
തിരുവനന്തപുരം: മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയെ അനാവശ്യമായ വൈദ്യുതകാന്തിക തരംഗങ്ങളിൽ നിന്ന് രക്ഷിക്കുന്ന സാങ്കേതികവിദ്യയ്ക്ക് കേരള സർവകലാശാല പേറ്റന്റ് നേടി. ഫിസിക്സ് വകുപ്പിലെ അദ്ധ്യാപകരായ ഡോ. സുബോധ് ജി, ഡോ. ബിജു വി, പോസ്റ്റ് ഡോക്ടറൽ ഗവേഷക ഡോ. രാഖി എം, ഗവേഷക വിദ്യാർത്ഥി കൃഷ്ണജ എം.യു എന്നിവരുടെ സംഘം വികസിപ്പിച്ച ഇലക്ട്രോമാഗ്നറ്റിക് ഇന്റർഫെറൻസ് ഷീൽഡിംഗ് അഥവാ ഇ.എം.ഐ ഷീൽഡിംഗ് എന്ന സാങ്കേതികവിദ്യയ്ക്കാണ് പേറ്റന്റ് കിട്ടിയത്. വിമാനങ്ങൾ, ബഹിരാകാശ വാഹനങ്ങൾ, മെഡിക്കൽ ഇംപ്ലാന്റുകൾ, അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവർത്തനത്തിലെ കൃത്യത ഉറപ്പാക്കുക എന്നിവയ്ക്ക് ഇവ അനിവാര്യമാണ്. സാധാരണയായി ലോഹങ്ങൾ, കാർബൺ നാനോ പദാർത്ഥങ്ങൾ (ഫില്ലറുകൾ), ലോഹങ്ങളും മറ്റ് വസ്തുക്കളും ചേർന്ന മിശ്രിതങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. എന്നാൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വരുംതലമുറ വികസനങ്ങളായ ധരിക്കാവുന്നതും രൂപഭേദം വരുത്താവുന്നതുമായ ഉപകരണങ്ങളെ സംരക്ഷിക്കുന്നതിന് ആധുനിക ഇ.എം.ഐ ഷീൽഡിംഗ് മെറ്റീരിയലുകൾ ആവശ്യമാണ്. വലിച്ചുനീട്ടാവുന്നതും രൂപഭേദം വരുത്താവുന്നതുമാണ് ഇവ.
പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യ
ജീവജാലങ്ങൾക്കും പരിസ്ഥിതിക്കും ദോഷകരമല്ലാത്ത പോളിവിനൈൽ ആൽക്കഹോൾ അധിഷ്ഠിതമായി ഹൈഡ്രോജലിന്റെ വൈദ്യുതി കടത്തിവിടാനുള്ള കഴിവ് രാസമാറ്റങ്ങളിലൂടെ ക്രമീകരിക്കുകയാണ് ചെയ്യുക. ഇതോടൊപ്പം പദാർത്ഥത്തിന്റെ ഫ്ലെക്സിബിലിറ്റിയും വലിച്ചുനീട്ടാനുള്ള കഴിവും നിലനിറുത്തും.
പ്രതിരോധ ഗവേഷണരംഗത്തും മെഡിക്കൽ രംഗത്തുമുൾപ്പെടെയുള്ള സാങ്കേതിക വികസനങ്ങൾക്ക് അനിവാര്യമാണിത്. വ്യാവസായിക പ്രാധാന്യവുമേറെയാണ്. പൂർണമായി കേരള സർവകലാശാലയുടെ ഗവേഷണ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഫിസിക്സ് ലബോറട്ടറിയിൽ ഈ ഷീൽഡ് വികസിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |