
കൊല്ലം: ധാതു സംസ്കരണ രംഗത്ത് പ്രവർത്തിക്കുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലുമായി ചേർന്ന് സംസ്ഥാനത്ത് സ്ഥിരകാന്തം നിർമ്മിക്കുന്ന അപൂർവ ധാതു സംസ്കരണ പ്ലാന്റ് ആരംഭിക്കാൻ ലോകത്തിലെ ഏറ്റവും വലിയ കൽക്കരി ഉല്പാദക കമ്പിനിയും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡിന്റെ തീരുമാനം. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രതിരോധ സാമഗ്രികൾ, ഉപഗ്രഹങ്ങൾ, ഇലക്ട്രിക് മോട്ടോറുകൾ, ജനറേറ്ററുകൾ, മൊബൈൽ ഫോൺ, കാറ്റാടി യന്ത്രങ്ങൾ എന്നിവയുടെ നിർമ്മാണത്തിന് ആവശ്യമായ സ്ഥിരകാന്തം ഇറക്കുമതി ചെയ്യുന്നതിന് പകരം ഇവിടെ ഉല്പാദിപ്പിക്കാനാകും.
പ്ലാന്റ് നിർമ്മാണത്തിൽ സഹകരിക്കാൻ കെ.എം.എം.എല്ലിന് സംസ്ഥാന സർക്കാർ തത്വത്തിൽ അനുമതി നൽകി. സ്ഥിരകാന്ത നിർമ്മാണത്തിനു ആവശ്യമായ അറ്റോമിക് ധാതുക്കൾ കൈവശമുള്ളതിനു പുറമേ ഖനനത്തിനും അനുമതിയുള്ള സ്ഥാപനമെന്ന നിലയിലാണ് കെ.എം.എം.എല്ലിനെ കോൾ ഇന്ത്യ പങ്കാളിയാക്കുന്നത്. ഇരു സ്ഥാപനങ്ങളും കൂടിയാകും ചെലവ് വഹിക്കുക.
രാജ്യത്ത് സ്ഥിരകാന്ത നിർമ്മാണ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള സാമ്പത്തിക സഹായത്തിനു കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം ക്ഷണിച്ച ടെൻഡറിൽ കോൾ ഇന്ത്യയും പങ്കെടുക്കുന്നുണ്ട്. അപൂർവ ധാതുക്കൾ കൈവശമുള്ള കെ.എം.എം.എല്ലിനെ സ്ട്രാറ്റജിക് പാർട്ണറാക്കിയാണ് ടെൻഡർ സമർപ്പിച്ചിരിക്കുന്നത്. ഇതുൾപ്പെടെ ലഭിച്ച 20 ടെൻഡറുകളിൽ ബാക്കിയെല്ലാം സ്വകാര്യ കമ്പനികളുടേതാണ്. എന്നാൽ അറ്റോമിക് ധാതുക്കളുടെ ഖനനത്തിന് രാജ്യത്ത് സ്വകാര്യ കമ്പനികൾക്ക് അനുമതിയില്ല. കെ.എം.എം.എല്ലിനു ധാതു ഖനനത്തിന് അനുമതിയുള്ളതിനാൽ കോൾ ഇന്ത്യയ്ക്കു തന്നെ ടെൻഡർ ലഭിക്കുമെന്നാണ് പ്രതീക്ഷ. സ്ഥിരകാന്ത നിർമ്മാണത്തിന് (കിലോയ്ക്ക്) ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തിരിക്കുന്ന അഞ്ചു കമ്പനികൾക്കാകും കേന്ദ്രസഹായം ലഭിക്കുക. കേന്ദ്രസഹായം ലഭിച്ചില്ലെങ്കിലും കെ.എം.എം.എല്ലുമായി ചേർന്ന് ധാതുസംസ്കരണ പ്ലാന്റ് ആരംഭിക്കാനാണ് കോൾ ഇന്ത്യയുടെ ആലോചന.
ചൈനയോട് മത്സരിക്കാം
ലോകരാജ്യങ്ങൾക്ക് ആവശ്യമായ സ്ഥിരകാന്തത്തിന്റെ 90 ശതമാനവും ചൈനയാണ് നൽകുന്നത്. കേരളത്തിലടക്കം പ്ലാന്റുകൾ വരുന്നതോടെ ഇന്ത്യക്ക് ഈ മേഖലയിൽ നേട്ടം കൊയ്യാം.
പ്ലാന്റ് നിർമ്മാണത്തിന് വേണ്ടത് ₹ 1200 കോടി
കേന്ദ്ര സഹായം ₹ 150 കോടി
വില്പന പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സഹായം
5 വർഷത്തിനിടയിൽ ₹ 1200 കോടി
കേരളത്തിന് 44% ഓഹരി
സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ കെ.എം.എം.എല്ലിനു 44 ശതമാനം ഓഹരി നൽകാനാണ് ധാരണ. കോൾ ഇന്ത്യക്ക് 51 ശതമാനവും ധാതു സംസ്കരണ സാങ്കേതികവിദ്യ സ്വന്തമായുള്ള കേന്ദ്ര സ്ഥാപനമായ നോൺ ഫെറസ് മെറ്റീരിയൽസ് ടെക്നോളജി ഡെവലപ്പ്മെന്റ് സെന്ററിന് 5 ശതമാനവുമാകും ഓഹരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |