
കണ്ണൂർ: കാലവർഷം ശക്തമായതോടെ നേന്ത്രപ്പഴത്തിന് വില വർദ്ധിച്ചെങ്കിലും നേട്ടമില്ലാതെ കർഷകർ. ജില്ലയിലെ വിവിധ വിപണികളിൽ കിലോയ്ക്ക് 50 മുതൽ 60 രൂപ വരെ വിലയുണ്ടെങ്കിലും കർഷകർക്ക് 28 മുതൽ 32 രൂപ വരെ മാത്രമാണ് ലഭിക്കുന്നത്. വായ്പയെടുത്ത് കൃഷിയിറക്കിയതിന്റെ മുടക്കു മുതൽ പോലും ലഭിക്കുന്നില്ലെന്നാണ് മലയോര മേഖലയിലെ കർഷകർ പറയുന്നത്. കാലവർഷം കനത്തതോടെ നേന്ത്രപ്പഴത്തിന് ആവശ്യക്കാർ ഏറിയതോടെയാണ് 40 രൂപയിൽ നിന്ന് ഒറ്റയടിക്ക് 60 രൂപ വരെ വില കുതിക്കാനുള്ള കാരണങ്ങളിലൊന്ന്.
ഏപ്രിൽ, മേയ് മാസങ്ങളിലെ കടുത്ത ചൂട് കാരണം നേന്ത്രപ്പഴ കർഷകർക്ക് ഭീമമായ നഷ്ടമായിരുന്നു നേരിടേണ്ടി വന്നത്. ജലാംശം കൂടിയ പഴങ്ങൾക്ക് വേനലിൽ ഡിമാൻഡ് വർദ്ധിച്ചതായിരുന്നു പ്രധാന കാരണം. കാലാവസ്ഥ മൂലമുണ്ടായ പ്രതിസന്ധികളും വേനൽ മഴയും കർഷകർക്ക് പ്രതിസന്ധിയുണ്ടാക്കി. മേയ് മാസത്തിൽ പെയ്ത വേനൽ മഴയിൽ ചെറുപുഴ, പയ്യാവൂർ, ഉളിക്കൽ, ഇരിട്ടി മേഖലകളിലെ വാഴകൾക്ക് നാശനഷ്ടമുണ്ടായി.
കർണാടകയിൽ നിന്ന് വ്യാപാരികൾ നേന്ത്രപ്പഴത്തിന്റെ ഇറക്കുമതി കൂട്ടിയതും മലയോര കർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
അതിർത്തി ജില്ലയായ വയനാട്ടിൽ നിന്നുള്ള വരവ് കൂടിയതും ജില്ലയിലെ നേന്ത്രവാഴ കർഷകർക്ക് ഭീഷണിയാണ്. തളിപ്പറമ്പ് മാർക്കറ്റിലേക്ക് കർണാടകയിൽ നിന്നും വയനാട്ടിൽ നിന്നും നേന്ത്രപ്പഴം എത്തുന്നുണ്ട്. ഇറക്കുമതി ചിലവിൽ കുറവുണ്ടായതിനാൽ തളിപ്പറമ്പ് മാർക്കറ്റിൽ രണ്ടര കിലോ നേന്ത്രപ്പഴം 100 രൂപയ്ക്കും വ്യാപാരികൾ വിൽപ്പന നടത്തുന്നുണ്ട്.
പരിപാലനച്ചെലവ് ഏറെ
ഒരു നേന്ത്രവാഴ നട്ടുപരിപാലിക്കാൻ ശരാശരി 350 രൂപ ചെലവ് വരും. മാർക്കറ്റിലേക്ക് എത്തിക്കാനുള്ള ചിലവ്, തൊഴിലാളികൾക്ക് കൊടുക്കാനുള്ള ചിലവ് എന്നിവ വേറെയും. ഒമ്പത് കിലോയോളം തൂക്കം വരുന്ന കുല ലഭിച്ചാൽ പോലും വിറ്റഴിച്ചാൽ എങ്ങനെ മുന്നോട്ടുപോകുമെന്ന ചോദ്യമാണ് കർഷകർ ഉയർത്തുന്നത്. ബാങ്കുകളിൽനിന്ന് വായ്പ എടുത്തും പലിശക്ക് കടം വാങ്ങിയും പാട്ടത്തിന് സ്ഥലമെടുത്തുമാണ് കൃഷി നടത്തുന്നത്. വിലയിടിവും ഇതര ജില്ലകളിൽനിന്നുള്ള ഇറക്കുമതിയും കാരണം ജില്ലയിലെ കർഷകർ നേരിടുന്നത് രൂക്ഷമായ പ്രതിസന്ധിയാണ്.
കയറ്റുമതി കുറഞ്ഞു
മാസങ്ങൾ നീണ്ട ഗൾഫ് മേഖലയിലെ സംഘർഷം ജില്ലയിലെ നേന്ത്ര കർഷകർക്കും പ്രതിസന്ധിയുണ്ടാക്കി. ഗൾഫിലേക്കുള്ള കയറ്റുമതി കുറഞ്ഞതോടെ കർഷകരുടെ വരുമാനത്തിൽ വലിയ കുറവാണ് ഉണ്ടായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |