ആലപ്പുഴ: പെട്രോൾ പമ്പുകളിൽ ഇന്ധനം നിറച്ചശേഷം അശ്രദ്ധമായി വാഹനം ഓടിച്ചുപോകുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. അടുത്തിടെ ജില്ലയിൽ രണ്ട് പമ്പ് ജീവനക്കാർക്കാണ് വാഹനത്തിൽ ബന്ധിപ്പിച്ചിരുന്ന ഫ്യുവൽ ഡിസ്പൻസർ കാലിൽ കുരുങ്ങി ഗുരുതരമായി പരിക്കേറ്റത്. ചേർത്തല കട്ടച്ചിറ പഞ്ചായത്ത് കവലയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പിലെ ജീവനക്കാരി കോടംതുരുത്ത് മട്ടനേവെളിയിൽ ജ്യോതിഷിന്റെ ഭാര്യ എം.എസ് ബിജിമോൾക്ക് (52) ഗുരുതരമായി പരിക്കേറ്റ വിവരം സി.സി ടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പുറംലോകം അറിഞ്ഞത്.
ആഗസ്റ്റ് 29ന് രാത്രിയായിരുന്നു സംഭവം. ചേർത്തല സ്വദേശിയായ യുവാവും അമ്മയും ഭാര്യയും എത്തിയ കാറിൽ ആയിരം രൂപയ്ക്കാണ് പെട്രോൾ നിറയ്ക്കാൻ ആവശ്യപ്പെട്ടത്. മുൻകൂർപണവും നൽകി.എന്നാൽ,എഴുന്നൂറ് രൂപയുടെ പെട്രോൾ കയറിയ സമയം അപ്രതീക്ഷിതമായി കാർ അതിവേഗതയിൽ മുന്നോട്ടെടുത്തുനു.
ഡിസ്പെൻസർ ഹോസ് കാലിൽ കുടുങ്ങിയതോടെ പൊങ്ങിപ്പോയ ബിജിമോൾ, ശക്തമായി അടിച്ചുവീണു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി വലത് തോളിൽ സ്റ്റീൽ പ്ലേറ്റ് സ്ഥാപിച്ചു. തോളിലെ അസ്ഥി രണ്ട് കഷ്ണമായി ഒടിഞ്ഞു. തലയിടിച്ചാണ് വീണതെങ്കിലും നെറ്റിയിലെ ആഴത്തിലുള്ള മുറിവിനപ്പുറം ഗുരുതരപ്രശ്നങ്ങളൊന്നുമുണ്ടായില്ല.
കളർകോട് പക്കി ജംഗ്ഷനിലെ പമ്പിൽ ഈമാസം ആറിന് സമാനരീതിയിലുണ്ടായ അപകടത്തിൽ വാരിയെല്ലിന് പരിക്കേറ്റ ജീവനക്കാരൻ ആലപ്പുഴ കൈതവന സ്വദേശി രാമചന്ദ്രൻ (52) ചികിത്സയിലാണ്. കൈയ്ക്ക് സ്വാധീനക്കുറവുള്ള രാമചന്ദ്രൻ കാറിൽ നിന്ന് ഹോസ് നീക്കുന്നതിന് മുമ്പ് വാഹനം മുന്നോട്ട് പായുകയായിരുന്നു.
ജില്ലയിൽ അടുത്തിടെ രണ്ട് അപകടങ്ങൾ
അടുത്തിടെ രണ്ട് അപകടങ്ങളാണ് സമാന സ്വഭാവത്തിൽ ജില്ലയിലെ പെട്രോൾ പമ്പുകളിൽ ഉണ്ടായത്
ഇന്ധനം നിറയ്ക്കാനെത്തുന്നവരുടെ അശ്രദ്ധയാണ് ഇത്തരം അപകടങ്ങളിലേക്ക് നയിക്കുന്നത്
ഇന്ധനം നിറച്ച് കഴിഞ്ഞ് നോസിൽ മാറ്റിയെന്ന് കണ്ണാടിയിലൂടെയോ, നേരിട്ടോ വാഹനം ഓടിക്കുന്നയാൾ ഉറപ്പാക്കണം
പമ്പ് ജീവനക്കാരുടെ വ്യക്തമായ സിഗ്നൽ ലഭിച്ച ശേഷം മാത്രം വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുക്കുക
ഇന്ധനം നിറയ്ക്കുന്ന സമയത്ത് വാഹനം പൂർണ്ണമായും ഓഫ് ചെയ്ത് നിർത്തിയിടുക
അപകടസാദ്ധ്യതകൾ
തീപിടുത്തം: നോസിലും ഹോസും ബലമായി വലിയുമ്പോൾ ഉണ്ടാകുന്ന ഘർഷണം കാരണം തീപിടിക്കാൻ സാദ്ധ്യതയുണ്ട്
ഇന്ധന ചോർച്ച: ഹോസ് പൊട്ടുമ്പോഴോ, കണക്ഷൻ വേർപെടുമ്പോഴോ, ഉയർന്ന സമ്മർദ്ദത്തിലുള്ള ഇന്ധനം പുറത്തേക്ക് തെറിക്കുകയും സമീപത്തുള്ള ചൂടുള്ള എൻജിൻ ഭാഗങ്ങളിൽ വീണ് വലിയ അഗ്നിബാധയ്ക്ക് കാരണമാവുകയും ചെയ്യാം
യൂണിറ്റ് ഇളകാം : ഡിസ്പെൻസിംഗ് മെഷീൻ ശക്തിയായി തകർന്നു വീഴാനോ അതിന്റെ ആന്തരികമായ ഇലക്ട്രിക്കൽ വയറിംഗുകൾക്ക് കേടുപാടുകൾ സംഭവിച്ച് ഷോർട്ട് സർക്യൂട്ട് ഉണ്ടാകാനോ സാദ്ധ്യതയുണ്ട്
ഇന്ധനം പൂർണമായി നിറയ്ക്കാത്തതിനാൽ വാഹനം ഓടിച്ചുകൊണ്ടുപോകുമെന്ന് യാതൊരുപ്രതീക്ഷയുമുണ്ടായിരുന്നില്ല
- ജ്യോതിഷ് (അപകടത്തിൽപ്പെട്ട ബിജിമോളുടെ ഭർത്താവ്)
Alappuzha district has reported two severe accidents at petrol pumps recently, caused by drivers prematurely moving their vehicles while refueling. Pump workers M.S. Bijimol (52) suffered a broken shoulder, and Ramachandran (52) sustained rib injuries after being dragged by fuel dispenser hoses. These incidents highlight the dangers of driver negligence during fuel stops.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |