SignIn
Kerala Kaumudi Online
Friday, 11 September 2026 2.22 PM IST

'വേണമെങ്കിൽ പോയി കേസ് കൊടുക്ക്' എന്നുപറഞ്ഞു, കടയുടമയ്ക്ക് പോയത് 15,000 രൂപ

shop
പ്രതീകാത്മക ചിത്രം

തൃശൂർ: കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തു വിൽക്കുകയും ചോദ്യംചെയ്ത വീട്ടമ്മയോട് മോശമായി പെരുമാറുകയും ചെയ്ത കടയുടമയ്ക്ക് തൃശൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ശിക്ഷ വിധിച്ചു. ഹർജിക്കാരിക്ക് ഉത്പന്നത്തിന്റെ വിലയായ 175 രൂപ തിരികെ നൽകുന്നതിനൊപ്പം 15,000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും നൽകാനാണ് വിധി. തിരൂരിലെ ഫാൻസി സ്റ്റോർ ഉടമയ്‌ക്കെതിരെ പോട്ടോർ കേശവം റെസിഡൻസിയിലെ സിന്ധു അശോക് കുമാർ ഫയൽ ചെയ്ത ഹർജിയിലാണ് നടപടി.

2023 മാർച്ച് 19ന് 175 രൂപ നൽകി വാങ്ങിയ 'യാർഡ്‌ലി ലണ്ടൻ ഇംഗ്ലീഷ് ബ്ലോസം' എന്ന ഉത്പന്നത്തിന്റെ കാലാവധി 2022 ഡിസംബറിൽ കഴിഞ്ഞിരുന്നു. കാലാവധി കഴിഞ്ഞത് ചൂണ്ടിക്കാട്ടിയപ്പോൾ 'വേണമെങ്കിൽ പോയി കേസ് കൊടുക്ക്' എന്നായിരുന്നത്രെ കടയുടമയുടെ മറുപടി. സ്ഥാപനം നൽകിയ ബിൽ മാഞ്ഞുപോകുന്ന അവസ്ഥയിലുമായിരുന്നു.

സേവനത്തിലെ വീഴ്ചയും അനുചിതമായ വ്യാപാര രീതിയും മുൻനിറുത്തി, ഉത്പന്നത്തിന്റെ വിലയായ 175 രൂപയ്ക്ക് പുറമെ 10,000 രൂപ നഷ്ടപരിഹാരമായും 5,000 രൂപ കോടതിച്ചെലവായും നൽകാൻ സി.ടി.സാബു പ്രസിഡന്റും എസ്.ശ്രീജ, ആർ.റാം മോഹൻ എന്നിവർ അംഗങ്ങളുമായ ബെഞ്ച് ഉത്തരവിട്ടു. ഉപഭോക്താക്കൾക്ക് വ്യക്തതയുള്ളതും മാഞ്ഞുപോകാത്തതുമായ ബില്ലുകൾ നൽകണമെന്നും വിധിയിൽ കമ്മിഷൻ വ്യക്തമാക്കി.

English Summary

The Thrissur District Consumer Disputes Redressal Commission punished a shop owner for selling an expired cosmetic product and behaving rudely with a woman who questioned him about it.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EXPIRED COSMETIC PRODUCT, THRISSUR CONSUMER COMMISSION, SHOP OWNER PUNISHMENT, കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തു, തൃശൂർ ഉപഭോക്തൃ കമ്മിഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA