SignIn
Kerala Kaumudi Online
Thursday, 03 September 2026 1.45 AM IST

കെ.എസ്.ആർ.ടി.സി. ബസിന് മുത്തമിട്ട് ഡ്രൈവറുടെ പടിയിറക്കം

READ ENGLISH VERSION
paul-kurian

ഇടുക്കി: കെ.എസ്.ആർ.ടി.സിയിൽ ഔദ്യോഗിക ജീവിതത്തിലെ അവസാന ട്രിപ്പ് കഴിഞ്ഞ് പോൾ കുര്യൻ, ബസ് നിറുത്തി ടയറുകളിൽ തൊട്ടുതൊഴുതു. ബസിൻ്റെ മുൻവശത്ത് ഇരുകൈകൾ കൊണ്ടും തൊട്ട്, ഒരു മുത്തം, നിറകണ്ണുകൾ തുടച്ചു. ഇടുക്കിയിലെയും കട്ടപ്പനയിലെയും ഡിപ്പോകളിൽ 18 വർഷം സേവനമനുഷ്ഠിച്ച പോൾ കുര്യൻ പടിയിറങ്ങുമ്പോൾ കൂടെയുണ്ടായിരുന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു. തൊഴിലിനോടും വാഹനത്തോടുമുള്ള ഡ്രൈവറുടെ ആദരവിന്റെ ദൃശ്യങ്ങൾ നിമിഷനേരം കൊണ്ടാണ് സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തത്. 'തൊഴിലിനെ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന യഥാർത്ഥ ഡ്രൈവറുടെ സ്‌നേഹമാണിത് " എന്നാണ് പലരും കുറിച്ചത്.

കട്ടപ്പന കൈരളി തെക്കേക്കരോട്ട് പോൾ കുര്യൻ (56) കുമളി ഡിപ്പോയിലായിരുന്നു അവസാനത്തെ എട്ട് വർ‌ഷം. കുമളി- കമ്പം റൂട്ടിലെ ഒരേ ബസ് തന്നെയാണ് ഓടിച്ചിരുന്നത്. ഇതുവരെ അപകടമോ ബ്രേക്ക് ഡൗണോ ഉണ്ടാക്കാത്ത ഈ ബസിനോട് പോളിന് പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. ആ സ്നേഹപ്രകടനമാണ് നടത്തിയതും. കുമളി ഡിപ്പോയിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇടാനായി കെ.എസ്.ആ‌ർ.ടി.സി വർക്ക് ഷാേപ്പിലെ ജീവനക്കാരൻ ജോസ് ഫിലിപ്പാണ് വീഡിയോ എടുത്തത്. ഡ്രൈവ‌റായ അനന്തു മോഹൻദാസ് ഫേസ്ബുക്കിലിട്ടതോടെയാണ് വീഡിയോ വൈറലായത്. മുമ്പ് കർണാടകയിൽഏറെ നാൾ പ്രൈവറ്റ് ബസ് ഡ്രൈവറായിരുന്നു പോൾ.

ഭാര്യ: സൂസമ്മ. മക്കൾ‌: അന്ന സൂസൻ പോൾ, എബിൻ പോൾ.


'എട്ട് വ‌ർഷത്തോളം ഓടിച്ച ബസിനോട് പ്രത്യേക അടുപ്പമുണ്ട്. ഇതുവരെ അപകടമൊന്നുമുണ്ടായിട്ടില്ല. ബ്രേക്ക് ഡൗണായില്ല. ഈ ബസും റൂട്ടും കിട്ടുകയാണെങ്കിൽ എംപാനൽ ഡ്രൈവറായി തുടരാൻ ആഗ്രഹമുണ്ട്."

-പോൾ കുര്യൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRIVER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA