
സ്വന്തം തറവാട് തുറന്ന് നൽകി ഉണ്ണികൃഷ്ണൻ പുത്തൂർ
കണ്ണൂർ: 70 വർഷത്തിലേറെ പഴക്കം, അഞ്ചുവർഷം മുൻപുവരെ ആചാരനിഷ്ഠകളുടെ ഇടം. പിലാത്തറ പുത്തൂർ ചീരവള്ളി ഇല്ലത്ത് ഇന്ന് പേപ്പർ- തുണി ബാഗ്, നെറ്റിപ്പട്ടം, മെഴുകുതിരി, ജൂട്ട് മൊമെന്റോ വരെ നിർമ്മിക്കുന്നു. ഒരു കൂട്ടം ഭിന്നശേഷിക്കാർക്ക് ഒരുമിച്ച് കൂടാനും ഉപജീവനത്തിനും അവസരവുമായി. ജാതി, മത വേലിക്കെട്ടുകളെല്ലാം അതിൽ അലിഞ്ഞുപോയി, ഇപ്പോൾ ഇൻസ്‌പെയർ കൂട്ടായ്മയെന്ന പേരും സ്റ്റാർട്ടപ്പ് കമ്പനിയുമായി വളർന്നു ആ കൂട്ടായ്മ. നൂറോളം പേരുള്ള ഇക്കൂട്ടത്തിലെ അംഗങ്ങൾ തന്നെയാണ് ഓഹരി ഉടമകൾ.
ഭിന്നശേഷിക്കാരെ സാധാരണ നിലയിലേക്കെത്തിക്കണം എന്നാഗ്രഹിച്ച സി.എം. ഉണ്ണികൃഷ്ണൻ പുത്തൂർ എന്ന ഉണ്ണിമാഷ് സ്വന്തം തറവാട് അതിനായി തുറന്നുനൽകുകയായിരുന്നു. കൂട്ടായ്മയെ നയിക്കുന്നതും അദ്ദേഹമാണ്. കാസർകോട് സ്‌പെഷ്യൽ ടീച്ചർ ട്രെയിനിംഗ് സെന്ററിൽ ലൈബ്രേറിയനായിരിക്കെ ഇത്തരം ജീവിതങ്ങൾ അദ്ദേഹത്തിന് മുന്നിലുണ്ട്. കാഴ്ചപരിമിതർ, ഓട്ടിസം ബാധിതർ, സംസാരശേഷിയില്ലാത്തവർ അങ്ങനെ പലതരം മനുഷ്യർ. കണ്ണൂർ, കാസർകോട് ജില്ലകളിലെ 18 മുതൽ 65 വയസ് വരെയുള്ള ഇത്തരക്കാരാണ് ഇക്കൂട്ടത്തിലുള്ളത്. ചെറുതാഴം കൃഷിഭവന്റെ ഫ്രൂട്ട് ക്ലസ്റ്റർ പദ്ധതിയിൽ 1,200 നേന്ത്രവാഴകൾ കഴിഞ്ഞവർഷം വിളവെടുത്തു. ചെറുകിടതൊഴിലിന് യന്ത്രങ്ങളും സ്ഥാപിച്ചു. ഭാര്യ ശൈലജ അദ്ധ്യാപികയാണ്. മക്കൾ: ആദിമാധവ്, ഗൗതം ഗോവിന്ദ്.
കരവിരുത് വിദേശത്തേക്കും
# 2030ഓടെ ചെറുവീടുകളും കൂടുതൽ തൊഴിലവസരങ്ങളുമുള്ള മാതൃകാവില്ലേജാണ് ലക്ഷ്യം. 2024ൽ ശൈലം വില്ലേജ് എന്ന ആശയത്തിന് കീഴിൽ ആരംഭിച്ച സ്റ്റാർട്ടപ്പ് ക2026ൽ സ്റ്റാർട്ടപ്പ് ഇന്ത്യയുടെയും കേരള സ്റ്റാർട്ടപ്പ് മിഷന്റെയും അംഗീകാരം നേടി. അഞ്ചു ഡയറക്ടർമാരും ഭിന്നശേഷിക്കാർ.
# പേപ്പർ ബാഗ് മുതൽ ജൂട്ട്-തുണി ബാഗ് വരെ നിർമ്മിക്കുന്നു. മസ്‌കറ്റിലെ ഹെൽവ ടൈലറിംഗ് യൂണിറ്റിന് 300ലേറെ ബാഗ് നൽകി. താജ് റിസോർട്ട് ഗ്രൂപ്പിൽ നിന്നും ഓർഡർ. മസ്‌കറ്റ്, ബഹ്റിൻ എന്നിവിടങ്ങളിലേക്കാണ് കയറ്റുമതി
ഇവരെല്ലാം തൊഴിലാളികളല്ല, കമ്പനി ഉടമകളാണ്. കഴിവുള്ള മേഖലയിൽ അവസരവും പ്രോത്സാഹനവും കിട്ടിയാൽ ഇനിയും വളരും
-ഉണ്ണിക്കൃഷ്ണൻ പുത്തൂർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |