SignIn
Kerala Kaumudi Online
Tuesday, 06 October 2026 2.44 AM IST

'സി കെ ജാനു കൃഷ്ണദാസിനോട് ഇതൊന്നും പറയില്ലല്ലോ?' സുരേന്ദ്രന്റെ പുതിയ ശബ്ദരേഖ പുറത്തുവിട്ട് പ്രസീത

k-surendran

തിരുവനന്തപുരം: എൻ.ഡി.എയിൽ തിരിച്ചെത്താൻ സി.കെ. ജാനുവിന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പണം നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട പുതിയ ശബ്ദരേഖ പുറത്ത്. ജാനുവിനെ കാണാനായി ഹോട്ടലിലെത്തും മുൻപ് സുരേന്ദ്രൻ, തന്നെ വിളിച്ച ഫോൺ കോൾ സംഭാഷണമാണ് പ്രസീത പുറത്ത് വിട്ടത്. ജാനുവുമായുള്ള കാര്യങ്ങളൊന്നും കൃഷ്ണദാസ് അറിയരുതെന്ന് ശബ്ദരേഖയിൽ സുരേന്ദ്രന്റേതെന്ന് കരുതപ്പെടുന്ന സംഭാഷണങ്ങളിൽ ആവശ്യപ്പെടുന്നു.

ഞാനിതെല്ലാം റെഡിയാക്കി എന്റെ ബാഗിൽ വച്ചിട്ട് ഇന്നലെ മുതൽ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടു നടക്കുകയാണ്. രാവിലെ ഒൻപത് മണിയോടെ കാണാനെത്താം. സി.കെ. ജാനു കൃഷ്ണദാസിനോട് ഇതൊന്നും പറയില്ലല്ലോ എന്നുമൊക്കെ ശബ്ദരേഖയിൽ പറയുന്നുണ്ട്. ഇക്കാര്യങ്ങളൊന്നും അവർ പറയില്ലെന്നും പ്രസീത ഫോൺ കോളിൽ മറുപടി നൽകുന്നുണ്ട്.

സി.കെ. ജാനുവിന് എൻ.ഡി.എയുടെ ഭാഗമാകാൻ പത്ത് ലക്ഷം രൂപ സുരേന്ദ്രൻ നൽകിയെന്നാണ് പ്രസീതയുടെ ആരോപണം. പണം തരാമെന്ന് സമ്മതിക്കുന്ന സുരേന്ദ്രന്റേതെന്ന് കരുതപ്പെടുന്ന ശബ്ദരേഖയും നേരത്തെ പ്രസീത പുറത്തുവിട്ടിരുന്നു. മാർച്ച് ഏഴാം തീയതി സുരേന്ദ്രൻ നേരിട്ട് പണം നൽകിയെന്നാണ് പ്രസീത പറയുന്നത്. അതിന് ഒരു ദിവസം മുൻപ്, ആറാം തീയതി ഹോട്ടലിൽ എത്തിയ ജാനുവും പ്രസീതയും എട്ടാം തീയതി വരെ ഇവിടെ താമസിച്ചു. പ്രസീത പറയുന്ന 503ആം നമ്പർ റൂമിൽ തന്നെയായിരുന്നു താമസം.

പണം കൈമാറിയതായി പ്രസീത പറയുന്ന തലസ്ഥാനത്തെ ഹോട്ടലിൽ അതേദിവസം സി.കെ. ജാനു താമസിച്ചെന്ന് തെളിയിക്കുന്ന ഹോട്ടൽ ബിൽ പുറത്തായിരുന്നു. ബി.ജെ.പി സംസ്ഥാന കമ്മിറ്റിയാണ് റൂമെടുത്ത് നൽകിയതെന്ന് ഇതിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ എൻ.ഡി.എയുടെ ഘടക കക്ഷിയുടെ നേതാവായ ജാനുവിന് ബി.ജെ.പി മുറി ബുക്ക് ചെയ്ത് നൽകിയതിൽ എന്താണ് തെറ്റെന്നാണ് സുരേന്ദ്രൻ ചോദിക്കുന്നത്. വിവാദം ഗൂഢാലോചനയുടെ ഭാഗമെന്നും പ്രസീതയും സി.പി.എം നേതാവ് പി. ജയരാജനുമായി കണ്ണൂരിൽ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് തന്റെ പക്കൽ തെളിവുണ്ടെന്നും സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSURENDRAN, BJP, K SURENDRAN, SURENDRAN, CK JANU, PRASEETHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA