SignIn
Kerala Kaumudi Online
Friday, 18 September 2026 1.46 PM IST

കേരളത്തിന് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന പ്രധാന മേഖല, ഇങ്ങനെ പോയാൽ ഇല്ലാതാകും

cash

വെള്ളറട: വേനൽച്ചൂടിന് കാഠിന്യം കൂടിയതോടെ മലയോരമേഖലയിലെ ക്ഷീര കർഷകർ കടുത്ത പ്രതിസന്ധിയിൽ. കന്നുകാലികൾക്കാവശ്യമായ പുല്ലുകൾ ശേഖരിക്കാൻ കഴിയാതെയും വെള്ളത്തിനും ബുദ്ധിമുട്ടായതോടെയാണ് കർഷകർ പ്രതിസന്ധിയിലായത്.

വേനലിൽ കൃഷിയിടങ്ങളിലുള്ള പച്ചപുല്ലുകളെല്ലാം കരിഞ്ഞുണങ്ങി. തമിഴ്നാട്ടിൽ നിന്നുളള വയ്ക്കോലിന്റെ വരവും കാര്യമായി കുറഞ്ഞിട്ടുണ്ട്. നേരത്തേ ലഭിച്ചുകൊണ്ടിരുന്നതിനെക്കാൾ വയ്ക്കോലിന് കെട്ടിൻ മേൽ പത്തുരൂപയിലേറെ വർദ്ധിച്ചു. എന്നാൽ ഉത്പാദന ചെലവിനനുസരിച്ച് പാലിന് വിലയുമില്ല. പാടത്തുനിന്നും പുല്ലുകൾ ലഭിച്ചതാണ് കന്നുകാലി വളർത്തലിൽ കർഷകർക്ക് ആശ്വാസകരമായിരുന്നത്. എന്നാൽ വേനൽ തുടർന്നാൽ കന്നുകാലികളെ എങ്ങനെ തീറ്റിപോറ്റുമെന്ന ആശങ്കയിലാണ് കർഷകർ.

വെള്ളത്തിനും ബുദ്ധിമുട്ട്

തോടുകളും കുളങ്ങളും വറ്റിവരണ്ടതോടെ കാലികളെ കഴുകാൻ പോലും കഴിയാത്ത അവസ്ഥയാണ്. കർഷകർക്ക് സ്വന്തമായിട്ടുണ്ടായിരുന്ന പുല്ലുവളർത്തൽ കേന്ദ്രങ്ങളും കരിഞ്ഞുണങ്ങിയതോടെ കാലികൾക്ക് ആശ്രയം വയ്ക്കോൽ മാത്രമായി. വയ്ക്കോലിന്റെ വില കൂടുതലായതിനാൽ കാലികളെ വളർത്താനും കഴിയുന്നില്ല. പാൽ ഉത്പാദനം കുറവ് അനുഭവപ്പെടുന്ന വേനലിലെങ്കിലും ഉത്പാദന ചെലവിനനുസരിച്ചുള്ള വില കിട്ടിയില്ലെങ്കിൽ ഇതുകൊണ്ട് ജീവിക്കാൻ കഴിയില്ലെന്നാണ് ക്ഷീരകർഷകർ പറയുന്നത്. ഉത്പാദിപ്പിക്കുന്ന പാൽ സഹകരണസംഘങ്ങളിൽ നൽകിയാൽ പാലിന്റെ കൊഴുപ്പ് നോക്കിയുള്ള വിലയാണ് ലഭിക്കുന്നത്. ഇത് പലപ്പോഴും ചെലവിനുപോലും തികയില്ല.

വില വർദ്ധിപ്പിക്കണമെന്ന്

ക്ഷീരോത്പാദന മേഖലയിൽ കർഷകരെ സഹായിക്കാനുള്ള നിരവധി പദ്ധതികളുണ്ടെങ്കിലും കർഷകർക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. വേനൽ കണക്കിലെടുത്ത് പാലിന് നേരിയ വിലയെങ്കിലും വർദ്ധിപ്പിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

സഹകരണ സംഘങ്ങളിൽ

മെച്ചപ്പെട്ടവില

ഇപ്പോൾ ക്ഷീരോത്പാദക സഹകരണ സംഘങ്ങളിൽ നിന്നും ലഭിക്കുന്നതിനെക്കാൾ കൂടിയ വില നൽകി പല സ്ഥലങ്ങളിലും വ്യക്തികളും മറ്റു പുതിയ സംഘങ്ങളും രൂപീകരിച്ച് പാൽ ശേഖരിച്ച് വില്പന നടത്തുന്ന രീതിയും വർദ്ധിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ പാൽ ഒഴിക്കുന്ന ക്ഷീര കർഷകർക്ക് സഹകരണ സംഘങ്ങളിൽ നിന്നും ലഭിക്കുന്നതിനെക്കാൾ മെച്ചപ്പെട്ട വില ലഭിക്കുന്നതായി കർഷകർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FINANCE, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY