
തിരുവനന്തപുരം: പത്തു വർഷത്തിനിടെ നടത്തിയ ആഗോള നിക്ഷേപക സംഗമങ്ങളിലെ നിക്ഷേപ വാഗ്ദാനം ലക്ഷം കോടിയിലേറെ. കഴിഞ്ഞ വർഷത്തെ ഇൻവെസ്റ്റേഴ്സ് മീറ്റിൽ മാത്രം 1.53 ലക്ഷം കോടി വാഗ്ദാനം. ഇൗസ് ഒഫ് ഡൂയിംഗ് ബിസിനസിൽ (നിക്ഷേപാനുകൂല ഘടകങ്ങൾ) രാജ്യത്ത് മുന്നിൽ. കേരളം നിക്ഷേപ സൗഹൃദമാണെന്ന് സർക്കാരടക്കം അവകാശപ്പെടുമ്പോൾ ഇതെല്ലാം കടലാസിൽ മാത്രമെന്ന് പഠന റിപ്പോർട്ടുകൾ. ഭൂമി ലഭ്യമാക്കുന്നതിലും സർക്കാർ പിന്തുണയിലുമുണ്ടാകുന്ന വീഴ്ചയുമാണ് കാരണം.
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടാക്സേഷൻ, നിതി അയോഗ്, കേന്ദ്ര വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് എന്നിവ പ്രത്യേകം തയ്യാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടുകളിലാണിത്. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ 46,981 കോടിയുടെ സ്വകാര്യ നിക്ഷേപ നിർദ്ദേശങ്ങളിൽ 43,421 കോടിയുടേതും പിൻവലിക്കപ്പെട്ടു. സ്വകാര്യമേഖലയിലും സംയുക്ത മേഖലയിലുമായി കഴിഞ്ഞ അഞ്ച് വർഷമുണ്ടായത് 6,101കോടിയുടെ നിക്ഷേപം മാത്രമെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്.
നിതി ആയോഗിന്റെ പ്രഥമ നിക്ഷേപക സൗഹൃദ സൂചികയിൽ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പട്ടികയിൽ കേരളം 17-ാമതാണ്. സ്‌കോർ 45 മുതൽ 50 വരെയുള്ള 'ഫ്രണ്ട് റണ്ണേഴ്സ്' എന്ന രണ്ടാം നിരയിലാണ്. 50ന് മുകളിൽ സ്‌കോറുള്ള സംസ്ഥാനങ്ങളാണ് ടോപ്പ് പെർഫോമേഴ്സ്. ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക,ഉത്തർപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളാണ് മുൻനിരയിൽ. അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയിൽ 50% എന്നതുമാത്രമാണ് നിക്ഷേപാനുകൂല റേറ്റിംഗിൽ കേരളത്തിൽ മുന്നിൽ നിൽക്കുന്ന ഘടകം.
ഭൂമിയിലും പിന്തുണയിലും വീഴ്ച
1.ഭൂമി ഏറ്റെടുക്കൽ, അപേക്ഷകൾ തീർപ്പാക്കുന്നതിലെ കാലതാമസം തുടങ്ങിയവയാണ് സംസ്ഥാനത്തെ നിക്ഷേപകരിൽ നിന്ന് അകറ്റുന്നതെന്ന് പഠനം
2.ഭരണപരമായ പിന്തുണ നൽകുന്നതിലെ വീഴ്ചയും കാരണം. സർക്കാർ സംവിധാനങ്ങളുടെ പിന്തുണ കേവലം 26 ശതമാനം മാത്രം
എഫ്.ഡി.ഐയിലും പിന്നിൽ
ഇന്ത്യയുടെ മൊത്തം നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (എഫ്.ഡി.ഐ) കേരളത്തിന്റെ പങ്ക് ആറ് വർഷത്തിനിടെ ഒരു ശതമാനത്തിൽ താഴെയായി- 0.64%. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്ക്. 2025-26ൽ കേരളത്തിന്റെ എഫ്.ഡി.ഐ ഇക്വിറ്റി ഇൻഫ്ളോ മുൻവർഷത്തെ 3,330.26 കോടിയിൽ നിന്ന് 1.5% കുറഞ്ഞ് 3,281.21 കോടിയായി. എഫ്.ഡി.ഐയിൽ മുന്നിൽ മഹാരാഷ്ട്ര- 1,64,875 കോടി. കർണാടക- 1,12,869.88 കോടി. തമിഴ്നാട്- 41,197.97 കോടി. ആന്ധ്ര- 5,354.40കോടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |