കേരള സായുധ വനിതാ പൊലീസ് ബറ്റാലിയനിലെ പൊലീസ് കോൺസ്റ്റബിളായിരുന്ന അനു ടി. സാബു എവറസ്റ്റ് ബേസ് ക്യാമ്പിൽ നിന്ന് മടങ്ങിയെത്തിയിട്ട് ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. ദിവസവും അനുവിന്റെ വാക്കുകളിൽ ഹിമാലയത്തിന്റെ തണുപ്പും ഉറയാത്ത ഓർമകളും നിറഞ്ഞുനിൽക്കാറുണ്ട്. ഇതിനിടെ ഓക്‌സിജൻ കുറഞ്ഞ വായുവും അലച്ചിലും മൂലമുള്ള യാത്രാക്ഷീണം ആരോഗ്യത്തെ ബാധിച്ചു. ആശുപത്രിയിൽ ചികിത്സ തേടേണ്ടിയുംവന്നു. ഒരുമാസത്തോളം നീണ്ട ചുമയും തൊണ്ടയിലെ അസ്വസ്ഥതയും ആ യാത്ര എത്ര കഠിനമായിരുന്നെന്ന് ഞങ്ങൾ സഹ പ്രവർത്തകരെ ഓർമിപ്പിച്ചുകൊണ്ടേയിരുന്നു.
ചില യാത്രകൾ അങ്ങനെയാണ്. ശരീരത്തെ തളർത്തും, പക്ഷേ മനസിനെ കൂടുതൽ ഉറപ്പുള്ളതാക്കും. പുലരിയുടെ ആദ്യപ്രകാശം മഹാ പർവതത്തിന്റെ വെള്ളിമുടിയിൽ പതിയുമ്പോൾ, ആകാശം ഭൂമിയോടു മിണ്ടാതൊരു പ്രാർത്ഥന ചൊല്ലുന്നതു പോലെ തോന്നും. മഞ്ഞുപാളികളിൽ തട്ടി മടങ്ങുന്ന സൂര്യകിരണങ്ങൾ പ്രകൃതിയുടെ ഏറ്റവും വിശുദ്ധമായ ദീപാരാധനയാണത്രെ. അനേകായിരം വർഷങ്ങളായി ഭൂമിയുടെ നെറുകയായി നിൽക്കുന്ന ആ മഹാപർവ്വത നിരയ്ക്ക് മനുഷ്യന്റെ ഭാഷ അറിയില്ല.
അതിജീവനത്തിന്റെ ഭാഷ നന്നായറിയും. ബേസ് ക്യാമ്പിൽ നിന്ന് കൊണ്ട് ഹിമാലയത്തെ നോക്കുമ്പോൾ ഇങ്ങനെ തോന്നുമത്രേ! അനു, എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയപ്പോൾ ഒരു ലക്ഷ്യം പൂർത്തിയാക്കിയതല്ല. മറിച്ച്, മറ്റൊരു വലിയ സ്വപ്നത്തിലേയ്ക്കുള്ള ആദ്യ ചുവടുവയ്പ്പു നടത്തുകയായിരുന്നു. എവറസ്റ്റിന്റെ നെറുകയിൽ ഒരുനാൾ, ദേശീയ പതാകയ്‌ക്കൊപ്പം, പൊലീസിന്റെ പെൺകരുത്ത് ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയിൽ അടയാളപ്പെടുത്തുകയെന്ന സ്വപ്നത്തിലേയ്ക്കുള്ള യാത്രയ്ക്കാണ് ഇനി മനസൊരുങ്ങുന്നത്.
ചിലർ അങ്ങനെയാണ്. പൗലോ കൊയ്‌ലോയുടെ ആൽക്കമിസ്റ്റ് വായിക്കാതെയും ജീവിതം കൊണ്ട് ആൽക്കെമിസ്റ്റുകളാകുന്നവർ. അവർ സാധാരണ ദിവസങ്ങളെ അസാധാരണ യാത്രകളാക്കി മാറ്റുന്നു. വർഷങ്ങൾക്കുമുമ്പ് ടെലിവിഷനിൽ കണ്ട സഞ്ചാരം പരിപാടിയാണ് യാത്രകളോട് ആദ്യം കൗതുകം ജനിപ്പിച്ചത്. പിന്നീട് യാത്രാവിവരണങ്ങൾ വായിക്കുന്നത് അനുവിന് ശീലമായി. ഒരോ പുസ്കതകവും പുതിയ ദേശങ്ങളെ പരിചയപ്പെടുത്തി. ഒരോ യാത്രാകുറിപ്പും ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളുടെ കണ്ണിലൂടെ കാണാൻ പഠിപ്പിച്ചു. അപ്പോഴൊന്നും ഹിമാലയം ഒരു ലക്ഷ്യമായിരുന്നില്ല.
പൊലീസ് ഉദ്യോഗത്തിലെ തിരക്കും ഉത്തരവാദിത്തങ്ങളും ഒരിക്കലും പിന്തിരിപ്പിച്ചില്ല. പല കടമ്പകളും കടക്കേണ്ടി വന്നു. യാത്രയ്ക്ക് മുന്നോടിയായി തയ്യാറെടുപ്പുകൾ, പരിശീലനം, സാമ്പത്തിക ക്രമീകരണങ്ങൾ എന്നിവയ്‌ക്കൊപ്പം ഔദ്യോഗിക നടപടിക്രമങ്ങളും പൂർത്തിയക്കേണ്ടതുണ്ട്. ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള അനുമതിയും അവധിയും ലഭിക്കുമോ എന്ന ആശങ്കയും ഒരു ഘട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ മേലുദ്യോഗസ്ഥരുടെ പിന്തുണയും പ്രോത്സാഹനവും ആശങ്കകൾക്ക് വിരാമമിട്ടു. അവരുടെ പ്രോത്സാഹനമാണ് യാത്ര ആത്മവിശ്വാസത്തോടെ തുടരാൻ കരുത്തായത്. ജോലി, കുടുംബം, പരിശീലനം, യാത്ര ഇവയെല്ലാം ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാൻ അത് നിർണായകമായി.
ബേസ് ക്യാമ്പ് സ്വപ്നത്തിന് പ്രചോദനമായത് പ്രമുഖ മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാനെ പരിചയപ്പെട്ടതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഉയരങ്ങൾ കീഴടക്കിയ അദ്ദേഹത്തിന്റെ അനുഭവങ്ങൾ ആത്മവിശ്വാസം നൽകി. പരിശീലനം, തയ്യാറെടുപ്പ് എന്നിവ മനസിലാക്കി. സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പിൽ അസി.സെക്ഷൻ ഓഫീസറായി സേവനമനുഷ്ടിക്കുന്ന അദ്ദേഹം, ലോകത്തിലെ ഏഴ് ഭൂഖണ്ഡങ്ങളിലേയും ഏറ്റവും ഉയരം കൂടിയ കൊടുമുടികളിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തുകയെന്ന മഹത്തായ ലക്ഷ്യത്തോടെ 'ഹർ ദേശ് തിരംഗ'' എന്ന ദൗത്യത്തിന് നേതൃത്വം നൽകുകയാണ്. അദ്ദേഹഹമേകിയ ആത്മവിശ്വാസം കരുത്താക്കി, ലക്ഷ്യസ്ഥാനത്തേക്ക് എത്തിയതെന്ന് അനു പറയുന്നു.
നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 138 കിലോമീറ്റർ ആകലെയുള്ള ലുക്ല എന്ന ചെറു വിമാനത്താവളത്തിൽ നിന്നാണ് യാത്ര ആരംഭിച്ചത്. ഭൂമിയിലെ ഏറ്റവും അപകടകരമായ വിമാനത്താവളങ്ങളിലൊന്നായി അറിയപ്പെടുന്ന ലുക്ലയിൽ വിമാനം ഇറങ്ങുമ്പോൾ യാത്രക്കാരൻ പ്രകൃതിയുടെ നിയമങ്ങൾക്ക് കീഴടങ്ങുകയാണ്. അതിനുശേഷം ദിവസങ്ങളോളം നീളുന്ന കാൽനട യാത്ര. ''താഴെ ഉരുകിയ മഞ്ഞിന്റെ ഗർജനം. മുകളിൽ നിശബ്ദമായി തൂങ്ങി നിൽക്കുന്ന ഹിമാനികൾ. വശത്ത് വലിയ കൊക്ക. ആകാശത്തെ തൊടുന്ന പാറ മതിലുകൾക്ക് ഇടയിൽ ഒരാൾക്ക് മാത്രം നടക്കാവുന്ന മലമ്പാത. ഒരോ ചുവടും സൂക്ഷിച്ച് വയ്‌ക്കണം.
ഉയരം കൂടുന്തോറും ശരീരത്തിനു ലഭിക്കേണ്ട ഓക്സിജൻ കുറയുന്നു. സാധാരണ സ്ഥലത്ത് അറിയാത്ത ഹൃദയമിടിപ്പ് പോലും ഇവിടെ ചെവികളിൽ മുഴങ്ങും. അത് ചിലപ്പോൾ മരണം മുന്നിലുണ്ടെന്ന സൈറൺ പോലെ. പത്ത് ചുവടുകൾ നടക്കാൻ പത്ത് ശ്വാസങ്ങൾ വേണം. നിൽക്കുമ്പോൾ ശരീരം വിശ്രമം ചോദിക്കും നടക്കുമ്പോൾ മനസ് തിരികെ പോകാം എന്ന് പറയും. അപ്പോഴാണ് യഥാർത്ഥ യാത്ര തുടങ്ങുന്നത്, ശരീരത്തിന്റെയല്ല മനസിന്റെ യാത്ര.
പകൽ സൂര്യൻ തെളിഞ്ഞുനിൽക്കുമ്പോളും തണുപ്പ് അസ്ഥികളെ കുത്തിനോവിക്കും. വൈകിട്ടോടെ കാറ്റിന്റെ സ്വരം മാറി. മഞ്ഞുപൊടികൾ പാറിച്ചു. ഒരു നിമിഷം മുമ്പ് തെളിഞ്ഞുനിന്ന മലനിരകൾ അടുത്ത നിമിഷം മേഘങ്ങളുടെ മറവിൽ അപ്രത്യക്ഷമായി. പ്രകൃതി അവിടെ ഒരോ നിമിഷവും പറയുന്നത് ഒരേയൊരു സത്യം'' അനു വിവരിക്കുമ്പോൾ ഞങ്ങളുടെ മുന്നിൽ കാഴ്ചകൾ മിന്നി മാഞ്ഞു.
കമ്പ്യൂട്ടർ എൻജിനിയറിംഗ് ബിരുദ ധാരിയാണ് അനു. മകളും ഭർത്താവും അടങ്ങുന്ന കുടുംബം. സർവീസിൽ ഇരിക്കെ അച്ഛൻ മരണപ്പെട്ടതും അനിയത്തിയുടെ അകാല മരണവും നീറ്റലാണ്. കഠിനമായ ജീവിതാനുഭവങ്ങളുടെ കരുത്തിലാണ് ഏത് പ്രതിസന്ധിയെയും ധൈര്യത്തോടെ നേരിടാനിറങ്ങിയത്. ഇനി അനുവിന്റെ ലക്ഷ്യം എവറസ്റ്റ് കൊടുമുടിയാണ്.
അതിനുമുമ്പ് ദേശീയ അന്തർദേശീയ നിലവാരത്തിലുള്ള മൗണ്ടനിയറിംഗ് പരിശീലനവും പ്രത്യേക കോഴ്സുകളും പൂർത്തിയാക്കണം. അതിന് വലിയ സാമ്പത്തിക ചെലവും ആവശ്യമാണ്. പക്ഷേ സ്വപ്നങ്ങൾ പലപ്പോഴും പണത്തിന്റെ കണക്കുകൂട്ടലുകളെക്കാൾ വലുതാണ്. സംസാരത്തിനിടെ അനു ഒരു കാര്യം പറഞ്ഞു. ''എന്റെ മകൾ ജീവിതത്തിൽ എന്ത് തിരഞ്ഞെടുത്താലും അത് ധൈര്യത്തോടെ ചെയ്യണം. ഭയന്ന് ഒരു സ്വപ്നവും ഉപേക്ഷിക്കരുത്'' ആ വാക്കുകളാകാം ഈ യാത്രയുടെ യഥാർത്ഥ അർത്ഥം.
ബേസ് ക്യാമ്പിൽ എത്തിയത് ഒരു വ്യക്തിയുടെ നേട്ടമായി മാത്രം കണേണ്ടതില്ല. ഒരു സാധാരണ കുടുംബത്തിൽ വളർന്ന, ദിവസവും യൂണിഫോം ധരിച്ച് ജോലിക്ക് പോകുന്ന ഒരു വനിതാ പൊലീസ് കോൺസ്റ്റബിളും വലിയ സ്വപ്നങ്ങൾ കാണാമെന്നും, അവയ്ക്കുവേണ്ടി അദ്ധ്വാനിക്കാമെന്നും ഓർമ്മപ്പെടുത്തുന്നു. ആംഡ് ബെറ്റാലിയനിൽ നിന്ന് അനു ഇപ്പോൾ തൃശൂർ മണ്ണുത്തി പൊലീസ് സ്റ്റേഷനിലേയ്ക്ക് സ്ഥലം മാറിയെങ്കിലും സ്വപ്നം മാത്രം മാറിയിട്ടില്ല!
(കേരള സായുധ വനിതാ പൊലീസ് ബറ്റാലിയനിൽ സബ് ഇൻസ്പെക്ടറാണ് ലേഖകനായ വിവേക് വിജയൻ)
Anu T. Sabu, a former police constable with the Kerala Armed Women Police Battalion, returned from the Everest Base Camp trek a few days ago. The demanding journey left her suffering from travel fatigue due to low oxygen levels and physical exertion. She required hospital treatment for a persistent cough and throat discomfort that lasted nearly a month.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |