
കൊച്ചി: മാസങ്ങൾ നീണ്ട അന്വേഷണത്തിനും റെയ്ഡിനുമൊടുവിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണാ വിജയനും കൊച്ചിയിലെ സി.എം.ആർ.എൽ കമ്പനി മേധാവികളുമുൾപ്പെടെ ഒമ്പതു പേർക്ക് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് നോട്ടീസ് നൽകി. വീണയോട് വെള്ളിയാഴ്ച രാവിലെ 11ന് കടവന്ത്രയിലെ ഓഫീസിലെത്താനാണ് നിർദ്ദേശിച്ചത്. ഇത് മാസപ്പടി കേസിൽ വഴിത്തിരിവാകും.
സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്ത, ഭാര്യ ജയ എസ്. കർത്ത, മകൻ ശരൺ എസ്. കർത്ത, സീനിയർ മാനേജർ എൻ.സി. ചന്ദ്രശേഖരൻ, സീനിയർ ഓഫീസർ അഞ്ജു റേച്ചൽ കുരുവിള, ചീഫ് ഫിനാൻഷ്യൽ ഓഫിസർ കെ.എസ്. സുരേഷ്‌കുമാർ എന്നിവർക്ക് ഉൾപ്പെടെയാണ് നോട്ടീസ്. ഇവർ വിവിധ ദിവസങ്ങളിൽ ഹാജരാകണം.
വീണയുടെ എക്‌സാലോജിക് സൊല്യൂഷൻസിന് സി.എം.ആർ.എൽ കമ്പനി 2.78 കോടി രൂപ നൽകിയ ഇടപാടിലെ ദുരൂഹത സംബന്ധിച്ചാണ് അന്വേഷണം. വീണ താമസിക്കുന്ന, പിതാവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലും ഭർത്താവ് മുഹമ്മദ് റിയാസിന്റെ വീട്ടിലും നടത്തിയ റെയ്ഡിന്റെ തുടർച്ചയായാണ് സമൻസെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു. കേസിൽ ആദ്യമായാണ് വീണയെ ഇ.ഡി ചോദ്യം ചെയ്യുന്നത്. പ്രതിഫലം സ്വീകരിച്ചത് എന്ത് സേവനത്തിനാണെന്നതാകും പ്രധാന ചോദ്യം.
നിർണായകം വീണയുടെ നീക്കങ്ങൾ
ചോദ്യം ചെയ്യൽ സംബന്ധിച്ച് വീണാ വിജയനും സി.എം.ആർ.എല്ലുമെടുക്കുന്ന നിലപാട് നിർണായകമാകും. സമൻസ് ലഭിച്ചെങ്കിലും, വ്യക്തമായ കാരണങ്ങൾ രേഖാമൂലമോ അഭിഭാഷകൻ വഴിയോ അറിയിച്ച് ഹാജരാകൽ നീട്ടി വയ്പ്പിക്കാം. മൂന്നു തവണ വരെ ഇങ്ങനെ ചെയ്യാം. മൂന്നു സമൻസിലും ഹാജരായില്ലെങ്കിൽ വ്യക്തി ഉള്ളിടത്തെത്തി ചോദ്യം ചെയ്യാൻ ഇ.ഡിക്ക് അധികാരമുണ്ട്. കസ്‌റ്റഡിയിലെടുത്തും ചോദ്യം ചെയ്യാം. അറസ്റ്റ് തടയണമെന്നോ മുൻകൂർ ജാമ്യം അനുവദിക്കണമെന്നോ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും വീണയ്‌ക്ക് കഴിയുമെന്ന് നിയമ വൃത്തങ്ങൾ പറഞ്ഞു. കള്ളപ്പണം വെളുപ്പിൽ നിരോധന നിയമത്തിലെ (പി.എം.എൽ.എ) കർശന വ്യവസ്ഥകൾ മൂലം മുൻകൂർ ജാമ്യം ലഭിക്കുക എളുപ്പമല്ല.
എക്‌സാലോജിക് ഇടപാടിലെ അന്വേഷണം തടയണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് സ്റ്റേ നേടാൻ സി.എം.ആർ.എല്ലിന് കഴിയും. ഇ.ഡിയുടെ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്താൽ ചോദ്യം ചെയ്യൽ താത്കാലികമായി ഒഴിവാക്കാനാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |