
കോഴിക്കോട്: ഓട്ടോറിക്ഷയിൽ ഓക്‌സിജൻ സിലിണ്ടറും അതിലെ ജീവവായു ശ്വസിക്കാൻ മാസ്കും ധരിച്ച് മുഹമ്മദ് ഓട്ടത്തിലാണ്. 72-ാം വയസിൽ സ്വന്തം ഓട്ടോയിൽ യാത്രക്കാരുമായി സവാരി പോകുന്ന മുഹമ്മദ് നാടിനെ അതിശയിപ്പിക്കുകയാണ്.
വെന്റിലേറ്ററിൽ നിന്നാണ് കോഴിക്കോട് പറമ്പിൽ ബസാർ സ്വദേശി മുഹമ്മദിന്റെ മടങ്ങിവരവ്. അന്നു തുടങ്ങിയതാണ് ഓക്സിജൻ സിലിണ്ടറുമായുള്ള ആത്മബന്ധം.
കൊവിഡാണ് ജീവിതം മാറ്റിമറിച്ചത്. 2023 ഏപ്രിലിൽ കൊവിഡ് പ്രതിരോധ വാക്സിൻ (കൊവിഷീൽഡ്) എടുത്ത ശേഷം ശരീരത്തിൽ ഓക്സിജന്റെ അളവ് 24 ആയി കുറഞ്ഞു. ഒക്ടോബർ 17 മുതൽ ഏഴ് ദിവസം വെന്റിലേറ്ററിലായി. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോ. സന്തോഷിന്റെ ചികിത്സയും പ്രോത്സാഹനവുമാണ് പഴയ തൊഴിൽ ജീവിതം തിരികെ നൽകിയത്. 'വീട്ടിലിരുന്നാൽ രോഗിയാകും, വണ്ടിയെടുത്ത് ഇറങ്ങിക്കോ..." എന്നാണ് ഡോക്ടർ ഉപദേശിച്ചത്. അദ്ദേഹത്തിന്റെ നിർദ്ദേശത്തിലാണ് ഓട്ടോയിൽ സിലിണ്ടർ ഘടിപ്പിച്ചതും.
1976ലാണ് ഓട്ടോറിക്ഷ ഓടിക്കാൻ തുടങ്ങിയത്. രാവിലെയും വൈകിട്ടും സവാരിക്കിറങ്ങും. വീട്ടമ്മയായ ഭാര്യയും രണ്ടാൺമക്കളും അടങ്ങുന്നതാണ് കുടുംബം. മക്കളിൽ ഒരാളും ഓട്ടോ ഓടിക്കുകയാണ്.മറ്റേയാൾ എ.സി മെക്കാനിക്കാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |