
ഇലക്ട്രിക് വാഹന മേഖലയിലേക്ക് വരവ് അറിയിച്ച് റോയൽ എൻഫീൽഡ്, തങ്ങളുടെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിളായ ഫ്ളയിംഗ് ഫ്ളീ ഇ 6ന്റെ ഡെലിവറി ബംഗളൂരുവിൽ ആരംഭിച്ചു. ഇലക്ട്രിക് മൊബിലിറ്റി മേഖലയിലേക്കുള്ള കമ്പനിയുടെ പ്രവേശനത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായാണ് ഇതിനെ കാണുന്നത്. റോയൽ എൻഫീൽഡിന്റെ ഉപ ബ്രാൻഡാണ് ഫ്‌ളൈയിംഗ് ഫ്ളീ ഇ6. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രാൻഡാണ് ഇ.വി മേഖലയിലേക്ക് റോയൽ എൻഫീൽഡിനെ നയിക്കുന്നത്.
1940കളിൽ സൈന്യം ഉപയോഗിച്ചിരുന്ന ഐക്കണിക് ഫ്‌ളൈയിംഗ് ഫ്ളീ മോട്ടോർസൈക്കിളുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ വാഹനം നിർമ്മിച്ചിരിക്കുന്നത്. രണ്ട് കളർ ഓപ്ഷനുകളിലാണ് ഫ്ളയിംഗ് ഫ്ളീ പുറത്തിറങ്ങുന്നത്. സ്റ്റോം ബ്ലാക്ക്, ഫ്ളീ ഗ്രീൻ. 2.79 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വില. റെട്രോ അധിഷ്ഠിത ഡിസൈനാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സിറ്റി പ്ലസ് മോട്ടോർസൈക്കിൾ എന്നാണ് റോയൽ എൻഫിൽഡ് ഈ വാഹനത്തെ വിശേഷിപ്പിക്കുന്നത്.
3.91 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയും നൽകിയിരിക്കുന്ന ഈ വാഹനത്തിന്റെ ഇലക്ട്രിക് മോട്ടോർ 21 ബിച്ച്പി പവറും 60 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 124 കിലോഗ്രാം ഭാരമുള്ള മോട്ടോർസൈക്കിളിന് വേഗത നൽകാൻ സഹായിക്കുന്ന തരത്തിൽ പവർട്രെയിൻ 400 എൻഎം വീൽ ടോർക്ക് ഉത്പാദിപ്പിക്കുന്നു എന്ന് കമ്പനി അവകാശപ്പെടുന്നു. 115 കിലോമീറ്റർ വേഗത്തിൽ വരെ വാഹനം ഓടിക്കാൻ കഴിയും. പരമ്പരാഗത 16എ സോക്കറ്റ് ഉപയോഗിച്ച് റാപ്പിഡ്, സ്റ്റാൻഡേർഡ്, ട്രിക്കിൾ ചാർജിംഗ് മോഡുകൾ വഴിയാണ് ചാർജിംഗ്. ഒറ്റ ചാർജിൽ 154 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ 65 മിനിറ്റ് ദൈർഘ്യമാണ് വേണ്ടിവരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |