SignIn
Kerala Kaumudi Online
Friday, 17 July 2026 8.31 PM IST

സ്വകാര്യതയ്ക്ക് തിരിച്ചടി: ഇൻസ്റ്റഗ്രാം എൻക്രിപ്ഷൻ സേവനം പിൻവലിക്കും, സന്ദേശങ്ങൾ ചോർന്നേക്കുമെന്ന് മുന്നറിയിപ്പ്

instagram-

ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ സ്വകാര്യതയെ സംബന്ധിച്ച് ആശങ്കയുണർത്തുന്ന നിർണായക നീക്കവുമായി മെറ്റ. ഇൻസ്റ്റഗ്രാമിലെ സുരക്ഷാ കവചമായിരുന്ന എൻഡ്‌-ടു-എൻഡ് എൻക്രിപ്ഷൻ സേവനം അടുത്ത മാസം മേയ് എട്ടിന് നിർത്തലാക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഉപയോക്താക്കളുടെ സന്ദേശങ്ങൾ അതീവ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന ഫീച്ചറാണ് ഇതോടെ ഇല്ലാതാകുന്നത്.


നിലവിൽ ചാറ്റുകൾക്ക് സുരക്ഷ നൽകുന്ന എൻക്രിപ്ഷൻ സംവിധാനം മേയ് എട്ടിന് ശേഷം ലഭ്യമാകില്ല.
എൻക്രിപ്ഷൻ ഒഴിവാകുന്നതോടെ സന്ദേശങ്ങൾ മൂന്നാമതൊരാൾ ചോർത്താനോ കമ്പനിക്ക് തന്നെ പരിശോധിക്കാനോ സാധിക്കുമെന്നാണ് വിലയിരുത്തൽ.സന്ദേശങ്ങളുടെ സുരക്ഷിതത്വം ആഗ്രഹിക്കുന്നവർ വാട്സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കേണ്ടി വരും. 2023 ഡിസംബറിൽ അവതരിപ്പിച്ച ഈ ഫീച്ചർ പെട്ടെന്ന് പിൻവലിക്കാനുള്ള തീരുമാനം ഇൻസ്റ്റഗ്രാം ഉപയോക്താക്കളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതീവ സ്വകാര്യമായ വിവരങ്ങൾ കൈമാറുന്നവർ ഇനി മുതൽ ജാഗ്രത പാലിക്കണം.


സന്ദേശങ്ങൾ അയക്കുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കും മാത്രം വായിക്കാൻ കഴിയുന്ന രീതിയിൽ കോഡുകളായി മാറ്റുന്ന സാങ്കേതിക വിദ്യയാണ് എൻഡ്‌-ടു-എൻഡ് എൻക്രിപ്ഷൻ. ഈ സംവിധാനം എടുത്തുമാറ്റുന്നതോടെ, സന്ദേശങ്ങളുടെ ഉള്ളടക്കം കമ്പനിയുടെ നിരീക്ഷണത്തിലാകാൻ സാദ്ധ്യതയുണ്ടെന്നാണ് സാങ്കേതിക വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. വാട്‌സാപ്പിൽ ഈ സേവനം തുടരുമെങ്കിലും ഇൻസ്റ്റഗ്രാമിലെ മാറ്റം വലിയൊരു വിഭാഗം ഉപയോക്താക്കളെ ബാധിക്കും. സ്വകാര്യ ചാറ്റുകൾ സുരക്ഷിതമാക്കാൻ മേയ് എട്ടിന് മുൻപായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഇൻസ്റ്റഗ്രാം തന്നെ ഉപയോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INSTAGARAM, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY