
ആലപ്പുഴ:വീട്ടുകാർ താനാണെന്ന് കരുതി മൃതദേഹം സംസ്കരിച്ച് സഞ്ചയനം നടത്തുമ്പോൾ രാജേഷ് ജയിലിലുണ്ടായിരുന്നു, ഒന്നുമറിയാതെ. ലോട്ടറി വിറ്റ് അദ്ദേഹം തിരിച്ചുപിടിക്കുകയാണ്, 21 വർഷം മുൻപ് ജയിലധികൃതരുടെ പിഴവിൽ ഉലഞ്ഞ ജീവിതം!
ഹരിപ്പാട് കരുവാറ്റ പുത്തൻപുരയിൽ കെ.രാജേഷ് (50)ആണ് ജീവിച്ചിരിക്കെ 'പരേതനായ'ത്. തിരുവനന്തപുരം സെൻട്രൽ ജയിലിൽ വിചാരണത്തടവുകാരനായിരിക്കെ 2005ജൂലായിലാണ് ഹൃദയാഘാതം മൂലം രാജേഷ് മരണപ്പെട്ടതായി ജയിലധികൃതർ അറിയിക്കുന്നത്. കുടുംബാംഗങ്ങൾ
മൃതദേഹം ഏറ്റുവാങ്ങി വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. തടവുകാരനായിരുന്ന തിരുവനന്തപുരം സ്വദേശി അനിൽകുമാറായിരുന്നു മരിച്ചത്. അനിൽകുമാറിന്റെ ജയിൽ നമ്പർ 7372. രാജേഷിന്റേത് 7273ഉം. അനിൽകുമാറിന്റേതായി രേഖകളിൽ എഴുതിയത് രാജേഷിന്റെ നമ്പരായിരുന്നു.
നാട്ടുകാരൻ വിചാരണത്തടവുകാരനായി ജയിലെത്തിയപ്പോഴാണ് താൻ 'മരിച്ചെന്നും' സംസ്ക്കാരവും സഞ്ചയനവും കഴിഞ്ഞെന്നും 11ാം ദിവസം രാജേഷ് അറിഞ്ഞത്. ജയിൽ സൂപ്രണ്ടിനെ അറിയിച്ചപ്പോൾ, നമ്പർ എഴുതിയതിലെ പിശക് മൂലം മൃതദേഹം മാറിയെന്ന് കണ്ടെത്തി.
മൃതദേഹം ഏറ്റുവാങ്ങിയപ്പോൾ ബന്ധുക്കൾ സംശയിച്ചിരുന്നു. വെളുക്കുകയും വണ്ണംവയ്ക്കുകയും ചെയ്തതിനാലും പോസ്റ്റ്മോർട്ടം നടത്തിയതിനാലും തോന്നുന്നതാണെന്ന് ജയിലധികൃതർ ഉറപ്പിച്ചുപറഞ്ഞു. അച്ഛൻ കരുണാകരന് കാഴ്ചശക്തി നന്നേകുറവായിരുന്നു. അമ്മ വർഷങ്ങൾക്ക് മുമ്പേ മരിച്ചു. സഹോദരൻ രാജീവ് മുംബെയിലായിരുന്നു. പതിനാറടിയന്തരത്തിനുളള ഒരുക്കങ്ങൾക്കിടെയാണ് രാജേഷ് ജീവിച്ചിരിക്കുന്നുവെന്ന വിവരം നാട്ടിലറിഞ്ഞത്. തുടർന്ന് ജാമ്യം ലഭിച്ച് നാട്ടിലെത്തി.
രോഗിയായിരിക്കെ ദുരിതം
പതിനാറാംവയസ്സിൽ മസ്കുലാർ ഡിസ്ട്രോഫി ബാധിതനായിരുന്നു. അനധികൃത മദ്യക്കച്ചവടം നടത്തിയതിനാണ് 2004ഒക്ടോബറിൽ എക്സൈസിന്റെ പിടിയിലാവുന്നത്. ജാമ്യത്തിലിറക്കാൻ ആരുമില്ലാതെ വിചാരണത്തടവുകാരനായി 11മാസം ജയിലിലായി. ശിക്ഷ കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ രോഗം അൽപ്പം ഭേദപ്പെട്ട കാലയളവിൽ സുമനസുകൾ സമ്മാനിച്ച മുച്ചക്രവണ്ടിയിൽ മത്സ്യകച്ചവടം നടത്തി. വിവാഹിതനായി. എന്നാൽ വൈകാതെ രോഗം കലശലായതോടെ സ്വന്തമായി എഴുന്നേറ്റ് നിൽക്കാൻ പോലുമാകാത്ത അവസ്ഥയിലായി. കുടുംബം പോറ്റാൻ വീടിന്റെ ആധാരം പണയപ്പെടുത്തി ഇലക്ട്രിക് വീൽചെയർ വാങ്ങി ലോട്ടറിക്കച്ചവടം തുടങ്ങി. ഭാര്യ:രമ. മകൾ:അന്ന.
മാനനഷ്ടകേസിൽ പതിനയ്യായിരം രൂപ അനുവദിച്ചിരുന്നു. അതിലേറെയായിരുന്നു കോടതിച്ചെലവ്. ജയിലധികൃതർക്കെതിരെ നടപടിയുണ്ടായോ എന്നറിയില്ല. മരിച്ച അനിൽകുമാറിന്റെ കുടുംബത്തെ വി.എസ് .സർക്കാർ സഹായിച്ചത് മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു.
- രാജേഷ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |