അതിസങ്കീർണങ്ങളായ പല ശാസ്‌ത്ര തത്വങ്ങളെയും എളുപ്പത്തിൽ മനസിലാക്കാൻ പലപ്പോഴും പരീക്ഷണ മാതൃകകൾ സഹായിക്കാറുണ്ട്. സ്‌കൂൾ പാഠപുസ്‌തകങ്ങളിൽനിന്നും മറ്റും ലഭിക്കുന്ന അത്തരം അറിവുകൾ സോഷ്യൽമീഡിയയിലൂടെ പങ്കുവയ്‌ക്കുകയാണ് ഒരു കൂട്ടം കുട്ടിശാസ്‌ത്രജ്ഞർ. ഇപ്പോഴിതാ, കൗതുകമുണർത്തുന്ന ഒരു പുത്തൻ പരീക്ഷണവുമായി എത്തിയിരിക്കുകയാണ് ആരാദ്യയെന്ന കൊച്ചുമിടുക്കി.
ഗ്ലൗസ് എക്‌സ്‌പിരിമെന്റ് എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു ഗ്ലാസിൽ കാൽ ഭാഗത്തോളം വിനാഗിരി, ഗ്ലൗസ്, സോഡാപ്പൊടി എന്നിവയാണ് പെൺകുട്ടി പരീക്ഷണത്തിന് ഉപയോഗിക്കുന്നത്. ആദ്യം ഗ്ലൗസിനുള്ളിലേക്ക് ഒരു സ്‌പൂൺ സോഡാപ്പൊടി ഇടുന്നു. ശേഷം വിനാഗിരി ഒഴിച്ചുവച്ച ഗ്ലാസിന്റെ വാ ഭാഗം ഗ്ലൗസിനുള്ളിലാക്കി സെലോടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചുവയ്‌ക്കുന്നു. പിന്നാലെ ഗ്ലൗസിനുള്ളിലെ സോഡാപ്പൊടി വിനാഗിരിയിലേക്ക് തട്ടിയിടേണ്ട താമസം ഗ്ലാസിനുള്ളിൽനിന്ന് നുരയും പതയും പൊന്തുകയും ഗ്ലൗസ് സ്വയം വീർത്തുവരികയും ചെയ്യുന്നു.
ഇതുകണ്ട് കുട്ടി അത്ഭുതപ്പെടുന്നതും വീഡിയോയിൽ കാണാം. നിരവധിപേരാണ് കുട്ടിക്ക് അഭിനന്ദനങ്ങളുമായെത്തുന്നത്. പരീക്ഷണങ്ങൾക്കുപുറമെ കുഞ്ഞൻമാജിക്കുകളും ക്രാഫ്‌റ്റ് വീഡിയോകളുമെല്ലാം ആരാദ്യ തന്റെ സോഷ്യൽ മീഡിയാ പേജിൽ പങ്കുവയ്‌ക്കാറുണ്ട്.
ആസിഡും (വിനാഗിരി) ബേസും (സോഡാപ്പൊടി) തമ്മിൽ രാസപ്രവർത്തനം നടക്കുന്നതിനാലാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. രാസപ്രവർത്തനത്തിന്റെ ഫലമായി പെട്ടെന്ന് കാർബൺ ഡയോക്‌സൈഡ് പുറംതള്ളുന്നതിനാലാണ് നുരയും പതയും ഉണ്ടാകുന്നതും ഗ്ലൗസ് വീർത്തുവരുന്നതും. അടുക്കളയിലെ അഴുക്കുകൾ വൃത്തിയാക്കാനും സ്‌കൂൾ സയൻസ് പ്രൊജക്‌ടുകളിൽ അഗ്നിപർവ്വത മാതൃകകൾ ഉണ്ടാക്കാനും ഈ രാസപ്രവർത്തനം വ്യാപകമായി ഉപയോഗിക്കാറുണ്ട്.
A young girl named Aradhya has gone viral with a simple science experiment using vinegar, baking soda, and a glove. The chemical reaction produces carbon dioxide, causing foam to form and the glove to inflate.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |