SignIn
Kerala Kaumudi Online
Friday, 09 October 2026 2.55 AM IST

സർക്കാർ ഇടപെടലും ഫലം കണ്ടില്ല,​ സവാള വില കുതിക്കുന്നു

onion-price
സവാള

കൊടുങ്ങല്ലൂർ : സംസ്ഥാനത്ത് കുതിച്ചുയർന്ന സവാള വില നിയന്ത്രിക്കാൻ സർക്കാർ നടത്തിയ നീക്കം ഒരു മാസം ആകുമ്പോഴും പൊതു മാർക്കറ്റിൽ ഫലം കണ്ടില്ല. 70 രൂപയോളമാണ് നല്ല സവാളയ്ക്ക് മാർക്കറ്റിലെ വില.

കഴിഞ്ഞ ഓണ സമയത്ത് 55 മുതൽ 60 രൂപ വരെ ഉണ്ടായിരുന്ന സവാളയുടെ വില ഓണം കഴിഞ്ഞതിന് ശേഷം 70 രൂപയിലേക്കെത്തുകയായിരുന്നു. ഇതേത്തുടർന്നാണ് സർക്കാർ സവാള വിപണിയിൽ ഇടപെടാൻ തീരുമാനിച്ചത്. ഹോർട്ടികോർപ് വഴി 100 ടൺ സവാള വിപണിയിൽ എത്തിച്ച് കിലോഗ്രാമിന് 35 രൂപ നിരക്കിൽ വിൽക്കുമെന്നും അപ്രകാരം പൊതുവിപണിയിൽ സവാളയുടെ വില കുറയ്ക്കാൻ കഴിയുമെന്നുമായിരുന്നു പ്രഖ്യാപനം. അഥവാ കുറഞ്ഞില്ലെങ്കിൽ ഹോർട്ടികോർപ് വഴി കൂടുതൽ സവാള വിപണിയിൽ എത്തിക്കാനുള്ള ശ്രമം തുടരുമെന്നും ഒരു മാസം മുമ്പ് കൃഷി മന്ത്രി ടി. സിദ്ധിഖ് പറഞ്ഞിരുന്നു. എന്നാൽ പൊതു വിപണിയിൽ സവാള വില ഇതുവരെ കുറഞ്ഞില്ല.

അതേസമയം 50 രൂപയുടെ സവാളയും വിപണിയിലുണ്ട്. മഹാരാഷ്ട്രയിലെ പൂന, നാസിക് തുടങ്ങിയ വിവിധ മാർക്കറ്റുകളിൽ നിന്നാണ് സവാള അധികവും കേരളത്തിലെ വിപണിയിലെത്തുന്നത്. ബാംഗ്ലൂരിൽ നിന്നും സവാള വരുന്നുണ്ട്. ചുമന്ന നിറത്തിലുള്ള ഈ സവാളക്ക് പൊതുവെ വില കുറവാണ്. ആഭ്യന്തര വിപണിയിൽ ഉത്പാദനം കുറഞ്ഞതാണ് വില വർദ്ധനവിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഉള്ളിയുടെ വിലയാകട്ടെ കിലോഗ്രാമിന് 110 രൂപയായി ഉയർന്നിട്ടുണ്ട്. ഓണസമയത്തെ വില വർദ്ധനവ് മറികടക്കാൻ ഹോർട്ടികോർപ് വഴി 100 ടൺ സവാള ഓണ വിപണിയിൽ സർക്കാർ എത്തിക്കാൻ ശ്രമിച്ചു. അതിൽ 80 ടൺ സവാള കിലോക്ക് 35 രൂപ നിരക്കിൽ കേരളത്തിലുടനീളം വിൽപ്പന നടത്തിയിരുന്നു. എന്നാലും വിപണിയിലെ വില വർദ്ധനവ് നിയന്ത്രിക്കാനായില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONION PRICE, BIG ONION PRICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA