ശാരീരിക പരിമിതികളോടും പ്രാരാബ്ധങ്ങളോടും പൊരുതി തന്റെ സ്വപ്‌ന സാഫല്യത്തിനായി പോരാടുകയാണ് സന്ധ്യയെന്ന 18കാരി. ജനിച്ചപ്പോൾ തന്നെ കൈകാലുകൾ സന്ധ്യക്കില്ലായിരുന്നു. മുട്ടുവരെ മാത്രം കൈകാൽ വളർച്ചയുള്ള ലോക്കോമോട്ടോർ ഡിസെബിലിറ്റി എന്ന അവസ്ഥയാണ് സന്ധ്യയുടെ ജീവിതത്തിൽ വില്ലനായത്. എന്നിരുന്നാലും തന്റെ ജീവിതത്തിലെന്നും താങ്ങും തണലുമായി നിൽക്കുന്ന അമ്മ രേഖയ്ക്ക് ജീവിതത്തിൽ സന്തോഷം നൽകുകയെന്നതാണ് സന്ധ്യയുടെ ഏറ്റവും വലിയ ആഗ്രഹം. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ചും സ്വപ്‌നങ്ങളെക്കുറിയും ലക്ഷ്യങ്ങളെക്കുറിച്ചും കേരളകൗമുദി ഓൺലൈനോട് മനസുതുറക്കുകയാണ് സന്ധ്യ.
തിരുവനന്തപുരം പാച്ചല്ലൂർ പനത്തുറയാണ് സന്ധ്യയുടെ സ്വദേശം. അച്ഛൻ സന്തോഷ് കുമാർ കൂലിത്തൊഴിലാളിയാണ്. അമ്മ രേഖ ഒരു സ്ഥാപനത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നു. അനുജത്തി അഖിത ആറാം ക്ളാസ് വിദ്യാർത്ഥിനിയും. വൈകല്യങ്ങളോട് പോരാടി സന്ധ്യ പ്ളസ് ടു കൊമേഴ്‌സിൽ മികച്ച വിജയം കരസ്ഥമാക്കി. ബിഎസ്‌സി ആനിമേഷൻ പഠിക്കണമെന്നാണ് സന്ധ്യയുടെ ആഗ്രഹം. എന്നാൽ വീട്ടിലെ സാമ്പത്തിക ഞെരുക്കങ്ങളും രോഗാവസ്ഥയും അതിന് അനുവദിക്കുന്നില്ല.
ഓട്ടോയിൽ യാത്ര ചെയ്താണ് സന്ധ്യ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. എൽകെജി മുതൽ നാലാം ക്ളാസ് വരെ ജിഡബ്ള്യൂഎൽപിഎസ് പനത്തുറയിലാണ് പഠിച്ചത്. അഞ്ചുമുതൽ പത്തുവരെ വാഴമുട്ടം ഗവ. ജിഎച്ച്‌എസ്‌എസിൽ പഠിച്ചു. മണക്കാട് ജിവിഎച്ച്‌എസ്‌എസിലായിരുന്നു ഹയർസെക്കൻഡറി പഠനം. സ്‌കൂൾ കാലത്ത് കൂട്ടുകാരും സ്‌കൂളിലെ ആയമാരുമെല്ലാം ഏറെ സഹായിച്ചു. അമ്മയോ മുത്തച്ഛനോ ഓട്ടോയിൽ കയറ്റിയിരുത്തും. ഒറ്റക്കായിരുന്നു സ്‌കൂളിലേക്കുള്ള യാത്ര. അവിടെയെത്തുമ്പോൾ കൂട്ടുകാരോ ആയമാരോ വണ്ടിയിൽ നിന്ന് പുറത്തിറക്കി ക്ളാസിലിരുത്തും.
ബിരുദപഠനത്തിനായി പോകണമെന്ന് ഏറെ ആഗ്രഹിച്ചെങ്കിലും വീട്ടിലെ സാഹചര്യങ്ങൾ അതിനനുവദിച്ചില്ല. യാത്രാചെലവാണ് ഏറ്റവും ബുദ്ധിമുട്ടേറിയതെന്ന് സന്ധ്യ പറയുന്നു. ബസിൽ കയറാൻ സാധിക്കില്ല. ദിവസേനയുള്ള ഓട്ടോ യാത്ര ചെലവ് അധികരിക്കുന്നു. കൂടാതെ വീട്ടിലേക്കെത്താനുള്ള ഇടുങ്ങിയ വഴിയും യാത്ര ഏറെ ദുസഹമാക്കുന്നു. ഇടുങ്ങിയ വഴിയിലൂടെ വീൽ ചെയറിൽ യാത്ര ചെയ്യാനാകില്ലെന്ന് സന്ധ്യ പറഞ്ഞു. ഇക്കാരണങ്ങളാലാണ് തുടർപഠനം സാദ്ധ്യമാകാതെ പോകുന്നതെന്നും പെൺകുട്ടി വെളിപ്പെടുത്തി.
നല്ലൊരു ചിത്രകാരി കൂടിയാണ് സന്ധ്യ. അഞ്ച് വയസ് മുതൽതന്നെ ചിത്രരചനയിൽ കമ്പമുണ്ടായിരുന്നു. അഞ്ചാം ക്ളാസ് മുതൽ ചിത്രചരന പഠിച്ച് തുടങ്ങി. എൻ കെ സുനുവെന്ന ചിത്രകലാ അദ്ധ്യാപകന്റെ കീഴിലാണ് പഠനം നടത്തുന്നത്. ഇന്ന് പോർട്രേറ്റ് ചിത്രങ്ങൾക്ക് പുറമെ ഗ്ളാസ് പെയിന്റിംഗ്, ഫാബ്രിക് പെയിന്റിംഗ്, ബോട്ടിൽ ആർട്ട്, എംബ്രോയ്‌ഡറി തുടങ്ങിയവയിൽ വിദഗ്ദ്ധയാണ് സന്ധ്യ. വർക്കുകൾ ചെയ്തുകൊടുക്കുന്നുമുണ്ട്. തന്റേതായ രീതിയിൽ വരുമാനം കണ്ടെത്തുന്നതിലും കുടുംബത്തിന് സഹായമാകുന്നതിലും അഭിമാനിക്കുകയും ചെയ്യുന്നു. ആദ്യമൊക്കെ വരക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെന്ന് സന്ധ്യ പറഞ്ഞു. എട്ടുവർഷത്തെ നിരന്തരമായ പഠനവും നിശ്ചയദാർഢ്യവുമാണ് ഇന്നത്തെ നിലയിലെത്തിച്ചത്. അത്യാവശ്യം വർക്കുകൾ ലഭിക്കുന്നുണ്ട്. ഏറെയും പോർട്രേറ്റുകളാണ് ചെയ്ത് നൽകുന്നത്.
അമ്മയുടെ പിന്തുണയാണ് ജീവിതത്തിൽ ഇതുവരെ എത്തിപ്പെടാൻ സാധിച്ചതെന്ന് സന്ധ്യ പറഞ്ഞു. കുടുംബത്തിൽ എല്ലാവരുടെ പിന്തുണയുമുണ്ട്. എന്നാൽ ഏറെയും തുണ അമ്മയാണ്. ആർട്ട് വർക്കിലൂടെ കുറച്ചുകൂടി വരുമാനം കണ്ടെത്തി അമ്മയ്ക്ക് കൂടുതൽ സഹായമാവുകയെന്നതാണ് തന്റെ ആഗ്രഹമെന്നും സന്ധ്യ വെളിപ്പെടുത്തി. തന്റെ വർക്കുകൾ 'സന്ധ്യാസ് വേൾഡ്' എന്ന യുട്യൂബ് ചാനലിലും 'സന്ധ്യാസ് ആർട്ട്' എന്ന ഇൻസ്റ്റാഗ്രാം പേജിലും പങ്കുവയ്ക്കുന്നുണ്ട്. ആവശ്യക്കാർക്ക് 8590421679 നമ്പറിൽ ബന്ധപ്പെടാം.
Eighteen-year-old Sandhya R.S. from Thiruvananthapuram, born with a locomotor disability, achieved excellent Plus Two Commerce results. She aspires to study BSc Animation but faces financial and travel difficulties. A skilled artist, Sandhya creates and sells various artworks online to generate income and support her family, showcasing her determination.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |