SignIn
Kerala Kaumudi Online
Thursday, 29 October 2026 6.52 PM IST

പക്ഷാഘാതത്തിന് ഓരോ മിനിറ്റും വിലപ്പെട്ടത്; ലക്ഷണങ്ങൾ തിരിച്ചറിയൂ, ഉടൻ ആശുപത്രിയിലെത്തിക്കൂ

stroke1
പ്രതീകാത്മക ചിത്രം

പക്ഷാഘാതത്തിന് ഓരോ മിനിറ്റും നിർണായകമാണ്. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് എത്രയും വേഗം ചികിത്സ ലഭ്യമാക്കുന്നത് ജീവൻ രക്ഷിക്കാനും സ്ഥിരമായ വൈകല്യങ്ങൾ കുറയ്ക്കാനും സഹായിക്കും. മുഖം കോടുക, കൈകാലുകൾക്ക് ബലക്കുറവ്, സംസാരം കുഴയുക — ഈ ലക്ഷണങ്ങൾ കണ്ടാൽ ഒരു നിമിഷം പോലും പാഴാക്കരുത്. ലോകമെമ്പാടും മരണകാരണങ്ങളിൽ രണ്ടാം സ്ഥാനത്താണ് പക്ഷാഘാതം. ദീർഘകാല വൈകല്യങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നും ഇതാണ്. പക്ഷാഘാതത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക, ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയാൻ ജനങ്ങളെ പ്രാപ്തരാക്കുക, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കുക എന്നിവയാണ് 2026-ലെ ലോക പക്ഷാഘാത ദിനത്തിന്റെ സന്ദേശം.


തലച്ചോറിലേക്കുള്ള രക്തയോട്ടം രക്തക്കട്ട മൂലം തടസ്സപ്പെടുമ്പോഴോ രക്തക്കുഴൽ പൊട്ടി രക്തസ്രാവമുണ്ടാകുമ്പോഴോ ആണ് പക്ഷാഘാതം സംഭവിക്കുന്നത്. ആദ്യത്തേത് ഇസ്കീമിക് സ്ട്രോക്ക് എന്നും രണ്ടാമത്തേത് ഹെമറാജിക് സ്ട്രോക്ക് എന്നും അറിയപ്പെടുന്നു. രക്തവും ഓക്സിജനും ലഭിക്കാതെ വരുന്നതോടെ തലച്ചോറിലെ കോശങ്ങൾക്ക് ക്ഷതമേൽക്കുകയും അവ നശിക്കുകയും ചെയ്യുന്നു.


ചികിത്സ വൈകുന്ന ഓരോ മിനിറ്റിലും ഏകദേശം 19 ലക്ഷം മസ്തിഷ്ക കോശങ്ങൾ നശിക്കാം. അതിനാൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയ സമയം കൃത്യമായി ഓർത്തുവയ്ക്കുകയും അടിയന്തര ചികിത്സ ഉറപ്പാക്കുകയും വേണം. സംസ്ഥാന സർക്കാർ സ്ട്രോക്ക് ചികിത്സയ്ക്ക് പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. സർക്കാർ മെഡിക്കൽ കോളേജുകൾ മുതൽ താഴോട്ട് സ്ട്രോക്ക് ചികിത്സ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു.

ലക്ഷണങ്ങൾ തിരിച്ചറിയാൻ FAST

* F – Face (മുഖം): മുഖത്തിന്റെ ഒരു വശം കോടിപ്പോകുക; ചിരിക്കുമ്പോൾ മുഖത്തിന് അസമത്വം അനുഭവപ്പെടുക.
* A – Arm (കൈ): ഒരു കൈയ്ക്കോ കാലിനോ പെട്ടെന്ന് ബലക്കുറവുണ്ടാകുക; കൈ ഉയർത്താൻ കഴിയാതിരിക്കുക.
* S – Speech (സംസാരം): സംസാരം കുഴയുക, വാക്കുകൾ വ്യക്തമാകാതിരിക്കുക, മറ്റുള്ളവർ പറയുന്നത് മനസ്സിലാക്കാൻ പ്രയാസമുണ്ടാകുക.
* T – Time (സമയം): ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും കണ്ടാൽ ഉടൻ അടിയന്തര ചികിത്സ തേടുക. സ്ട്രോക്ക് ചികിത്സാ സൗകര്യമുള്ള ആശുപത്രിയിലെത്തിക്കുക.


പെട്ടെന്നുള്ള കാഴ്ചക്കുറവ്, ഇരട്ടക്കാഴ്ച, തലകറക്കം, നടക്കുമ്പോൾ ബാലൻസ് നഷ്ടപ്പെടുക എന്നിവയും പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളാകാം. ലക്ഷണങ്ങൾ തനിയെ മാറുമെന്ന് കരുതി കാത്തിരിക്കരുത്. കുറച്ചുസമയത്തിനകം ലക്ഷണങ്ങൾ മാറിയാലും അത് ഗുരുതരമായ മുന്നറിയിപ്പായിരിക്കാം.


അടിയന്തര ചികിത്സ: സമയം നിർണായകം

പക്ഷാഘാതത്തിന് ഫലപ്രദമായ അടിയന്തര ചികിത്സകൾ ഇന്ന് ലഭ്യമാണ്. എന്നാൽ ഏത് ചികിത്സ നൽകണമെന്ന് തീരുമാനിക്കാൻ രോഗിയെ വേഗത്തിൽ പരിശോധിക്കുകയും തലച്ചോറിന്റെ സ്കാനിങ് നടത്തുകയും വേണം.

1. ഇൻട്രാവീനസ് ത്രോംബോലൈസിസ് (IV Thrombolysis)
രക്തക്കട്ട മൂലം രക്തയോട്ടം തടസ്സപ്പെട്ട ഇസ്കീമിക് സ്ട്രോക്കിൽ, അർഹരായ രോഗികൾക്ക് ലക്ഷണങ്ങൾ ആരംഭിച്ച് സാധാരണയായി നാലര മണിക്കൂറിനുള്ളിൽ രക്തക്കട്ട അലിയിക്കുന്ന മരുന്ന് സിരയിലൂടെ നൽകാം. ആൾട്ടിപ്ലേസ്, ടെനെക്ടെപ്ലേസ് തുടങ്ങിയ മരുന്നുകൾ ഉപയോഗിക്കാം. രോഗിയുടെ അവസ്ഥയും ചികിത്സയ്ക്കുള്ള യോഗ്യതയും പരിശോധിച്ചശേഷമാണ് മരുന്ന് നൽകുന്നത്.


2. മെക്കാനിക്കൽ ത്രോംബെക്ടമി (Mechanical Thrombectomy)
തലച്ചോറിലെ വലിയ രക്തക്കുഴലുകളിൽ രൂപപ്പെടുന്ന രക്തക്കട്ട നീക്കം ചെയ്യുന്നതിനുള്ള പ്രത്യേക ചികിത്സയാണിത്. രക്തക്കുഴലിലൂടെ കത്തീറ്റർ കടത്തിവിട്ട് രക്തക്കട്ട നീക്കം ചെയ്യുന്നു. തിരഞ്ഞെടുക്കപ്പെട്ട രോഗികൾക്ക് സ്കാനിങ് പരിശോധനകളുടെയും മറ്റ് മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ 24 മണിക്കൂർ വരെയുള്ള സമയപരിധിയിൽ ഈ ചികിത്സ പ്രയോജനകരമായേക്കാം. ഇതിനായി വിദഗ്ധ ഡോക്ടർമാരും ആവശ്യമായ സാങ്കേതിക സൗകര്യങ്ങളും വേണം.

സ്ട്രോക്ക് ചികിത്സാ സൗകര്യം അനിവാര്യം.


24 മണിക്കൂറും അത്യാഹിത സേവനം, അടിയന്തര സി.ടി. സ്കാൻ, ആവശ്യമായ മരുന്നുകൾ, പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകർ, വിദഗ്ധ ചികിത്സയിലേക്കുള്ള റഫറൽ സംവിധാനം എന്നിവയുള്ള ആശുപത്രിയിലെത്തിക്കുകയാണ് പ്രധാനം.


ആദ്യം നടത്തുന്ന അടിയന്തര സി.ടി. സ്കാൻ തലച്ചോറിലെ രക്തസ്രാവവും രക്തക്കട്ട മൂലമുള്ള തടസ്സവും വേർതിരിച്ചറിയാൻ സഹായിക്കുന്നു. അതനുസരിച്ചാണ് തുടർചികിത്സ തീരുമാനിക്കുന്നത്. രോഗിക്ക് ഭക്ഷണമോ വെള്ളമോ മരുന്നുകളോ സ്വമേധയാ നൽകരുത്; പ്രത്യേകിച്ച് ആസ്പിരിൻ പോലുള്ള മരുന്നുകൾ ഡോക്ടറുടെ നിർദേശമില്ലാതെ നൽകുന്നത് അപകടകരമായേക്കാം.

പക്ഷാഘാതം യുവാക്കളിലും

പക്ഷാഘാതം പ്രായമായവരെ മാത്രം ബാധിക്കുന്ന രോഗമല്ല. യുവാക്കളിലും കുട്ടികളിലും ഉൾപ്പെടെ ഏത് പ്രായത്തിലും ഇത് സംഭവിക്കാം. ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, ഹൃദയമിടിപ്പിലെ ക്രമക്കേടുകൾ, പുകവലി, അമിതവണ്ണം, വ്യായാമക്കുറവ് എന്നിവ അപകടസാധ്യത വർധിപ്പിക്കുന്നു. ചില ലഹരിവസ്തുക്കളുടെ ഉപയോഗവും പക്ഷാഘാതത്തിന് കാരണമാകാം.

പക്ഷാഘാതം തടയാം!

* രക്തസമ്മർദം കൃത്യമായി പരിശോധിച്ച് നിയന്ത്രിക്കുക.
* പ്രമേഹം, കൊളസ്ട്രോൾ, ഹൃദയമിടിപ്പിലെ ക്രമക്കേടുകൾ എന്നിവയ്ക്ക് കൃത്യമായ ചികിത്സ തേടുക.
* പുകവലി ഒഴിവാക്കുക; മദ്യപാനം ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക.
* ഉപ്പ് കുറഞ്ഞതും പഴങ്ങളും പച്ചക്കറികളും ഉൾപ്പെട്ടതുമായ സമീകൃതാഹാരം ശീലമാക്കുക.
* ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ വ്യായാമം ചെയ്യുക.
* ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുകയും പതിവായി ആരോഗ്യപരിശോധന നടത്തുകയും ചെയ്യുക.

പക്ഷാഘാതത്തിനു ശേഷവും ജീവിതമുണ്ട്

പക്ഷാഘാതത്തെ അതിജീവിച്ചവർക്ക് ഫിസിയോതെറാപ്പി, സംസാര-ഭാഷാ ചികിത്സ, ദൈനംദിന പ്രവർത്തനങ്ങൾ വീണ്ടെടുക്കാനുള്ള ഒക്യുപ്പേഷണൽ തെറാപ്പി എന്നിവ നേരത്തേ ആരംഭിക്കുന്നത് പ്രധാനമാണ്. രോഗിക്കും കുടുംബാംഗങ്ങൾക്കും മാനസിക പിന്തുണയും തുടർപരിചരണവും ഉറപ്പാക്കണം. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാനും FAST ഓർത്തുവയ്ക്കാനും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബോധവൽക്കരിക്കാം. ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സിക്കാതെ അടിയന്തര വൈദ്യസഹായം തേടാം. സമയം നഷ്ടപ്പെട്ടാൽ തലച്ചോറിലെ കോശങ്ങൾ നഷ്ടപ്പെടും. നേരത്തെയുള്ള തിരിച്ചറിവും സമയബന്ധിതമായ ചികിത്സയും ഒരു ജീവൻ രക്ഷിക്കാനും സ്ഥിരമായ വൈകല്യങ്ങൾ കുറയ്ക്കാനും സഹായിക്കും. ഓരോ മിനിറ്റും വിലപ്പെട്ടതാണ്. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ്. ഉടൻ ആശുപത്രിയിലെത്തിച്ചാൽ അതിജീവനം സാദ്ധ്യമാണ്.

ഡോ.ദിലീപ് രാമചന്ദ്രൻ
പ്രൊഫസർ, ന്യൂറോളജി, നോ‍ഡൽ ഓഫീസർ

സ്ട്രോക്ക് സെന്റർ ആൻഡ് സ്ട്രോക്ക് കാത്ത് ലാബ്
ഗവ.മെഡിക്കൽ കോളേജ് തിരുവനന്തപുരം. 96338 12501

English Summary

A Malayalam news article emphasizes the critical urgency of recognizing stroke symptoms using the FAST acronym (Face, Arm, Speech, Time) and seeking immediate medical treatment. Timely intervention is crucial to save lives and prevent permanent disability, as every minute counts. The piece also discusses effective treatments like thrombolysis, preventive measures, and government efforts to enhance stroke care facilities.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STROKE SYMPTOMS, STROKE WARNING SIGNS, പക്ഷാഘാതം ലക്ഷണങ്ങൾ, STROKE TREATMENT TIME, PAKSHAGHATHAM SYMPTOMS MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE