SignIn
Kerala Kaumudi Online
Friday, 18 September 2026 6.41 PM IST

വയനാട്ടിലേക്ക് സഞ്ചാരികളുടെ വരവ് കുറയുന്നു,​ പിന്നിൽ വനംവകുപ്പിന്റെ ഈ തീരുമാനം

wayanad

കൽപ്പറ്റ: ജില്ലയിലെ ഇക്കോ ടൂറിസംകേന്ദ്രങ്ങളിലെ സന്ദർശനം സാധാരണക്കാർക്ക് അന്യമാകാൻ സാധ്യത. നിരക്ക് ഇരട്ടിയിലധികം വർദ്ധിച്ചതോടെ പണമുള്ളവർക്ക് മാത്രമേ ഇത്തരംകേന്ദ്രങ്ങളിൽ പ്രവേശനം സാധ്യമാവുകയുള്ളൂ. ചെമ്പ്രമലയിലെ ട്രക്കിങ്ങിന്‌ നേരത്തെ 5പേർ അടങ്ങുന്ന ഗ്രൂപ്പിന് 2500 രൂപയായിരുന്നു നിരക്ക്. എന്നാൽ ഇത് 5000 രൂപയാക്കി വർദ്ധിപ്പിച്ചു. ഒരു സഞ്ചാരി നൽകേണ്ടത് ആയിരം രൂപ. വിദേശ സഞ്ചാരികളാണെങ്കിൽ അഞ്ചുപേർക്ക് 8,000 രൂപ നൽകണം.
കുട്ടികൾക്ക്‌പോലും നിരക്കിൽ കാര്യമായ കുറവില്ല. അഞ്ചു കുട്ടികൾക്ക് 1600 രൂപയാണ് ഫീസ്. സൂചിപ്പാറ വെള്ളച്ചാട്ടത്തിലെ പ്രവേശനത്തിന് 118 രൂപയാണ് മുതിർന്നവരുടെ ടിക്കറ്റ് നിരക്ക്. കുട്ടികൾക്ക് 70 രൂപ നൽകണം. കുറുവാ ദ്വീപിൽ മുതിർന്നവർക്ക് 220 രൂപയും കുട്ടികൾക്ക് 150 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഭൂരിഭാഗം വിനോദസഞ്ചാരകേന്ദ്രങ്ങളിലും പ്രവേശന നിരക്ക് ഇരട്ടിയായാണ് വർദ്ധിപ്പിച്ചിട്ടുള്ളത്. സഞ്ചാരികളുടെ എണ്ണം കുറയ്ക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തിന്റെ മറവിലാണ് ഇത്തരത്തിൽ നിരക്ക് വൻതോതിൽ വർദ്ധിപ്പിച്ചിട്ടുള്ളത്. സഞ്ചാരികളുടെ എണ്ണം കുറയ്ക്കുമ്പോൾ നിരക്ക് വർദ്ധിപ്പിക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ലെന്ന വിചിത്രവാദമാണ് വനം വകുപ്പ് നൽകുന്നത്. ഇത്തരത്തിൽ നിരക്ക് വർദ്ധിപ്പിക്കുന്നത് വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ പ്രയാസകരമാകും. ചെമ്പ്രമലയിൽ 75പേർക്ക് മാത്രമാണ് പുതുതായി പ്രവേശന അനുമതി നൽകുന്നത്. ഇത്രയും കുറച്ച്‌പേര് മാത്രം പ്രവേശിപ്പിക്കുമ്പോൾ നിരക്ക് വർദ്ധിപ്പിക്കുകയല്ലാതെ മാറ്റുമാർഗം ഇല്ലെന്നാണ് വനസംരക്ഷണ സമിതി പറയുന്നത്. ഇക്കോ ടൂറിസംകേന്ദ്രങ്ങൾ തുറക്കുന്നത് പ്രതിസന്ധിയിലായ ടൂറിസംമേഖലയ്ക്ക് കരുത്തുപകരും. എന്നാൽ ഇത്തരത്തിൽ വൻതോതിൽ നിരക്ക് വർദ്ധിപ്പിക്കുന്നത് വയനാട്ടിലേക്ക് വിനോദസഞ്ചാരികളുടെ വരവ് കുറയ്ക്കുന്നതിന് കാരണമാകുമെന്നാണ് വിമർശനം. സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിപേരാണ് പ്രധാന സീസണുകളിൽ ജില്ലയിലേക്ക് എത്തിയിരുന്നത്. കുട്ടികൾക്ക് ഉൾപ്പെടെ നിരക്ക് വർദ്ധിപ്പിച്ചത് ഇത്തരക്കാർക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കും. ഇത് സ്വകാര്യ പാർക്ക് ഉൾപ്പെടെയുള്ളവരെ സഹായിക്കുന്ന നടപടിയാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA