SignIn
Kerala Kaumudi Online
Tuesday, 13 October 2026 2.26 PM IST

ആപ്പിൾ മുതൽ പേരയ്‌ക്ക വരെ, വന്യമൃഗങ്ങൾ പട്ടിണി കിടക്കരുത്; കല്ലൂർ ബാലൻ പ്രതിദിനം നൽകുന്നത് 500 കിലോ പഴങ്ങളും പച്ചക്കറികളും

kalloor-balan

പാലക്കാട്: കല്ലൂർ ബാലൻ വരുന്നുണ്ട്. പഴങ്ങളും പച്ചക്കറികളുമായി. കാടും നാടും ചുട്ടുപൊള്ളുമ്പോൾ ഭക്ഷണത്തിനും ദാഹജലത്തിനുമായി കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ പട്ടിണിക്ക് പരിഹാരം തേടുകയാണ് ഈ പ്രകൃതിസ്നേഹി.


75 കാരനായ കല്ലൂർ ബാലൻ പതിറ്റാണ്ടായി കർമ്മം തുടരുകയാണ്. അയ്യർമലയിലെ മുച്ചീരി മുതൽ മുണ്ടൂർ വഴുക്കപ്പാറ വരെയുള്ള ഏഴു കിലോമീറ്ററോളം പ്രദേശത്തെ കുരങ്ങ്, മുള്ളൻപന്നി, കാട്ടുപന്നി, മയിൽ എന്നിവയ്ക്കാണ് വിവിധതരം പഴങ്ങളും കുടിവെള്ളവും എത്തിക്കുന്നത്. അയ്യർമല, കിണാവല്ലൂർ, വഴുക്കപ്പാറ, മുണ്ടൂർ, ധോണിമല, വാളയാർ വനമേഖലകൾക്കിടയിലെ വിവിധ കേന്ദ്രങ്ങളിലായി ദിവസേന ശരാശരി 500 കിലോ പഴം - പച്ചക്കറികളാണ് ബാലേട്ടൻ കരുതിവയ്ക്കുന്നത്. വേനൽച്ചൂട് കടുക്കുന്നതോടെ കുടിവെള്ളം നൽകുന്നതിന് കൽത്തൊട്ടികളും സജ്ജീകരിക്കാറുണ്ട്.

കേടായിത്തുടങ്ങിയെങ്കിലും കഴിക്കാവുന്ന ആപ്പിൾ, മാതളം, ഓറഞ്ച്, പേരയ്ക്ക, വാഴപ്പഴം, തണ്ണിമത്തൻ, ചക്ക, പച്ചക്കറികൾ തുടങ്ങിയവ പാലക്കാട് വലിയ അങ്ങാടി മുതൽ ഒറ്റപ്പാലംവരെയുള്ള മൊത്തവ്യാപാരികളിൽ നിന്ന് ശേഖരിക്കും. രാവിലെ ജീപ്പിൽ വനമേഖലയിലേക്ക്. പക്ഷി, മൃഗാദികളെ അന്നമൂട്ടിയും വൃക്ഷത്തൈകൾ നട്ടും തിരിച്ചെത്തുമ്പോൾ സൂര്യൻ അസ്തമിച്ചിരിക്കും. ഭാര്യ: ലീല. മക്കൾ: രാജേഷ്, രതീഷ്, രജനീഷ്. അലൂമിനിയം ഫാബ്രിക്കേഷൻ, ലെയ്ത്ത്, എ.സി മെക്കാനിസം എന്നിവയാണ് മക്കളുടെ പ്രവർത്തന മേഖല.

 വന്യജീവികൾ കാടിറങ്ങുന്നത്?

വനമേഖലയിൽ ചൂടു കൂടിയതും മഴയില്ലാത്തതിനെ തുടർന്ന് ജലസ്രോതസുകൾ വറ്റിവരണ്ടതും ഭക്ഷണലഭ്യത കുറഞ്ഞതുമാണ് വന്യമൃഗങ്ങൾ ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങാനുള്ള പ്രധാന കാരണം. വന്യ മൃഗങ്ങൾക്ക് അവരുടെ ആവാസവ്യവസ്ഥയിൽ ഭക്ഷണം ലഭ്യമാക്കണം. വനം നിയമം പ്രകാരം കാടിനുള്ളിൽ കയറി മൃഗങ്ങൾക്ക് അന്നമൂട്ടുന്നതിന് തടസമുണ്ട്. കാടിനുള്ളിലെത്തി ഭക്ഷണം നൽകാനുള്ള അനുമതിക്കായി വനംവകുപ്പിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ് കല്ലൂർ ബാലൻ.

 കാൽ ലക്ഷം തൈ നട്ടു

പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലായി മാവ്, പ്ലാവ്, പുളി, ഉങ്ങ്, വേപ്പ്, നെല്ല്, ഞാവൽ, പന, മുള തുടങ്ങി ഇതിനോടകം 25 ലക്ഷത്തോളം തൈകൾ നട്ടു. ഒരുകോടി തൈ നടുകയാണ് ലക്ഷ്യം. വനംമിത്ര, കേരളമിത്ര, ബയോ ഡൈവേഴ്സിറ്റി, ഭൂമിമിത്ര തുടങ്ങിയ അവാർഡുകൾ നേടിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALLOR BALAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA