
തിരുവനന്തപുരം: വീട്ടിലും തൊഴിലിടത്തും മാത്രമല്ല വഴിയോരങ്ങളിൽ വരെ കുഴഞ്ഞു വീണുള്ള മരണങ്ങൾ കൂടുന്നു. സംസ്ഥാനത്ത് അടുത്തിടെയായി ഇത്തരത്തിൽ പെട്ടെന്നുള്ള മരണങ്ങൾ പ്രായഭേദമന്യേ ഉണ്ടാകുന്നുണ്ട്. സർക്കാർ-സ്വകാര്യ ആശുപത്രികളിൽ കുഴഞ്ഞുവീണ് മരണം സംഭവിക്കുന്ന കേസുകളുടെ എണ്ണം വലിയതോതിൽ റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും കാര്യമായ ജാഗ്രത സമൂഹത്തിൽ ഉണ്ടാകുന്നില്ലെന്നാണ് യാഥാർഥ്യം.
മറ്റുരോഗങ്ങളും കാരണമാകാമെങ്കിലും പ്രധാനമായും ഹൃദ്രോഗമാണ് പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നത്. ഹൃദ്രോഗത്തിന് ചികിത്സ തുടരുന്നവരെ അപേക്ഷിച്ച് യാതൊരു രോഗലക്ഷണങ്ങളും പ്രകടിപ്പിക്കാത്തവരാണ് മിക്കപ്പോഴും കുഴഞ്ഞ് വീഴുന്നതും മരണം സംഭവിക്കുന്നതും. തെറ്റായ ഭക്ഷണക്രമം, കൊളസ്‌ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം എന്നിങ്ങനെ ഹൃദ്രോഗ കാരണ സാഹചര്യം പരിചിതമാണ്. എന്നാൽ അമിത മാനസിക സമ്മർദ്ദം, അമിത വ്യായാമം എന്നിങ്ങനെയുള്ള കാരണങ്ങൾ അധികമാരും ശ്രദ്ധിക്കുന്നില്ല. ജിമ്മുകൾ വർദ്ധിച്ചതോടെ വർക്കൗട്ട് ചെയ്യുന്നവർ കൂടി. എന്നാൽ കൃത്യമായ മാർഗനിർദ്ദേശത്തോടെ ശാസ്ത്രീയമായി വ്യായായം ചെയ്തില്ലെങ്കിൽ ഹൃദയാരോഗ്യത്തിന് നല്ലതല്ല. രണ്ടും മൂന്നും മണിക്കൂറുമൊക്കെ തുടർച്ചയായി കഠിനമായി വ്യയാമം ചെയ്യുന്നത് ഒഴിവാക്കണം. വ്യായമാവും അമിതമായാൽ അപത്താണെന്ന് ഹൃദ്രോഗ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കുറേക്കാലം ഒന്നും ചെയ്യാതെ പെട്ടെന്ന് കഠിനമായ വ്യായാമത്തിലേക്ക് പോകുന്നതും അപടകരമായേക്കാം.
'ഹൃദയരാഗം' പദ്ധതിയുമായി സർക്കാർ
ഹൃദ്രോഗമടക്കം ജീവിതശൈലീ രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തി രോഗനിർണയം നടത്താൻ 'ഹൃദയരാഗം' പ്രത്യേക ക്യാമ്പയിന് സംസ്ഥാന ആരോഗ്യവകുപ്പ് രൂപം നൽകിയിട്ടുണ്ട്. ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധം, സ്‌ക്രീനിംഗ്, ചികിത്സ എന്നിവയ്ക്ക് ഏകോപിത ചികിത്സ ഉറപ്പാക്കാനുള്ള പദ്ധതിയാണിത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ അടിസ്ഥാനമാക്കിയാണ് ക്യാമ്പയിൻ. രോഗസാധ്യത കണ്ടെത്തുന്നവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും. ആദ്യം തിരുവനന്തപുരം വട്ടിയൂർക്കാവ്, ഇടുക്കി,നിലമ്പൂർ (മലപ്പുറം) നിയമസഭാ മണ്ഡലങ്ങളിൽ നടപ്പാക്കുന്ന പദ്ധതി പിന്നീട് സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കും.
ഹൃദയപരിശോധന അനിവാര്യം
രോഗത്തിനും രോഗലക്ഷണങ്ങൾക്കും കാത്തിരിക്കാതെ മറ്റ് ആരോഗ്യപരിശോധനകൾപോലെ ഹൃദയപരിശോധനക്കും മുൻഗണന നൽകണം. പാരമ്പര്യമായി ഹൃദ്രോഗമുള്ള കുടുംബങ്ങളിലുള്ളവർ നേരത്തേതന്നെ പരിശോധനകൾ നടത്തൽ പ്രധാനമാണ്. ജന്മനാതന്നെ ഹൃദയസംബന്ധമായ തകരാറുകൾ തിരിച്ചറിയാതെ ജീവിക്കുന്നവരുണ്ടാകാം. അധിക ചെലവില്ലാതെതന്നെ രോഗസാദ്ധ്യതകൾ കണ്ടെത്താവുന്ന പരിശോധനകൾ ഇന്ന് സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ലഭ്യമാണ്.
-ഡോ.സി.ജി ബാഹുലേയൻ (പ്രമുഖ കാർഡിയോളജിസ്റ്റ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |