SignIn
Kerala Kaumudi Online
Wednesday, 10 June 2026 3.58 AM IST

കാലിഫോർണിയ ടു ബാലരാമപുരം: നികിതയുടെ കാരുണ്യ പാഠം

aa

തിരുവനന്തപുരം: പഠനത്തിനൊപ്പം സ്വയംതൊഴിലായാണ് നികിത ബാലരാമപുരം കൈത്തറി ഉത്പന്നങ്ങളുടെ വില്പന തുടങ്ങിയത്. അതും അമേരിക്കയിലെ കാലിഫോർണിയയിൽ. ഇപ്പോൾ തന്റെ ലാഭവിഹിതം പഠനോപകരണങ്ങളും ബാഗുകളും കുടകളുമാക്കി ബാലരാമപുരത്തെ കൈത്തറി തൊഴിലാളികളുടെ മക്കളിലേക്ക് എത്തിക്കുകയാണ് ഈ പതിനേഴുകാരി. 35 കുട്ടികൾക്കായി അരലക്ഷത്തിലേറെ രൂപയാണ് ചെലവഴിച്ചത്.

ഡൊറോത്തി വാലി ഹൈസ്‌കൂളിലെ പതിനൊന്നാം ഗ്രേഡ് വിദ്യാർത്ഥിയാണ് നികിത. രണ്ട് വർഷം മുൻപ് ഒമ്പതാം ക്ളാസിൽ പഠിക്കുമ്പോഴാണ് 'വൂവൺ ബൈ വുമൺ" എന്ന സംരംഭം ആരംഭിച്ചത്. അമേരിക്കയിൽ ഐ.ടി ജീവനക്കാരായ തിരുവനന്തപുരം പെരിങ്ങമല സ്വദേശിയായ നിഷാന്തിന്റെയും കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശിയായ നവമിയുടെയും മകളാണ്. പെരിങ്ങമലയിൽ വരുമ്പോഴൊക്കെ മുത്തച്ഛൻ കൈത്തറി വസ്ത്രങ്ങൾ സമ്മാനിക്കുന്നത് കണ്ടതാണ് 'വൂവൺ ബൈ വുമൺ" എന്ന ആശയമുണ്ടായത്.

സംരംഭം മെച്ചപ്പെട്ടതോടെയാണ് ലാഭ വിഹിതം കഷ്ടപ്പെടുന്ന തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങളായി സമ്മാനിക്കാൻ നികിത തയ്യാറായത്.

സ്‌കൂളിൽ കായികമത്സരങ്ങളിലും മിടുക്കിയാണ് നികിത. അത്‌ലറ്റിക്സിൽ കൂടുതൽ മെഡൽ നേടാനുള്ള ശ്രമത്തിലാണ് നികിതയെന്ന് അച്ഛൻ നിഷാന്ത് അമേരിക്കയിൽ നിന്ന് കേരളകൗമുദിയോട് പറഞ്ഞു.

 വൂവൺ ബൈ വുമൺ

കൈത്തറി പാരമ്പര്യത്തെ കൂടുതൽ ആളുകളിലേക്കെത്തിക്കുകയാണ് വൂവൺ ബൈ വുമൺ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. കല്ലിയൂരിലുള്ള ശ്രീ ഭഗവതി കൈത്തറി നെയ്‌ത്ത് സഹകരണ സൊസൈറ്റിയിൽ നിന്നാണ് കൈത്തറി സാരികളും മുണ്ടും ശേഖരിച്ച് അമേരിക്കയിലെത്തിക്കുന്നത്. ഓൺലെനായും നേരിട്ടുമാണ് വില്പന. ശ്രീ ഭഗവതി കൈത്തറി നെയ്‌ത്ത് സഹകരണ സൊസൈറ്റിയിലെ സീനിയർ കോ - ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ അനീഷിന്റെ നേതൃത്വത്തിലാണ് നികിത നൽകിയ പഠനോപകരണങ്ങൾ തൊഴിലാളികളുടെ മക്കൾക്ക് നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NIKITHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA