
പുതിയ സ്‌കൂൾ തുടങ്ങാൻ സർക്കാർ ഉത്തരവ്
തിരുവനന്തപുരം: 'ഒരു സർക്കാർ സ്‌കൂൾ'.- 40 വർഷമായി എലമ്പ്രക്കാർ കണ്ട സ്വപ്നത്തിന് ഫസ്റ്റ് ബെൽ മുഴങ്ങി. മഞ്ചേരിയിലെ എലമ്പ്രയിൽ എൽ.പി സ്‌കൂൾ തുടങ്ങാനാണ് സർക്കാർ ഉത്തരവായത്. വർഷങ്ങളായി എലമ്പ്രയിലെ പിന്നാക്കക്കാരും നാട്ടുകാരും സ്‌കൂളിനായുള്ള നിയമപോരാട്ടത്തിലായിരുന്നു.
1985 മുതലാണ് നാട്ടുകാർ പോരാട്ടം തുടങ്ങിയത്. ഇതിനിടെ സ്‌കൂളിനായി നാട്ടുകാർ പിരിവെടുത്ത് ഒരേക്കർ സ്ഥലവും വാങ്ങി. പക്ഷേ മാറിവന്ന സർക്കാരുകളൊന്നും കനിഞ്ഞില്ല. ഒടുവിൽ 2017ൽ ഹൈക്കോടതിയെ സമീപിച്ചു. 2020 ജൂലായ് 20ന് അനുകൂല ഉത്തവും നേടി. എലമ്പ്രയിൽ സർക്കാർ എൽ.പി സ്‌കൂൾ ആരംഭിക്കണമെന്നായിരുന്നു ഉത്തരവ്. സ്‌കൂൾ കെട്ടിടം നിർമ്മിക്കാൻ മഞ്ചേരി മുൻസിപ്പാലിറ്റിയോടും നിർദ്ദേശിച്ചു. ഇതിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. പക്ഷേ ഹൈക്കോടതി വിധി 2025 നവംബർ 25ന് സുപ്രീംകോടതിയും ശരിവച്ചു. ഇതേത്തുടർന്നാണ് സർക്കാർ സ്‌കൂൾ അനുവദിച്ചത്.
ഇതേത്തുടർന്ന് നാട്ടുകാർ വാങ്ങിയ ഒരേക്കർ സ്ഥലം സർക്കാരിന് കൈമാറും. പിന്നാലെ സ്‌കൂൾ കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങും. അതുവരെ സമീപത്തെ നജ്ജാത്തുദ്ദീൻ സംഘത്തിന്റെ മദ്രസ കെട്ടിടത്തിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടി താത്കാലികമായി ക്ലാസ് നടത്തണം. മഞ്ചേരി നഗരസഭ ഫണ്ട് ഉപയോഗിച്ചാണ് സ്‌കൂൾ കെട്ടിടങ്ങൾ നിർമ്മിക്കേണ്ടത്. അദ്ധ്യാപകരെ താത്കാലികമായി നിയമിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു.
പഠിച്ചത് എട്ടുകിലോമീറ്റവരെ നടന്ന്
എലമ്പ്രയിലെ കുരുന്നുകൾ പഠിക്കാനായി എട്ടു കിലോമീറ്റർ വരെ നടക്കുന്നുണ്ട്. അഞ്ച് കിലോമീറ്റർ അകലെയാണ് ഏറ്റവും അടുത്തുള്ള സർക്കാർ എൽ.പി.എസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |