SignIn
Kerala Kaumudi Online
Thursday, 08 October 2026 1.42 AM IST

ലീഗിൽ വൻ അഴിച്ചുപണി: പി.കെ.കുഞ്ഞാലിക്കുട്ടി പക്ഷത്തിന് മുൻതൂക്കം

aa

മലപ്പുറം: 'ഒരാൾക്ക് ഒരു പദവി' നയം കർശനമാക്കി മുസ്‌ലിം ലീഗിൽ സമഗ്ര അഴിച്ചുപണി. മന്ത്രിമാരെയും എം.എൽ.എമാരെയും സംസ്ഥാന, ജില്ലാ ഭാരവാഹിത്വങ്ങളിൽ നിന്ന് ഒഴിവാക്കി. വൈകാതെ യൂത്ത് ലീഗിലും എം.എസ്.എഫിലും ഇത് നടപ്പാക്കും. സംഘടനാ പ്രവർത്തനവും പാർലമെന്ററി ചുമതലയും രണ്ടായി കാണണമെന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ഉറച്ച നിലപാടാണ് താഴെത്തട്ടിലെ ഈ നയം മുകൾത്തട്ടിലും നടപ്പാക്കാൻ

കാരണം.

പുനഃസംഘടനയിൽ പി.കെ.കുഞ്ഞാലിക്കുട്ടി പക്ഷത്തിന് വ്യക്തമായ മേൽക്കൈ ലഭിച്ചു. സംസ്ഥാന സെക്രട്ടറിമാരും മന്ത്രിമാരുമായിരുന്ന എൻ.ഷംസുദ്ദീൻ, കെ.എം.ഷാജി എന്നിവർക്ക് പുറമെ എം.എൽ.എമാരായ പാറക്കൽ അബ്ദുള്ള, ആബിദ് ഹുസൈൻ തങ്ങൾ എന്നിവർക്കും സംഘടനാ സ്ഥാനങ്ങൾ നഷ്ടമായി. മുൻ എം.എൽ.എ പി.അബ്ദുൽ ഹമീദ്, എ.അബ്ദുറഹ്മാൻ, മുൻ ഡി.വൈ.എഫ്‌.ഐ നേതാവ് ശ്യാംസുന്ദർ ഹരിപ്പാട് എന്നിവരെ സംസ്ഥാന വൈസ് പ്രസിഡന്റുമാരായും മുൻ എം.എൽ.എ പി.ഉബൈദുള്ള, കമാൽ മക്കിയിൽ, റഫീഖ് മണിമല എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.

ജില്ലകളിൽ

അഴിച്ചുപണി

കല്ലട്ര മാഹിൻ ഹാജി എം.എൽ.എയായതോടെ എൻ.എ.നെല്ലിക്കുന്നിനെ കാസർകോട് ജില്ലാ പ്രസിഡന്റായും പി.എം.മുനീർ ഹാജിയെ ജനറൽ സെക്രട്ടറിയായും കെ.ഇ.എ.ബക്കറിനെ ട്രഷററായും തിരഞ്ഞെടുത്തു. മുനീർ-ഷാജി വിഭാഗങ്ങൾക്ക് സ്വാധീനമുണ്ടായിരുന്ന കോഴിക്കോട്, എം.എ.റസാഖ് എം.എൽ.എയായ ഒഴിവിലേക്ക് ടി.ടി.ഇസ്മായിൽ (പ്രസിഡന്റ്), സൂപ്പി നരിക്കാട്ടേരി (ജനറൽ സെക്രട്ടറി), എൻ.സി.അബൂബക്കർ (ട്രഷറർ) എന്നിവരടങ്ങുന്ന പുതിയ നേതൃത്വം വന്നു. പി.അബ്ദുൽ ഹമീദ് സംസ്ഥാന വൈസ് പ്രസിഡന്റായതോടെ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായി അഡ്വ. എം.ഉമ്മറിനെ നിയോഗിച്ചു. എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയായി അഷ്റഫ് മൂപ്പനേയും ട്രഷററായി കെ.എച്ച്.മുഹമ്മദ് കുഞ്ഞിയേയും കൊല്ലത്ത് ജനറൽ സെക്രട്ടറിയായി പോരേടം ബദറിനെയും തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നിസാർ മുഹമ്മദ് സുൽഫി (പ്രസിഡന്റ്), എം.മാഹിൻ അബൂബക്കർ (ജനറൽ സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PK KUNJALIKUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA