SignIn
Kerala Kaumudi Online
Thursday, 10 September 2026 9.12 AM IST

തലസ്ഥാനത്തെത്തിയ നീലത്തിമിംഗലം കൊഞ്ച് കൊതിയൻ, ദിവസേന അകത്താക്കുന്നത് നാലുടൺ ചെമ്മീൻ, വേറെ ഒരു മീനിനെയും തൊടില്ല

blue-whale-

തിരുവനന്തപുരം: വലിപ്പത്തിൽ ഭീമനാണെങ്കിലും കൊഞ്ച് (ചെമ്മീൻ) കൊതിയനാണ് നീലത്തിമിംഗലം. വേറെ ഒരു മീനിനെയും തിന്നില്ല. ദിവസേന നാലുടൺ ചെമ്മീൻ അകത്താക്കുന്ന ഇനത്തിൽപ്പെട്ട രണ്ട് തിമിംഗിലങ്ങളാണ് വിഴിഞ്ഞം തീരത്തുകൂടി കടന്നുപോയത്. ഇന്ത്യൻ മഹാസമുദ്രത്തിൽ കൊഞ്ചുകൊതിയൻ തിമിംഗിലങ്ങൾ ധാരാളമുണ്ട്. മറ്റൊരിനം തിമിംഗലത്തിനിഷ്ടം കണവയാണ്. എന്നാൽ കില്ലർ വെയ്ൽ എന്നയിനം തിമിംഗലങ്ങൾ ഏതുതരം മീനുകളെയും വായ്ക്കുള്ളിലാക്കും. വിഴിഞ്ഞം കടൽ തിമിംഗിലങ്ങളുടെ ആവാസകേന്ദ്രമല്ല, യാത്രാപാത മാത്രമാണെന്ന് തിമിംഗില ഗവേഷണം നടത്തുന്ന കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി വിഭാഗം മേധാവി ഡോ.എ. ബിജുകുമാർ പറഞ്ഞു.

തിമിംഗലങ്ങൾക്ക് പ്രത്യേക ആവാസവ്യവസ്ഥ വേണ്ടെങ്കിലും അന്റാർട്ടിക്കയാണ് ഏറ്റവുമിഷ്ടം. മഞ്ഞുപാളികളും ചെമ്മീൻ പോലുള്ള ക്രിൽ എന്ന ചെറുജീവികൾ ഏറെയുള്ളതുമാണ് കാരണം. ഇന്ത്യയിൽ തിമിംഗലങ്ങളുടെ സാന്നിദ്ധ്യം ഏറെ കണ്ടെത്തിയത് ലക്ഷദ്വീപിലാണ്. എന്നാൽ അവിടെയും ഇവയ്ക്ക് ആവാസമില്ല. കരയിൽ നിന്ന് 20 കിലോമീറ്ററും അതിലധികവും ദൂരത്തിലൂടെയാണ് ഇതിന്റെ യാത്ര. 100 അടി നീളവും 200 ടൺ ഭാരവുമുള്ള (33 ആനകളുടേതിന് സമം) ശരീരവുമായി ആഴം കുറഞ്ഞിടത്തെത്താൻ ഇവയ്ക്ക് കഴിയില്ല. അതിനാൽ മത്സ്യത്തൊഴിലാളികൾ ഭയക്കേണ്ട കാര്യവുമില്ല. കടൽരാജാവ് എന്നാണ് മത്സ്യത്തൊഴിലാളികൾ ഇതിനെ വിളിക്കാറുള്ളതെന്ന് ഡോ.എ. ബിജുകുമാർ പറഞ്ഞു.

വിഴിഞ്ഞം തീരത്തെ തിമിംഗല സാന്നിദ്ധ്യത്തെക്കുറിച്ച് കൂടുതൽ പഠനം ആവശ്യമാണ്. എത്ര തിമിംഗലങ്ങൾ ഇതുവഴി വരുന്നെന്ന് കണ്ടെത്തണം. ഐക്യരാഷ്ട്രസഭയുടെ നിയന്ത്രണത്തിനുള്ള മറൈൻ നെറ്റ്വർക്ക് ഫണ്ടിംഗ് മാത്രമാണ് തിമിംഗില ഗവേഷണത്തിന് ഇപ്പോൾ ലഭ്യമാകുന്നത്. സർക്കാരിന്റെയോ കേരള സർവകലാശാലയുടെയോ കൂടുതൽ ഫണ്ടിംഗുണ്ടെങ്കിൽ ഗവേഷണം കാര്യക്ഷമമാക്കാം. 2014ൽ കൊല്ലം തങ്കശേരിയിൽ ചത്ത നീലത്തിമിംഗിലം കരയ്ക്കടിഞ്ഞിരുന്നു.

തിമിംഗലത്തെ കണ്ടെത്തുന്നത് ഇങ്ങനെ

കടലിനടിയിൽ നൂറുമീറ്റർ വരെ താഴ്ചയിൽ പ്രത്യേക ഉപകരണം സ്ഥാപിച്ചാണ്
ഇവയുടെ ശബ്ദം റെക്കാഡ് ചെയ്യുന്നത്. ഇത് ഒരെണ്ണത്തിന് ഒന്നരലക്ഷത്തിലേറെ ചെലവുണ്ട്. 10 കിലോമീറ്റർ അകലെ വച്ച് ശബ്ദമുണ്ടാക്കിയാലും ഇതിൽ റെക്കാഡ് ചെയ്യാം. മൂന്നുമാസം വരെ ശബ്ദം റെക്കാഡ് ചെയ്തശേഷം ഡൈവിംഗ് വിദഗ്ദ്ധരുടെ സഹായത്തോടെ യന്ത്രം തിരിച്ചെടുക്കും.

ഇത്രകാലത്തെ ശബ്ദറെക്കാഡിംഗ് ഡൗൺലോഡ് ചെയ്ത് ഗവേഷകർ ശബ്ദം വിശകലനം ചെയ്താണ് തിമിംഗിലത്തിന്റേത് കണ്ടെത്തുക അഞ്ച് മീറ്ററിനുള്ളിൽ വന്നാലേ വീഡിയോയിൽ കിട്ടൂ, അതിനാൽ തിമിംഗല സാന്നിദ്ധ്യം കണ്ടെത്താൻ വീഡിയോ ഉപകരണം സ്ഥാപിക്കുക പ്രായോഗികമല്ല.


'തിമിംഗിലങ്ങളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് കൂടുതൽ പഠനം നടത്തും.
മത്സ്യത്തൊഴിലാളികൾക്ക് ഒരുതരത്തിലും ദോഷകരമല്ല ഇവയുടെ സാന്നിദ്ധ്യം.'

ഡോ.എ. ബിജുകുമാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BLUE WHALE, PRAWNS, WHALE, VIZHINJAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA