SignIn
Kerala Kaumudi Online
Tuesday, 01 September 2026 3.22 AM IST

ശബരിമല ഇ-ടെൻഡർ അട്ടിമറി നീക്കം: വെട്ടിപ്പ് ഗൂഢാലോചന പൊളിച്ചതിലെ പക 

sabarimala

തിരുവനന്തപുരം: കുറഞ്ഞ തുകയ്ക്ക് ലേലം ഉറപ്പിച്ച് കോടികൾ തട്ടിയെടുക്കാനുള്ള ഗൂഢനീക്കം ദേവസ്വം ബോർഡ് തടഞ്ഞതോടെയാണ് ശബരിമലയിലെ ഇ-ടെൻഡർ അട്ടിമറിക്കാൻ നീക്കം നടന്നതെന്ന് സൂചന. ടെൻഡറിൽ പങ്കെടുത്ത് കുറഞ്ഞ തുക രേഖപ്പെടുത്തുന്നവരെ ഒരുമിച്ച് വിളിച്ചുവരുത്തി ഒത്തുതീർപ്പ് രീതിയിലാണ് കാര്യങ്ങൾ നടത്തിയിരുന്നത്.

കരാറുകാർ സാമ്പിളുമായി തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ആസ്ഥാനത്തോട് ചേർന്നുള്ള സുമംഗലി കല്യാണമണ്ഡപത്തിൽ എത്തും. സാമ്പിൾ പരിശോധിച്ച ശേഷം ലേലം ഉറപ്പിക്കാനുള്ള ചർച്ചകൾ നടത്തും. ഉദ്യോഗസ്ഥരുടെ സഹായത്തോടെ കരാറുകാർ പരസ്പരം കൂടിയാലോചിച്ച് കുറഞ്ഞ തുക നിശ്ചയിക്കും. ഈ തുക ബോർഡുമായുള്ള ചർച്ചയിൽ കരാറുകാർ പറയുകയും മുൻകൂട്ടി നിശ്ചയിച്ചയാൾക്ക് ലേലം ഉറപ്പിക്കുകയും ചെയ്യും. ഈ തട്ടിപ്പ് വ്യക്തമായതോടെയാണ് ഇക്കുറി കരാറുകാരെ ഒരുമിച്ച് സാമ്പിൾ പരിശോധനയ്ക്ക് വിളിക്കുന്നത് ബോർഡ് അവസാനിപ്പിച്ചത്.

ഇത്തവണ കുറഞ്ഞ തുക രേഖപ്പെടുത്തിയ കരാറുകാരനെ മാത്രം സാമ്പിൾ പരിശോധനയ്ക്ക് വിളിച്ചാൽ മതിയെന്നും ഗുണമേന്മ ഉണ്ടെങ്കിൽ ഈ കരാറുകാരനുമായി ചർച്ച നടത്തി കരാർ ഉറപ്പിക്കാനും ബോർഡ് തീരുമാനിച്ചിരുന്നു .

കരാറുകാർ ഒത്തുകളിച്ച് ഇടനിലക്കാരും ഉദ്യോഗസ്ഥരും കോടികൾ തട്ടിയെടുക്കാനുള്ള പഴുത് ഇതോടെ ഇല്ലാതായി.

ശർക്കര ക്ഷാമമുണ്ടാക്കി വരുതിയിലാക്കാൻ ശ്രമം

 ശർക്കര ലഭിച്ചില്ലെങ്കിൽ അരവണ നിർമ്മാണം പ്രതിസന്ധിയിലാകുമെന്ന് തിരിച്ചറിഞ്ഞാണ് ഇ- ടെൻഡറിൽ നിന്നു കൂട്ടത്തോടെ വിട്ടുനിന്നത്.

ഒക്‌ടോബർ 15ന് എങ്കിലും നിർമ്മാണം തുടങ്ങിയാലേ 40 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമായി നിർമ്മിക്കാൻ കഴിയൂ. ഇല്ലെങ്കിൽ തീർത്ഥാടന കാലത്ത് അരവണക്ഷാമം ഉണ്ടാകും.

 സമ്മർദ്ദത്തിലാക്കി പുതിയ വ്യവസ്ഥകൾ പിൻവലിക്കാനും എങ്ങനെയെങ്കിലും ശർക്കര വാങ്ങിയാൽ മതിയെന്ന നിലപാടിലേക്ക് ബോർഡിനെ എത്തിക്കാമെന്നും ഗൂഢസംഘം കണക്കുകൂട്ടി.

 അതിനു വഴങ്ങാൻ തയ്യാറല്ലാത്ത ബാേർഡ് ശർക്കര ലേലത്തിൽ കൂടുതൽ ഉൽപ്പാദകരെയും വിതരണക്കാരെയും പങ്കെടുപ്പിക്കാൻ ശ്രമം തുടങ്ങി. സർക്കാർ വകുപ്പുകളുമായും സ്ഥാപനങ്ങളുമായും ചർച്ച നടത്തും.

ടെൻഡർ പിടിച്ച മലയാളി രേഖകളിൽ മാത്രം

കഴിഞ്ഞ വർഷം ശർക്കര നൽകാൻ ടെൻണ്ടർ സമർപ്പിച്ച മലയാളിയെ അന്വേഷിച്ചിച്ച് മഹാരാഷ്ട്രയിലെ ഫാക്ടറിയിൽ എത്തിയ ദേവസ്വം വിജിലൻസിന് ഒരു മലയാളിയെപോലും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ഇയാളാണ് മിക്ക വർഷങ്ങളിലും ശബരിമലയിലേക്ക് ശർക്കര വിതരണം ചെയ്യുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA