SignIn
Kerala Kaumudi Online
Thursday, 10 September 2026 2.41 AM IST

കറുത്ത വലിയ ശരീരം, നീണ്ട വാല്, ടോർച്ചിന്റെ വെളിച്ചത്തിൽ ടാപ്പിംഗ് തൊഴിലാളി കണ്ടത് വന്യജീവിയെ

wild-animal-in-farm
പ്രതീകാത്മക ചിത്രം

നടുവിൽ: ടൂറിസ്റ്റു കേന്ദ്രമായ പാലക്കയംതട്ടിനു സമീപത്തെ ജനവാസ മേഖലയായ പുല്ലംവനം അയ്യൻ മടയ്ക്കു സമീപം റബ്ബർ തോട്ടത്തിൽ കരിമ്പുലിയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളി. പുലിക്കുരുമ്പ പുല്ലം വനത്തെ കാക്കരക്കുന്നേൽ റോബിൻസ് തോമസ് വീടിനു സമീപത്തെ റബ്ബർ തോട്ടത്തിൽ ടാപ്പിംഗിനു പോയപ്പോളാണ് പുലർച്ചെ 5.30 ഓടുകൂടി കരിമ്പുലിയെ കണ്ടെന്ന് പറയുന്നത്.


ചുള്ളിക്കമ്പുകൾ ഒടിയുന്ന ശബ്ദംകേട്ട ഭാഗത്തേക്ക് ഹെഡ് ലൈറ്റ് തെളിച്ചപ്പോളാണ് ഏകദേശം ഒരു മീറ്ററോളം ഉയരത്തിലുള്ള കറുത്ത നിറത്തിലുള്ള ജീവിയെ കണ്ടത്. ഏതാണ്ട് 45 സെക്കൻഡ്‌നേരം ഹെഡ് ലൈറ്റിന്റെ പ്രകാശത്തിൽ പുലിയെ വ്യക്തമായി കണ്ടതായി റോബിൻസ് പറയുന്നു. നടുവിൽ ഗ്രാമ പഞ്ചായത്തിലെ പുലിക്കുരുമ്പ വാർഡിൽപ്പെട്ട ഈ പ്രദേശത്ത് കൃഷിസ്ഥലങ്ങൾ കാടുപിടിച്ചു കിടക്കുകയാണ്. തൊട്ടടുത്ത പുല്ലംവനം, കോട്ടയം തട്ട്, എന്നിവിടങ്ങളിൽ പട്ടിക വർഗ്ഗ കോളനികളുമുണ്ട്.


ഇവിടെ നിന്നും ഏതാനും കിലോമീറ്റർ അപ്പുറത്ത് കനകക്കുന്ന്, തുരുമ്പി പ്രദേശം കടന്നാൽ വൈതൽ മലയുടെ താഴ്വാരത്തെ വനപ്രദേശമാണ്. പുലിയെ കണ്ട വിവരം ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും ഗ്രാമപഞ്ചായത്ത് അധികൃതരെയും അറിയിച്ചിട്ടുണ്ട്.


കാടുമൂടിയ പ്രദേശം


അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകൻ കൂടിയാണ് റോബിൻസ്. വന്യജീവികളായ കാട്ടുപന്നി, കുരങ്ങ് എന്നിവയുടെ ശല്യം നിമിത്തം കർഷകർ കൃഷി ചെയ്യാത്തതുകൊണ്ട് കൃഷിയിടങ്ങൾ കാടുമൂടി കിടക്കുന്നതിനാൽ പുലി ഉൾപ്പെടെയുള്ള ജീവികളുടെ സാന്നിധ്യം അടുത്ത കാലത്തായി വർദ്ധിച്ചിരിക്കുകയാണ്. ഏതാനും ആഴ്ചകൾക്കു മുമ്പ് സമീപം പഞ്ചായത്തായ ചെങ്ങളായിയിലെ ചുഴലി , കൊളത്തൂർ ഭാഗത്ത് പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ച പ്രകാരം ഫോറസ്റ്റ് വകുപ്പും നാട്ടുകാര്യം തിരച്ചിൽ നടത്തുകയും നിരീക്ഷണ കാമറയും കൂടും സ്ഥാപിച്ചിരുന്നു.


'ഏതാണ്ട് ഇരുപത് മുപ്പത് മീറ്റർ അകലത്തിൽ രണ്ട് വലിയ പച്ചനിറത്തിലുള്ള കണ്ണുകൾ കണ്ടു. കാട്ടുപൂച്ച ആണെന്നാണ് കരുതിയത്, അതിനെ സാധാരണ കാണുന്നതാണ്. പക്ഷേ ഹെഡ് ലൈറ്റ് വെളിച്ചത്തിൽ സൂക്ഷിച്ചു നോക്കിയപ്പോൾ വളരെ വലുപ്പമുള്ള കറുത്ത മൃഗത്തെയാണ് കണ്ടത്. അതെന്നെ തന്നെ നോക്കി നിൽക്കുന്നു. കറുത്ത വലിയ ശരീരവും നീണ്ട വാലുമെല്ലാം കണ്ടപ്പോഴാണ് ഞാൻ കാണുന്നത് ഒരു പുലിയാണെന്ന് മനസ്സിലായത്. ഏതാണ്ട് മൂന്ന് നാല് മിനുറ്റ് മുഖാമുഖം നോക്കി നിന്നു. ടോർച്ച് അതിന്റെ മുഖത്ത് നിന്ന് അല്പം മാറ്റിയപ്പോൾ അത് കുറച്ചു പുറകോട്ട് മാറി. വീണ്ടും നോക്കി നിന്നു. അതിനു ശേഷം പതിയെ ഇരുട്ടിലേക്ക് കയറിപ്പോയി.'


റോബിൻസ്‌

English Summary

A rubber tapping worker reportedly spotted a black panther in a rubber plantation near Ayyan Madakk in Pullamvanam

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RUBBER TAPING, WILDANIMAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA