാരിന്റെ റൂൾസ് ഓഫ് ബിസിനസിൽ നിഷ്‌കർഷിച്ചിട്ടുമുണ്ട്.

പിതാവിന്റെ മരണത്തെ തുടർന്ന് പാലായിൽ വസതിയിലുള്ള മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായാണ് മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്. വനം മന്ത്രി നടത്തിയ വെളിപ്പെടുത്തലുകളെ അദ്ദേഹം ഇന്നലെ പാലായിൽ മാദ്ധ്യമപ്രവർത്തകരുടെ മുന്നിൽ തള്ളിപ്പറഞ്ഞിരുന്നു.

മരംമുറി സംബന്ധിച്ച് ഔദ്യോഗിക - അനൗദ്യോഗിക യോഗങ്ങൾ ചേർന്നിട്ടില്ലെന്നും ഇതിന്റെ രേഖയോ, മിനിട്‌സോ ഇല്ലെന്ന് ജലവിഭവ വകുപ്പ് അഡിഷണൽ സെക്രട്ടറി ടി.കെ.ജോസ് തന്നോട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഉത്തരവ് റദ്ദാക്കിയെങ്കിലും മുഖ്യമന്ത്രി ഇനിയും പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഉത്തരവ് ഇറങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ തുറന്നടിച്ചതിന് പിന്നാലെ,വനം മന്ത്രിയും ജലവിഭവവകുപ്പ് മന്ത്രിയും പരസ്പരം പഴിചാരിയതും കാര്യങ്ങൾ അറിഞ്ഞില്ലെന്ന് പറഞ്ഞതും ഇടതു മുന്നണിയെയും വെട്ടിലാക്കിയിരുന്നു. ഡിസംബറിൽ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും തമ്മിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ചർച്ച സുഗമമാക്കാൻ നടത്തിയ അനുനയ നീക്കമായിരുന്നോ അനുമതി ഉത്തരവ് എന്ന സംശയവും ബാക്കിനിൽക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MULLAPERIYAR, BABYDAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA