SignIn
Kerala Kaumudi Online
Tuesday, 06 October 2026 10.28 AM IST

'കേരളത്തിലെ കായലില്‍ പുതിയ ദ്വീപ് രൂപപ്പെടുന്നു' ഇവരുടെ മുന്നറിയിപ്പ് അവഗണിക്കേണ്ട

READ ENGLISH VERSION
kochi

കൊച്ചി: കായലില്‍ ദ്വീപ് രൂപപ്പെടുന്നുവെന്നും വര്‍ഷംതോറും ഇത് ബലപ്പെടുന്നുവെന്നും മത്സ്യത്തൊഴിലാളികള്‍. കൈതപ്പുഴ കായലിന്റെ അരൂര്‍ - ഇടക്കൊച്ചി പാലത്തിന് പടിഞ്ഞാറ് വശത്തായി മണല്‍ത്തിട്ട ദ്വീപായി രൂപപ്പെടുന്നുവെന്നാണ് അവര്‍ പറയുന്നത്. എക്കലും മണ്ണും ചെളിയും അടിഞ്ഞുകൂടിയാണ് ദ്വീപ് രൂപപ്പെട്ടതെന്നും ഇത് വര്‍ഷംതോറും ബലപ്പെട്ടുവരികയാണെന്നും തൊഴിലാളികള്‍ പറയുന്നു. കുറച്ച്കാലങ്ങള്‍ക്കപ്പുറം കായലിന് നടുവില്‍ ഒരു ദ്വീപായി ഇത് മാറുമെന്നും ഇതുകാരണം വലിയ ദുരിതമുണ്ടാകുമെന്നുമാണ് തൊഴിലാളികളുടെ ആശങ്ക.

മത്സ്യത്തൊഴിലാളികളുടെ ചെറുവള്ളങ്ങളും വിനോദസഞ്ചാരത്തിന് ഉപയോഗിക്കുന്ന യാനങ്ങളും പലപ്പോഴും മണത്തിട്ടയില്‍ ഉറച്ചുപോയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മാസങ്ങള്‍ക്കു മുമ്പ് വിവാഹത്തിനു പോയ സംഘം സഞ്ചരിച്ചിരുന്ന വലിയ വള്ളം മണ്‍തിട്ടയില്‍ ഉറച്ചുപോയത് മണിക്കൂറുകളാണ്. മത്സ്യത്തൊഴിലാളികള്‍ എത്തിയാണ് ഇവരെ രക്ഷപ്പെടുത്തി കരയിലേക്ക് എത്തിച്ചത്. കുമരകത്ത് നിന്ന് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച സ്പീഡ് ബോട്ട് രാത്രികാലത്ത് ഇവിടെ കുടുങ്ങിയിരുന്നു. പകലാണ് രക്ഷാപ്രവര്‍ത്തനം സാദ്ധ്യമായത്.

വേലിയിറക്ക സമയത്ത് മാത്രമാണ് മണ്‍തിട്ട ദൃശ്യമാകുന്നത്. അല്ലാത്ത സമയങ്ങളില്‍ നിരവധി ജലയാനങ്ങള്‍ക്കാണ് ദുരിതമുണ്ടാക്കുന്നത്. അതിവേഗത്തില്‍ എത്തുന്ന ജലയാനങ്ങള്‍ ദ്വീപിലിടിച്ച് യാത്രക്കാര്‍ ഉള്‍പ്പെടെ തെറിച്ചുപോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. റെയില്‍വേ പാലങ്ങളുടെ നിര്‍മാണം നടക്കുമ്പോള്‍ പുറന്തള്ളുന്ന അവശിഷ്ടങ്ങളാണ് ഇത്തരത്തില്‍ എക്കലും ചെളിയുമായി മാറി ദ്വീപുകള്‍ രൂപപ്പെടുന്നതിന് പ്രധാന കാരണം. നിര്‍മാണ പ്രവര്‍ത്തനം നടക്കുമ്പോള്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചെങ്കിലും പ്രതിഷേധിച്ചവരെ പിന്തിരിപ്പിക്കുകയാണ് ചെയ്തതെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

കായലിന് ആഴം കുറയുന്നത് മത്സ്യബന്ധനത്തേയും പലപ്പോളും ബാധിക്കുകയും കായലിലെ ആവാസ വ്യവസ്ഥയ്ക്ക് പ്രതിസന്ധിയുണ്ടാകുകയും ചെയ്യുന്നുവെന്നും തൊഴിലാളികള്‍ ആശങ്കപ്പെടുന്നു. അധികാരികളുടെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപെടലുണ്ടാകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. കായലില്‍ ദ്വീപുകള്‍ രൂപപ്പെടുന്നതിന് കാരണമായ ചെളിയും മണ്ണും എക്കലും നീക്കം ചെയ്യണമെന്ന് പലതവണ ആവശ്യപ്പെട്ടുവെങ്കിലും അധികാരികള്‍ ആവശ്യം പരിഗണിച്ചില്ലെന്ന പരാതിയും ഇവര്‍ ഉന്നയിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOCHI, LAKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA