SignIn
Kerala Kaumudi Online
Saturday, 07 November 2026 12.52 AM IST

ജൽസയ്ക്ക് മുമ്പ് മൻസ,​ അമിതാഭ് ബച്ചന്റെ വസതിയുടെ പേരിന് പിന്നിലെ കൗതുകമിതാണ്

amitabh-bachan-

ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ മുംബയ് ജൂഹുവിലെ വസതിയായ ജൽസയുടെ പേരിന് പിന്നിൽ രസകരമായൊരു കഥയുണ്ട്. ഒരിക്കൽ വില്പന നടത്തിയ ശേഷം ഉയർന്ന വില നൽകി തിരിച്ചുവാങ്ങിയ ബംഗ്ലാവിന്റെ പഴയ പേര് മൻസ എന്നായിരുന്നു. പിന്നീട് ഈ വീടിന് ജൽസ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. ഈ കഥയിൽ മറ്റൊരു കൗതുകം കൂടിയുണ്ട്. വർഷങ്ങൾക്കുശേഷം ബച്ചൻ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു ബംഗ്ലാവിന് മൻസ എന്ന് പേരിടുകയും ചെയ്തു.

1982ൽ അമിതാഭ് ബച്ചൻ നായകനായെത്തിയ 'സത്തേ പേ സത്ത' എന്ന ചിത്രത്തിന്റെ കാലത്താണ് യഥാർത്ഥ മൻസയുടെ കഥ ആരംഭിക്കുന്നത്. എൻ.സി. സിപ്പി നിർമിച്ച ചിത്രം സംവിധാനം ചെയ്തത് അദ്ദേഹത്തിന്റെ ഇളയ മകൻ രാജ് സിപ്പിയായിരുന്നു. ചിത്രത്തിൽ അഭിനയിച്ചതിന് പ്രതിഫലമായി ഏകദേശം 10,000 ചതുരശ്ര അടി വിസ്തീർണമുള്ള ജൂഹുവിലെ ബംഗ്ലാവ് എൻ.സി. സിപ്പി അമിതാഭ് ബച്ചന് നൽകിയെന്നാണ് നിർമാതാവ് റോമു സിപ്പി പങ്കുവച്ച ഓർമ.

രാജ് സിപ്പിയുടെ സഹോദരനായ റോമു സിപ്പി 1980കളിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അന്ന് മൻസ എന്നായിരുന്നു ബംഗ്ലാവിന്റെ പേര്. പിന്നീട് ഈ വീടാണ് ജൽസയായി മാറിയത്.

മൻസ വിറ്റു, പിന്നീട് തിരിച്ചുവാങ്ങി

അമിതാഭ് ബച്ചൻ പിന്നീട് ഈ ബംഗ്ലാവ് വിൽക്കുകയായിരുന്നു. എന്നാൽ വീട് തിരിച്ചുവാങ്ങാൻ ബച്ചന്റെ ഭാര്യ ജയ ബച്ചൻ ആവശ്യപ്പെട്ടതോടെ ബംഗ്ലാവ് വീണ്ടും കുടുംബത്തിന്റെ ഉടമസ്ഥതയിലെത്തി. അന്നത്തെ വിപണിവിലയേക്കാൾ വളരെ ഉയർന്ന തുക നൽകിയാണ് അമിതാഭ് ബച്ചൻ പഴയ വീട് തിരിച്ചുവാങ്ങിയത്. പിന്നീട് വീടിന് ജൽസ എന്ന് പേരിടുകയും പുനർനിർമിക്കുകയും ചെയ്തു.

ഇന്ന് ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ താരവസതികളിലൊന്നാണ് ജൽസ. ഏകദേശം 100 കോടി രൂപയാണ് വീടിന്റെ മൂല്യമെന്നാണ് റിപ്പോർട്ടുകൾ. എല്ലാ ഞായറാഴ്ചയും വീടിന് മുന്നിലെത്തുന്ന ആരാധകരെ അമിതാഭ് ബച്ചൻ അഭിവാദ്യം ചെയ്യുന്നതും പതിവാണ്. വൈകിട്ട് അഞ്ചുമണിയോടെ താരത്തെ കാണാൻ നിരവധി ആരാധകരാണ് ഇവിടെ കാത്തുനിൽക്കാറുള്ളത്.

ബച്ചൻ കുടുംബത്തിന്റെ മറ്റ് വസതികൾ


മുംബയിലെ ജൂഹുവിലെ പാർലെ ഡെവലപ്‌മെന്റ് (ജെ.വി.പി.ഡി) മേഖലയിലാണ് ബച്ചൻ കുടുംബത്തിന്റെ മറ്റ് വസതികളും സ്ഥിതി ചെയ്യുന്നത്. ജൽസയ്ക്ക് ഒരു റോഡ് പിന്നിലായുള്ള ജനക് ആണ് കുടുംബത്തിന്റെ ഓഫീസായും അതിഥികളെ സ്വീകരിക്കാനുള്ള ഇടമായും ഉപയോഗിക്കുന്നത്.

ജൽസയ്ക്ക് തൊട്ടടുത്താണ് അമ്മു എന്ന മറ്റൊരു കെട്ടിടം. ഇതിന്റെ താഴത്തെ നില ഒരു ബാങ്കിന് വാടകയ്ക്ക് നൽകിയിരിക്കുകയാണ്. ഒന്നാം നില താമസത്തിനായി ഉപയോഗിക്കുന്നു.

2000കളിൽ സ്വന്തമാക്കിയ മറ്റൊരു ബംഗ്ലാവും ജൽസയ്ക്ക് പിന്നിലുണ്ട്. കുടുംബത്തിന്റെ സ്വകാര്യത ഉറപ്പാക്കുന്നതിനൊപ്പം സ്വകാര്യ ആഘോഷങ്ങൾക്കും വിനോദത്തിനുമായി ഈ വീടിന്റെ വിശാലമായ മുറ്റവും പുൽത്തകിടിയും ഉപയോഗിക്കുന്നു.

ഈ ബംഗ്ലാവിന് മുമ്പ് മറ്റൊരു പേരായിരുന്നു. പിന്നീട് കുടുംബം മൻസ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. അതായത്, പഴയ മൻസ ജൽസയായി മാറിയപ്പോൾ ആ പേര് വർഷങ്ങൾക്കുശേഷം ബച്ചൻ കുടുംബത്തിന്റെ മറ്റൊരു വസതിയിലൂടെ വീണ്ടും തിരിച്ചെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MY HOME, AMITABH BACHCHAN, BACHAN HOUSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE