SignIn
Kerala Kaumudi Online
Saturday, 12 September 2026 1.03 AM IST

വാർപ്പുപണിക്കൊപ്പം കെട്ടിപ്പടുത്തത് സ്വപ്‌നം നീറ്റിൽ റാങ്കോടെ 'ഡോ.ഇർഷാദ് ' എം.ബി.ബി.എസിലേക്ക്

READ ENGLISH VERSION
irshad

മലപ്പുറം: വാർപ്പുപണിക്ക് ശേഷം കൂലിയുമായി വിയർപ്പോടെ വീട്ടിലേക്ക് മടങ്ങുമ്പോൾ ഇർഷാദിന്റെ മനസിൽ കത്തിയെരിഞ്ഞത് ഒരേയൊരു സ്വപ്നമായിരുന്നു- തിരക്കുള്ളൊരു ആശുപത്രിയിൽ സ്റ്റെതസ്‌കോപ്പുമായി നടക്കുന്ന സ്വന്തം രൂപം!. ഇന്ന് ആ സ്വപ്നത്തിന്റെ തിളക്കമുള്ളൊരു ഘട്ടത്തിലാണ് കാളികാവ് തെക്കേടത്ത് കരിപ്പായി അബ്ദുൽ അസീസിന്റെയും ഖൈറുന്നീസയുടെയും മകനായ ഡോ.ഇർഷാദ് അലി (29). ബി.എ.എം.എസ് പൂർത്തിയാക്കി രണ്ടുവർഷത്തിനുശേഷം ഇത്തവണത്തെ നീറ്റ് പരീക്ഷയിൽ സംവരണ വിഭാഗത്തിൽ രണ്ടാം റാങ്ക് നേടി കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് പ്രവേശനം നേടി. ഈ മാസം 20ന് ക്ലാസ് ആരംഭിക്കും.

കാളികാവിൽ തട്ടുകട നടത്തുകയാണ് ഉപ്പ അബ്ദുൽ അസീസ്. കുടുംബത്തിലൊരാൾ ഡോക്ടറാകണമെന്ന ആഗ്രഹം എല്ലാവരും പങ്കുവച്ചപ്പോഴും സാമ്പത്തിക സാഹചര്യങ്ങൾ ചോദ്യചിഹ്നമായിരുന്നു. നാട്ടിലെ സുഹൃത്തായ ഡോക്ടരുടെ പ്രോത്സാഹനമാണ് എൻട്രൻസ് എഴുതാൻ ഇർഷാദിന് പ്രചോദനമായത്. രണ്ടാം ശ്രമത്തിൽ 2016ൽ ഷൊർണൂർ ആയുർവേദ മെഡിക്കൽ കോളേജിൽ ബി.എ.എം.എസിന് പ്രവേശനം നേടി. കൊവിഡ് പ്രതിസന്ധിയും പരീക്ഷകളിലുണ്ടായ താമസവും കാരണം 2024ലാണ് കോഴ്സും ഇന്റേൺഷിപ്പും പൂർത്തിയായത്. പഠനത്തിന് ബാങ്കുവായ്പ ലഭിച്ചിരുന്നെങ്കിലും ഹോസ്റ്റൽ ഫീസിനും മറ്റു ചെലവുകൾക്കുമായി ഇർഷാദ് നിർമ്മാണ കമ്പനിയിൽ ജോലിക്ക് കയറി. ഒഴിവുസമയങ്ങളിലെല്ലാം ജോലി ചെയ്തു.

സ്‌നാക്‌സ് ബിസിനസും

എൻട്രൻസ് പരിശീലനവും

ബി.എ.എം.എസിന് ശേഷം ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്‌തെങ്കിലും കൂടുതൽ രോഗികളെ പരിചരിക്കാനും അക്കാഡമിക ഉയർച്ചയ്‌ക്കുമുള്ള ആഗ്രഹം അലോപ്പതിയിലേക്ക് വഴിതിരിച്ചു. പഠനച്ചെലവുകൾക്കായി അനിയന്മാരുമൊത്ത് വൈകുന്നേരങ്ങളിൽ ബജിക്കടകളിലേക്കും കഫേകളിലേക്കും പലഹാരങ്ങൾ എത്തിക്കുന്ന ചെറിയൊരു ബിസിനസും നടത്തിയിരുന്നു. കോഴിക്കോട്ടെ സ്വകാര്യ കോച്ചിംഗ് സെന്ററിൽ ആഴ്ചയിൽ രണ്ട് മൂന്ന് ദിവസങ്ങളുള്ള ബാച്ചിൽ ചേർന്നായിരുന്നു നീറ്റ് പരീക്ഷയ്ക്കായുള്ള ഒരുക്കം. എൻജിനിയറിംഗ് വിദ്യാർത്ഥികളായ ഇർഫാൻ,ഇസ്‌ലാഹ്,നാലാം ക്ലാസുകാരൻ ഇഫ്സാൻ എന്നിവരാണ് സഹോദരങ്ങൾ.

'ഒരു ജോലിയെയും ചെറുതായി കാണേണ്ടതില്ല. മെയിൻവാർപ്പുള്ള ദിവസം കൂലിക്കുപുറമെ

ബിരിയാണിയും അധികമായി 100 രൂപയും കിട്ടും. അത് വലിയ സന്തോഷമുള്ള ദിവസമാണ്".

ഡോ. ഇർഷാദ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DOCTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA