SignIn
Kerala Kaumudi Online
Thursday, 02 July 2026 4.48 AM IST

കർഷകർ കൂട്ടത്തോടെ പിൻവാങ്ങുന്നു,​ ഓണത്തിന് ഇറച്ചിക്കോഴി വില കുതിക്കും,​ തിരിച്ചടിയായത് രണ്ട് കാര്യങ്ങൾ

chicken
പൗൾട്രി ഫാം. Image : Special Arrangement

ആലപ്പുഴ : കോഴിത്തീറ്റയുടെ വിലയിലുണ്ടായ വർദ്ധനവിൽ അടിതെറ്റി കോഴികർഷകർ. കോഴിക്കുഞ്ഞുങ്ങളുടെ വില ഇരട്ടിയോളമായി വർദ്ധിച്ചതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. ഇതോടെ ഓണം സീസണിൽ ഇറച്ചിക്കോഴിവില ഉയരുമെന്നുറപ്പായി.


വിലനിയന്ത്രണത്തിന് സർക്കാർ തലത്തിൽ ഇടപെടൽ വേണമെന്നാണ് മേഖലയിലെ സംഘടനകളുടെ ആവശ്യം. ചെറുകിട, ഇടത്തരം കർഷകരുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയുടെ വില 450 രൂപയിലധികമാണ് വർദ്ധിച്ചത്. ഓണവിപണി ലക്ഷ്യമാക്കി ഈ സമയത്താണ് കർഷകർ കോഴിക്കുഞ്ഞുങ്ങളെ വളർത്തിത്തുടങ്ങുന്നത്. എന്നാൽ കോഴിത്തീറ്റയുടെയും കോഴിക്കുഞ്ഞിന്റെയും അമിതവില കാരണം നിരവധി കർഷകർ കൃഷിയിൽ നിന്ന് പിൻവാങ്ങുകയും ചിലർ കൃഷി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഇറച്ചിക്കോഴിയുടെ ലഭ്യത കുറയ്ക്കുകയും വില ഉയരാൻ ഇടയാക്കുകയും ചെയ്യും. സ്വന്തമായി കോഴി വളർത്തുന്നവർക്ക് ജോലിക്കൂലി പോലും പലപ്പോഴും ലഭിക്കാറില്ലെന്ന് കർഷകർ പറയുന്നു. വലിയ ഫാമുകളിൽ തൊഴിലാളികൾക്കുള്ള കൂലിയും കണ്ടെത്തണം.

പിൻവാങ്ങി കർഷകർ

 കോഴി ഒരുകിലോ ഭാരമെത്തുന്നതിന് 113 രൂപയാണ് വളർത്തുചെലവായി കണക്കാക്കുന്നത്

 1000 കോഴികളെ വർത്തുമ്പോൾ 35000രൂപ അധികം വേണ്ടി വരുന്ന അവസ്ഥയിലാണിപ്പോൾ

 സ്വതന്ത്ര കോഴികർഷകർ ഉത്പാദനത്തിൽ നിന്ന് പിന്മാറുന്ന സ്ഥിതിയിലേക്കെത്തിയിട്ടുണ്ട്

 ഇത് കോഴി ഉത്പാദനവും വിപണിയും വൻകിട കമ്പനികളുടെ നിയന്ത്രണത്തിലാകാനിടയാക്കും

കോഴിത്തീറ്ര വില

(നിലവിൽ, ഒരുമാസം മുമ്പ്)

 പ്രീ സ്റ്റാർട്ടർ: 2450- 2500, 2000

 സ്റ്റാർട്ടർ: 2400-2450, 1950

 ഫിനിഷർ: 2350-2400, 1900

കോഴിക്കുഞ്ഞിന്റെ വില

 നിലവിൽ : ₹30-32

 ഒരുമാസം മുമ്പ്: ₹16

പൗൾട്രി മേഖലയുടെ നിലനിൽപ്പും സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയും സംരക്ഷിക്കുന്നതിനായി കോഴിത്തീറ്റ, കോഴിക്കുഞ്ഞ് എന്നിവയുടെ വിലയിലുണ്ടായ വർദ്ധനവ് സംബന്ധിച്ച് സർക്കാർ അടിയന്തര അന്വേഷണം നടത്തണം. വിലനിയന്ത്രണ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം

-എസ്.കെ. നസീർ,​ സംസ്ഥാന ജനറൽ സെക്രട്ടറി,​

ഓൾ കേരള പൗൾട്രി ഫെഡറേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHICKEN PRICE, BROILER CHICKEN RATE, KERALA POULTRY FARMERS, CHICKEN PRICE HIKE, ONAM CHICKEN VILA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA